തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ലഹരി മാഫിയ. കുട്ടികളെ വശത്താക്കാന്‍ കഞ്ചാവ് ചേര്‍ത്ത മിഠായികള്‍ സംസ്ഥാനത്ത് വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്നാണ് എക്സൈസ് കണ്ടെത്തല്‍.
ആലപ്പുഴയിലും തൃശൂരിലും കഞ്ചാവ് വില്‍പ്പനക്കാരില്‍ നിന്നും പിടികൂടിയ മിഠായികള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
പിടിച്ചെടുത്ത മിഠായികള്‍ സംശയം തോന്നി ഏക്സൈസ് സംഘം പരിശോധനക്കയച്ചു. പിടികൂടിയ മിഠായികളില്‍ കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് പരിശോധനാ ഫലം പുറത്തു വന്നു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ പുതിയ പരീക്ഷണത്തിനിറങ്ങുന്നതെന്നും മാതാപിതാക്കളും അധ്യാപകരും ജാഗ്രത പുലര്‍ത്തണമെന്നും എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിപ്പ് നല്കി. കുട്ടികളുടെ കയ്യില്‍ ഇത്തരത്തില്‍ സംശയകരമായി എന്തെങ്കിലും കണ്ടാല്‍ ഉടനെ വിവരം അറിയിക്കണമെന്നും എക്സൈസ് അറിയിച്ചു. എക്സൈസ് കണ്ട്രോള് റൂം നമ്ബറുകള്‍: 9447178000, 9061178000.