ഇന്ത്യയിലെ യൂട്ടിലിറ്റി വാഹനങ്ങളുടെ അവസാനവാക്കായി മാറുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ബൊലേറോയില്‍ നിന്നും തുടങ്ങുന്ന ശ്രേണി XU700 വരെ എത്തി നില്‍ക്കുമ്ബോള്‍ പണംവാരുന്നത് കണ്ട് എതിരാളികള്‍ അസൂയപ്പെടുകയും ചെയ്യുന്നു.
ശരിക്കും ബ്രാൻഡിന്റെ പുതുതലമുറ വാഹനങ്ങള്‍ വിപണിയില്‍ തീർക്കുന്നത് വിസ്‌മയം തന്നെയാണ്. സേഫ്റ്റിയും ആധുനിക ഫീച്ചറുകളും ഒന്നിച്ച് നല്‍കുന്നതിനൊപ്പം ആദ്യ കാഴ്ച്ചയില്‍ തന്നെ ആരേയും മോഹിപ്പിക്കുന്ന അഴകും മഹീന്ദ്ര മോഡലുകളുടെ ഇപ്പോഴത്തെ പ്രത്യേകതകളാണ്. ഥാർ, സ്കോർപിയോ N, XUV700, ഥാർ റോക്‌സ് എന്നിവരെല്ലാം ട്രെൻഡായപ്പോള്‍ പുതിയ XUV 3XO എന്ന കുഞ്ഞൻ എസ്‌യുവിയേയും ഇന്ത്യക്കാർ നെഞ്ചിലേറ്റുകയുണ്ടായി.
അടിസ്ഥാനപരമായി XUV300 കോംപാക്‌ട് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് XUV 3XO മോഡല്‍ എങ്കിലും മുൻഗാമിക്ക് കിട്ടാത്ത സ്വീകാര്യതയാണ് ഈ മിടുക്കൻ പുത്തൻ പരിഷ്ക്കാരങ്ങളിലൂടെ നേടിയെടുത്തത്. ബുക്കിംഗ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ 50,000 യൂണിറ്റുകളുടെ പ്രീ-ബുക്കിംഗ് നേടാനും മോഡലിനായി. ബുക്കിംഗിൻ്റെ 70 ശതമാനവും പെട്രോള്‍ വേരിയൻ്റുകള്‍ക്ക് വേണ്ടിയായിരുന്നുവെന്നതും ശ്രദ്ധേയമായി.
മെയ് അവസാനത്തോടെ രാജ്യവ്യാപകമായി 1,500 യൂണിറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറിക്കൊണ്ടാണ് കമ്ബനിയുടെ കുഞ്ഞൻ എസ്‌യുവിവിയുടെ ഡെലിവറിക്ക് തുടക്കം കുറിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്ന ടോപ്പ് 10 എസ്‌യുവിയുടെ പട്ടികയിലേക്ക് വരെ കയറിയെത്താൻ മഹീന്ദ്ര XUV 3XO മോഡലിനായി എന്നതും എടുത്തു പറയേണ്ട കാര്യമാണ്. വില്‍പ്പന ആരംഭിച്ച ആദ്യ മാസത്തില്‍ 10,000 യൂണിറ്റുകള്‍ വിറ്റപ്പോള്‍ തന്നെ എതിരാളികള്‍ക്ക് ചിത്രം തെളിഞ്ഞു.
പിന്നീട് തുടർന്നുള്ള മാസങ്ങളില്‍ കോംപാക്‌ട് എസ്‌യുവിക്ക് ഈ വേഗത നിലനിർത്താനായതും മഹീന്ദ്രയ്ക്ക് കരുത്തായിട്ടുണ്ട്. ജൂലൈയില്‍ 10,000 യൂണിറ്റുകളായിരുന്നു കമ്ബനി വിപണനം ചെയ്‌തത്. 2024 ഓഗസ്റ്റില്‍ XUV 3XO വാഹനം വാങ്ങാനെത്തിയത് 9,000 പേരാണ്. കഴിഞ്ഞ വർഷം ഇതേ മാസത്തില്‍ വിറ്റ 4,992 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ കണക്കുകള്‍ ഏതാണ്ട് ഇരട്ടിയിലധികമാണ്.
MX1, MX2, MX2 പ്രോ, MX3, MX3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നീ വേരിയന്റുകളിലാണ് XUV3XO വിപണനം ചെയ്യുന്നത്. ഇതില്‍ MX3 പ്രോയാണ് വാല്യു ഫോർ മണി വേരിയന്റായി കണക്കാക്കുന്നതെങ്കിലും കൂടുതല്‍ ഗംഭീരമായ മോഡേണ്‍ ഫീച്ചറുകള്‍ വേണമെന്നുള്ളവർക്കിടയില്‍ ജനപ്രിയമായത് AX5, AX5 ലക്ഷ്വറി വേരിയൻ്റുകളാണ്. 7.49 ലക്ഷം മുതല്‍ 15.49 ലക്ഷം രൂപ വരെയാണ് XUV 3XO പതിപ്പിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
1.2 ലിറ്റർ പെട്രോള്‍, 1.2 ലിറ്റർ ഡയറക്‌ട് ഇഞ്ചക്ഷൻ പെട്രോള്‍, 1.5 ലിറ്റർ ഡീസല്‍ എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവി സ്വന്തമാക്കാനാവുന്നത്. ഇതില്‍ ആദ്യത്തെ 1.2 പെട്രോള്‍ എഞ്ചിൻ 115 bhp പവറില്‍ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കുമ്ബോള്‍ XUV 3XO മോഡലിലെ കൂടുതല്‍ ശക്തമായ 1.2 ലിറ്റർ ടർബോ പതിപ്പുകള്‍ 130 bhp കരുത്തില്‍ 250 Nm torque ആണ് നല്‍കുന്നത്.
മഹീന്ദ്ര XUV 3XO-യിലെ 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസല്‍ എഞ്ചിൻ 117 bhp പവറില്‍ 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ട്രാൻസ്മിഷൻ ഓപ്ഷനുകളില്‍ ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് എഎംടി, ആറ് സ്പീഡ് ടോർക്ക് കണ്‍വെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഉള്‍പ്പെടുന്നത്. മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ റീബ്രാൻഡഡ് XUV 3XO ഒരു വലിയ ബൂട്ടാണ് അവതരിപ്പിക്കുന്നത്. ആയതിനാല്‍ വാഹനത്തിന്റെ പ്രായോഗികതയും ഇരട്ടിയായിട്ടുണ്ട്.
തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് സ്‌മാർട്ട്‌ഫോണ്‍ ചാർജർ, 7 സ്‌പീക്കർ ഹർമൻ കാർഡണ്‍ ഓഡിയോ സിസ്റ്റം, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹോള്‍ഡുള്ള EPB, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ആറ് എയർബാഗുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയവ അതിഗംഭീര ഫീച്ചറുകളാലും വാഹനം സമ്ബന്നമാണ്.