പത്രപ്രവർത്തകൻ
സി എച്ച്. മുഹമ്മദ് കോയ സാഹിബ്, രാഷ്ട്രീയ പ്രവർത്തകനായിരുന്നില്ല എങ്കിൽ മികച്ച പത്രപ്രവർത്തകനോ എണ്ണം പറഞ്ഞ സാഹിത്യകാരനോ ആകുമായിരുന്നുവെന്ന് പലരും പറയാറുണ്ട്. എന്നാൽ സജീവ രാഷ്ടീയക്കാരനാണെങ്കിലും മേൽപ്പറഞ്ഞ മേഖലകളിലൊക്കെ ശക്തമായ കയ്യൊപ്പ് ചാർത്താൻ അദ്ദേഹത്തിനായിട്ടുണ്ട്. മനുഷ്യ മനസ്സിൻ്റെ ആകുലതകളും ആത്മനൊമ്പരവും അടുത്തറിയാൻ സാധിക്കുന്ന മേഖലലയാണ് രാഷ്ടീയം. സാധാരണക്കാരൻ്റെ അപരിഹാര്യമായിക്കിടക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾക്ക് സാധ്യമായത് ചെയ്യാൻ സി.എച്ചിനായി എന്നത് അവിതർക്കിതമാണ്.
ഭരണ രംഗത്ത് പ്രവർത്തിക്കുന്നയാൾ പത്രപ്രവർത്തനാവുക എന്നത് അൽപ്പം ശ്രമകരമാണ്. കാരണം രണ്ട് മേഖലകളും ദൈനംദിന ഇടപെടലുകൾ നടത്തേണ്ടവയാണ്. താരതമ്യേന ചെറിയൊരു പാർടിയാണ് മുസ്ലിം ലീഗ്. അതിൻ്റെ മുഖപത്രമായ ‘ചന്ദ്രിക’യുടെ കാര്യവും അങ്ങിനെ തന്നെയാണ്. എന്നാൽ സി.എച്ച്. എന്ന വലിയ മനുഷ്യൻ്റെ കരവിരുതിൽ അതിരുകൾക്കപ്പുറവും രണ്ട് പ്രസ്ഥാനങ്ങളുടെയും പ്രശാഭിതമായ പ്രയാണങ്ങളുണ്ടായി എന്നത് എടുത്തു പറയേണ്ടതാണ്.
സി.എച്ച്. നന്നേ ചെറുപ്പം മുതൽ തന്നെ ‘ചന്ദ്രിക’യുടെ പത്രാധിപരായിരുന്നു. തെരെഞ്ഞെടുപ്പിൽ ജയിക്കുമ്പോഴും മന്ത്രി സ്ഥാനത്തിരിക്കുമ്പൊഴും അദ്ദേഹത്തിൻ്റെ ഉള്ളിലെ പത്രപ്രവർത്തകൻ്റെ മനസ്സ് അൽപ്പം പോലും പിന്നോട്ട് പോയിട്ടുണ്ടായിരുന്നില്ല. പരാധീനതകൾ ഏറെ ഉണ്ടെങ്കിലും ഒരു പത്രാധിപർ എന്ന നിലയിൽ ‘ചന്ദ്രിക’യെ പുഷ്ടിപ്പെടുത്താനുള്ള വിഭവങ്ങൾ കണ്ടെത്താൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ വാക്കുകൾക്കതീതമാണ്.
പ്രമുഖ എഴുത്തുകാരനും സിവിൽ സർവ്വീസ് ഉദ്യാഗസ്ഥനുമായിരുന്ന ടി.എൻ. ജയചന്ദ്രൻ ഒരു സംഭവം പറയുന്നത് ഇങ്ങിനെയാണ്. ” 1971 ൽ ഒരു ദിവസം രാവിലെ 9 മണിക്ക് ഒരു പച്ച നിറത്തിലുള്ള കാർ ഞാൻ താമസിക്കുന്ന ക്വാർട്ടേഴ്സിന് മുന്നിൽ വന്നു നിന്നു. ഞാൻ വാതിൽ തുറന്ന് നോക്കിയപ്പോൾ പുഞ്ചിരിച്ചു കൊണ്ട് സി.എച്ച്. മുഹമ്മദ് കോയ വാതിൽക്കൽ നിൽക്കുന്നു. അന്ന് അദ്ദേഹം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു. ഞാൻ ആദരപൂർവ്വം അദ്ദേഹത്തെ സ്വീകരിച്ചു. അന്ന് ഞാൻ വ്യവസായ വകുപ്പ് ഡയറക്ടറാണ്.
അദ്ദേഹം എന്നോട് പറഞ്ഞു. ഞാനൊരു സഹായം ചോദിക്കാൻ വന്നതാണ്, ഞങ്ങൾക്കൊരു വാരിക ഉള്ളതറിയാമല്ലോ? ‘ചന്ദ്രിക’. അതിൻ്റെ ഉള്ളടക്കം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞാനിപ്പോൾ. ജയചന്ദ്രനൊന്ന് സഹായിക്കണം. ഇടക്കിടെ ലേഖനങ്ങൾ എഴുതണം.
