കവലൂർ: ബന്ധുക്കളായി ആരുമില്ലാത്ത ശർമിളയ്ക്ക് വിവാഹത്തിന് അമ്മയുടെ സ്ഥാനത്തുനിന്ന് എല്ലാം ചെയ്തുകൊടുത്തത് കൊല്ലപ്പെട്ട സുഭദ്രയായിരുന്നു.
സ്വന്തം മക്കളെക്കാള്‍ സുഭദ്ര സ്നേഹിച്ചതും ശർമിളയെ തന്നെയായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മാത്യൂസുമായുള്ള വിവാഹസമയത്ത് ഉഡുപ്പി സ്വദേശിനിയായ ശർമിളയുടെ ബന്ധുക്കള്‍ ആരുമെത്തിയില്ല. അമ്മയുടെ സഹോദരിയാണെന്നാണ് സുഭദ്രയെക്കുറിച്ച് ചോദിച്ചവരോടെല്ലാം ശർമിള പറഞ്ഞിരുന്നത്. അമ്മയെപ്പോലെ തങ്ങളെ സ്നേഹിച്ച ഒരു സാധുസ്ത്രീയെ സ്വർണത്തിനും പണത്തിനുംവേണ്ടി നിഷ്‌കരുണം കൊല്ലാൻ കഴിയുമോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
കെട്ടിട നിർമ്മാണത്തൊഴിലാളിയായി ജോലിനോക്കിയിരുന്ന മാത്യൂസിന്റെ രണ്ടാം വിവാഹമായിരുന്നു ശർമിളയുമായുള്ളത്. ഇവർക്ക് അയല്‍വാസികളോട് വലിയ ബന്ധം ഉണ്ടായിരുന്നില്ല. കടവന്ത്രയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സുഭദ്ര സ്വന്തം മക്കള്‍ അറിയാതെയാണ് ദമ്ബതിമാർക്കൊപ്പം പോയത്.ശർമിള എത്തി സുഭദ്രയെയും കൂടെപ്പോവുകയായിരുന്നു. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
വിവിധ ആരാധനാകേന്ദ്രങ്ങള്‍ സന്ദർശിക്കുന്നത് സുഭദ്രയുടെ പതിവാണ്. ഇതിനിടെയാണ് സുഭദ്രയും ശർമിളയും പരിചയപ്പെടുന്നത്. പരിചയപ്പെട്ടശേഷം ആരാധാനാലയങ്ങള്‍ സന്ദർശിക്കുന്നതിനിടെ ദമ്ബതികളുടെ വീട്ടില്‍ താമസിക്കുന്നത് പതിവാക്കി. സുഭദ്ര കടവന്ത്രയില്‍ നടത്തിയിരുന്ന ഹോസ്റ്റലില്‍ ശർമ്മിള വിവാഹത്തിന് മുമ്ബ് താമസിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞമാസം നാലാംതീയതി മുതലാണ് സുഭദ്രയെ കാണാതായത്. ആറാം തീയതി മക്കള്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കി. ശർമ്മിളയും സുഭദ്രയും പോകുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ കടവന്ത്ര പൊലീസിന് ലഭിച്ചു. സുഭദ്രയുടെ മൊബൈല്‍ ഫോണ്‍ ടവർ ലൊക്കേഷൻ അവസാനമെത്തിയത് ആലപ്പുഴയിലെ കലവൂർ കോർത്തുശേരിയിലാണെന്നും വ്യക്തമായി. ശർമ്മിളയ്ക്കൊപ്പം സുഭദ്ര പോകുന്നതിന്റെ ക്യാമറ ദൃശ്യം കലവൂരില്‍ നിന്നു ലഭിച്ചതോടെ പൊലീസ് 13ന് പഴമ്ബാശ്ശേരി വീട്ടിലെത്തിയെങ്കിലും താമസക്കാരായ മാത്യൂസും ശർമ്മിളയും ഇവിടെയില്ലായിരുന്നു. ഇരുവരും ഒന്നരവർഷത്തോളമായി ഇവിടെ താമസിച്ചുവരികയായിരുന്നു.
പിൻവശത്ത് തന്നെക്കൊണ്ട് കുഴിയെടുപ്പിച്ചെന്ന് നിർമ്മാണത്തൊഴിലാളി മൊഴി നല്‍കി. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം പുറത്തെടുത്തത്. മക്കളായ രാജീവും രാധാകൃഷ്ണനും എത്തി തിരിച്ചറിഞ്ഞതിനെ തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഡി.എൻ.എ പരിശോധനയടക്കം നടത്തും.