ഇതിനാണോ സാർ ഇങ്ങോട്ട് വന്നത്, ഒന്ന് ഫോൺ ചെയ്താൽ ഞാൻ അങ്ങോട്ട് വരുമായിരുന്നല്ലോ.
ഉടൻ വന്നു സി.എച്ചിൻ്റെ മറുപടി. ഇത് മന്ത്രിയും വകുപ്പ് സെക്രട്ടരിയും തമ്മിലുള്ള കാര്യമല്ല, പ്രസാധകനും എഴുത്തുകാരനും തമ്മിലുള്ളതാണ്.”
സി.എച്ച്. എന്ന പത്രാധിപൻ്റെ ഉന്നതമായ ഉത്തരവാദിത്വ ബോധത്തിൻ്റെ അനേകം ഉദാഹരണങ്ങളിൽ ഒന്നായിരുന്നു ഇത്.
സി.എച്ചിൻ്റെ ‘ചന്ദ്രിക’ യുടെ വിഷയത്തിലുള്ള മറ്റൊരു സംഭവം ഡോ: എം.എം. ബഷീർ വിവരിക്കുന്നത് ഇപ്രകാരമാണ്.
” വളരെ നാളുകൾക്ക് ശേഷമാണ് ഞാൻ സി.എച്ചിനെ നേരിൽ പരിചയപ്പെട്ടത്. ചിരപരിചിതനെ പോലെ അദ്ദേഹം എന്നോട് സംസാരിച്ചു. വീട്ടുകാര്യങ്ങൾ പോലും അദ്ദേഹത്തിന് അറിയാമെന്ന് എനിക്ക് തോന്നി. കുമാരനാശാനെ കുറിച്ച് ഞാൻ ചെയ്തു കൊണ്ടിരിക്കുന്ന ഗവേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് അദ്ദേഹം അറിയിച്ചു. പിരിയുമ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, നിങ്ങളാരും ‘ചന്ദ്രിക’യിൽ എഴുതുന്നില്ല. മറ്റു പ്രസിദ്ധീകരണങ്ങൾ നൽകുന്നത്ര പണം നൽകാൻ ‘ചന്ദ്രിക’ക്ക് സാമ്പത്തിക ശേഷിയില്ല. ഉണ്ടാകുമ്പോൾ തരാം. ബഷീർ എന്തെങ്കിലും എഴുതിക്കൊടുക്കണം.
അദ്ദേഹത്തിൻ്റെ വാക്കുകൾ എൻ്റെ മനസിൽ തട്ടി. അങ്ങനെ ‘ചന്ദ്രിക’ ആഴ്ചപ്പതിപ്പിൽ ‘വീക്ഷണം’ എന്ന പേരിൽ ഒരു പംക്തി ഞാൻ എഴുതിത്തുടങ്ങി. പ്രതിമാസം 15 രൂപയായിരുന്നു വേതനം. ഇടക്കൊരിക്കൽ ഞാൻ സി.എച്ചിനെ കണ്ടപ്പോൾ എഴുത്തിനെ കുറിച്ച് സംസാരിച്ചു. താങ്കളോടുള്ള സ്നേഹം കൊണ്ടാണ് ഞാൻ എഴുതുന്നത്, അല്ലാതെ ശമ്പളം പ്രതീക്ഷിച്ചല്ല എന്ന് ഞാൻ പറഞ്ഞു. എന്നാൽ അടുത്ത മാസം മുതൽ ശമ്പളം ഇരട്ടിയായി വന്നു എന്നതാണ് യാഥാർത്ഥ്യം.”
സി.എച്ച്. മന്ത്രിയായപ്പോൾ സാഹിത്യകാരന്മാരോട് എന്ന പോലെ അവശ കലാകാരന്മാരുടെ അഭിവൃദ്ധിക്കും വേണ്ടി ഒരു പാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പ്രമുഖ സാഹിത്യകാരനും ഞങ്ങളുടെ നാട്ടുകാരനു (പയ്യന്നൂർ)മായ സി.പി. ശ്രീധരൻ എഴുതിയതിങ്ങിനെയാണ്. “ഒരിക്കൽ കായംകുളത്തുകാരനായ ഒരാൾ അവശകലാകാരനുള്ള ഒരു സഹായത്തിനായി സി.എച്ചിനെ സമീപിച്ചു. അദ്ദേഹം ഒരു മുസ്ലിമായിരുന്നു. പക്ഷെ, സി.എച്ച്. ഒരു കുറിപ്പുമായി എൻ്റെ അടുത്തേക്കയച്ചു. ‘എനിക്ക് ഇദ്ദേഹത്തിന് ഒരിറ്റ് കണ്ണീര് കൊടുക്കാനേ കഴിയൂ, സി.പി.ക്കോ?’ ആ കുറിപ്പിലുള്ള വാചകമിതായിരുന്നു. ഞാൻ അദ്ദേഹത്തിന് സാധ്യമായ സഹായങ്ങൾ ചെയ്തു കൊടുത്തു. മറ്റൊരിക്കൽ ക്ഷയരോഗിയും പ്രശസ്ത തുള്ളൽക്കാരനുമായ ഒരാൾ സി.എച്ചിനെ സമീപിച്ചു. സി.എച്ച്. അദ്ദേഹത്തെ അടുത്തിരുത്തി തുള്ളലിനെ കുറിച്ച് ധാരാളം ചോദിച്ചറിഞ്ഞ ശേഷം എന്നെ വിളിച്ചു. ‘ഇന്നയാൾ ഇവിടെ വന്നിട്ടുണ്ട്, എന്തെങ്കിലും ചെയ്തു കൊടുത്തേ തീരൂ.’ സി.എച്ചിൻ്റെ വാക്കുകളിലെ ആത്മാർത്ഥതയിൽ ഞാൻ വഴി പറഞ്ഞു കൊടുത്തു. അദ്ദേഹത്തിന് ഒരു അവാർഡും രണ്ടായിരം രൂപയും നൽകി.”
സി.എച്ച്. അപൂർവ്വമായി മാത്രമേ പത്രക്കാരെ കാണാറുള്ളൂവെന്നാണ് പറയപ്പെടുന്നത്. സി.എച്ച്. പത്രസമ്മേളനം വിളിക്കുന്നു എന്ന് കേട്ടാൽ മാധ്യമ പ്രവർത്തകർക്ക് ഏറെ ആഹ്ളാദമായിരിക്കും. പതിവായി കേൾക്കുന്ന വർത്തമാനങ്ങളിൽ നിന്ന് വിഭിന്നമായി പുതിയ വല്ലതും ലഭിക്കും എന്ന പ്രതീക്ഷ അവർക്കുണ്ടാവും. സി.എച്ചിൻ്റെ ബ്രീഫിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയാൽ പത്രലേഖകർക്ക് ധാരാളം വിഷയങ്ങളുണ്ടാവും. മുഖ്യ വാർത്തയെ കൂടാതെ ഉപവാർത്തകളും പെട്ടിക്കോളങ്ങളും മാത്രമല്ല, പൊട്ടിച്ചിരിക്കാനുള്ള വകയും വായനക്കാർക്ക് നൽകാൻ സാധിക്കും.
സി.എച്ച്. തിരക്കു പിടിച്ച പൊതു പ്രവർത്തനത്തിനിടയിലും ‘ചന്ദ്രിക’യിലേക്ക് മുഖപ്രസംഗം തയ്യാറാക്കാൻ സമയം കണ്ടെത്തിയിരുന്നു. പലപ്പോഴും വലിയ സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോഴായിരിക്കും എഴുതുക. സി.എച്ച്. എഴുതിക്കൊണ്ടിരിക്കുകയാണെങ്കിലും അടുത്ത് നടക്കുന്ന കാര്യങ്ങളെല്ലാം അദ്ദേഹം അറിയും. സി.എച്ചിനോട് വല്ല കാര്യങ്ങളും ചോദിച്ചാൽ എഴുതിക്കൊണ്ട് തന്നെ മറുപടി പറയും. തങ്ങൾ പറയുന്നത് ശ്രദ്ധിക്കുന്നില്ലേ എന്ന പരിഭവം ചിലർക്കെങ്കിലും ഉണ്ടാവും. എന്നാൽ സി.എച്ച്. എല്ലാം ശ്രദ്ധാപൂർവ്വം കേൾക്കുന്നുണ്ടാവും. ഒരിക്കൽ മുസ്ലിം ലീഗിൻ്റെ ഒരു പൊതുയോഗത്തിൽ സി.എച്ചിൻ്റെ പ്രസംഗത്തിന് മുമ്പെ പ്രസംഗിച്ചയാൾ സഭ്യമല്ലാത്ത എന്തോ പ്രയോഗം നടത്തി.സി.എച്ച്. ആ സമയം സ്റ്റേജിലിരുന്നു ‘ചന്ദ്രിക’ കക്ക് വേണ്ടി എഴുതുകയായിരുന്നു. പക്ഷെ സി.എച്ചിൻ്റെ ശ്രദ്ധയിൽ അയാളുടെ പ്രസംഗ ഭാഗം പെട്ടു. ഉടനെ തെറ്റ് തിരുത്താനും പ്രസംഗം നിർത്താനും സി.എച്ച്. ആവശ്യപ്പെട്ടു… (തുടരും)
[ഭാഗം – 10, നാളെ]
✒️U.k. Muhammed Kunhi