ഇക്കാ ഇനിമുതൽ എന്നും രാവിലെ കൃത്യം നാലുമണിക്ക് എന്നെ വിളിക്കണം ട്ടോ”
“എന്തുപറ്റി…?”
“ഈ വരുന്ന ജൂൺ ജൂലായ് psc എക്സാം അല്ലേ. നല്ലോണം ഹാർഡ് വർക്ക് ചെയ്താലേ കിട്ടൂ. അലാറം വെച്ചിട്ട് എഴുന്നേൽക്കാൻ പറ്റണില്ല”
“നാട്ടിലെ നാലുമണി എന്നുപറഞ്ഞാൽ ഇവിടുത്തെ ഒന്നര. അപ്പൊ എനിക്ക് ഉറങ്ങൊന്നും വേണ്ടേ…?”
“അതുശരി, സ്വന്തം ഭാര്യയുടെ ആഗ്രഹങ്ങൾക്കും ലക്ഷ്യങ്ങൾക്കും കൂടെ കട്ടക്ക് നിൽക്കുന്ന ഭർത്താവിനേയാ ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത്”
അത് കേട്ടപ്പോൾ എന്നിലെ ഉത്തരവാദിത്തമുള്ള ഭർത്താവ് ഉണർന്നു
“ഓക്കേ, എന്നും രാവിലെ വിളിച്ചുണർത്തുന്ന കാര്യം ഞാനേറ്റു”
ഇത് കേട്ടപ്പോൾ ഭാര്യ ഹാപ്പി. സ്വന്തം ഭാര്യക്ക് കട്ട സപ്പോർട്ട് കൊടുത്ത് കൂടെ നിക്കുന്നത് വല്ലാത്തൊരു ഫീലാണ്. അവളുടെ ഓരോ വിജയത്തിന് പിന്നിലും എന്റെ കൈകൾ ഉണ്ടാവുക എന്ന് പറയുന്നത് ചില്ലറ കാര്യം ഒന്നുമല്ലല്ലോ. അന്ന് കിടക്കുമ്പോൾ എന്നെക്കുറിച്ചോർത്ത് ഞാൻ സ്വയം അഭിമാനിച്ചു.
വൈകുന്നേരം ആവുമ്പോൾ ഞാൻ റൂമിലെത്തും. തനിച്ചാണ് താമസം. വല്ലപ്പോഴും ഒന്ന് പുറത്തുപോവും. റൂമിൽ സംസാരിക്കാനോ മറ്റും ആരുമില്ലാത്തത് കൊണ്ട് സിനിമ കാണലാണ് പ്രധാന ഹോബി, പിന്നെ എഴുതാനും ഇഷ്ടാണ്. ഭാര്യ രാത്രി വിളിച്ച് ഉണർത്താൻ പറഞ്ഞോണ്ട് ഞാൻ സിനിമ കാണലും എഴുത്തും നിർത്തി. റൂമിൽ വന്ന ഉടനെ കുളിച്ച് ഫ്രഷായി ഫുഡ് കഴിച്ച് രാത്രി ഒന്നരക്ക് അലാറം വെച്ച് ഒറ്റ കിടത്താണ്.
ഇവിടുത്തെ സമയം കൃത്യം ഒന്നരക്ക് അതായത് നാട്ടിലെ സമയം പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റ് ആദ്യ ദിവസം ഞാൻ അവളെ വിളിച്ചുണർത്തി
“ഗുഡ് മോർണിംഗ് ഡിയർ”
“മോർണിംഗ് സിനുകാക്കാ”
“എന്നാ എഴുന്നേറ്റ് പഠിച്ചോ ട്ടോ, ഓൾ ദി ബെസ്റ്റ്”
ഞാൻ ഫോൺ വെക്കാനൊരുങ്ങിയപ്പോൾ അവൾ തടഞ്ഞു
“വെക്കല്ലീന്ന്”
“എന്തേ…?”
അവൾ തേങ്ങുന്ന ശബ്ദം മൊബൈലിലൂടെ എന്റെ കാതിലേക്ക് തുളച്ച് കയറി
“ഇങ്ങനൊരു ഭർത്താവിനെ കിട്ടാൻ ഞാൻ പുണ്യം ചെയ്യണം. ഇങ്ങക്ക് രാവിലെ എഴുന്നേറ്റ് ഡ്യൂട്ടിക്ക് പോവാനുള്ളതല്ലേ…? ഇനി ഉറക്കം കിട്ടോ”
“അതൊന്നും സാരല്ല, നിനക്ക് വേണ്ടിയല്ലേ”
ഇത് കേട്ടതും അവൾ പൊട്ടിക്കരഞ്ഞു
“എന്റെ ഭാഗ്യാണ് ഇങ്ങള്”
ഒരുവിധത്തിൽ അവളെ സമാധാനിപ്പിച്ച് ഞാൻ ഫോൺ വെച്ചു. പിന്നെ എനിക്ക് കിടന്നിട്ട് ഉറക്കവും വരുന്നില്ല. രാവിലെ ഡ്യൂട്ടിക്കും പോവണം. പക്ഷേ എനിക്ക് നിരാശ തോന്നിയില്ല. എല്ലാം എന്റെ ഭാര്യക്ക് വേണ്ടിയാണല്ലോ.
അന്ന് അവൾ ഉറക്കം വരാതിരിക്കാൻ കുടിച്ച കോഫിയുടേയും കട്ടൻ ചായയുടേയും പിക് എനിക്ക് അയച്ചുകൊണ്ടിരുന്നു. ഞാൻ മാക്സിമം അവളെ മോട്ടിവേഷൻ ചെയ്തു.
“നിന്നെക്കൊണ്ട് പറ്റും, psc എക്സാം മാത്രം മനസ്സിൽ ഓർക്കുക. നിന്നെക്കൊണ്ട് പറ്റും”
അങ്ങനെ എല്ലാദിവസവും ഞാൻ അവളെ വിളിച്ചുണർത്തി മോട്ടിവേഷൻ കൊടുത്തു. ഇതിനിടയിൽ എന്റെ മൂവി കാണലും എഴുതുമൊക്കെ നിന്നു. ഡ്യൂട്ടി കഴിഞ്ഞ് നേരെ വന്ന് കുളിക്കുക ഫുഡ് കഴിക്കുക രാത്രി ഒന്നരക്ക് അലാറം വെച്ച് എഴുന്നേക്കുക. വേറെ ഒരു എന്റർടൈൻമെന്റും ഇല്ല. നേരം വെളുക്കുന്നു രാത്രി ആവുന്നു, ഒരു രസവും ഇല്ല. ഇതൊക്കെ എന്റെ ഭാര്യക്ക് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ വല്ലാത്തൊരു അഭിമാനം തോന്നും, അപ്പോൾ എന്റെ കാര്യങ്ങളൊക്കെ ഞാൻ അങ്ങ് മറക്കും.
കൃത്യം പന്ത്രണ്ട് ദിവസം കഴിഞ്ഞ്…
അന്നും ഞാൻ ഒന്നരക്ക് എഴുന്നേറ്റ് ഭാര്യയെ വിളിച്ചു. ഫോൺ എടുക്കുന്നില്ല. വീണ്ടും വിളിച്ചു, എടുക്കുന്നില്ല, ഞാൻ വിളിച്ചുകൊണ്ടേയിരുന്നു. എനിക്കാകെ ടെൻഷനായി. ഞാൻ ഒന്നൂടെ വിളിച്ചു, അപ്പോൾ അവൾ ഫോണെടുത്തു
“എന്താണ്…?”
നല്ല ഉറക്കത്തിലായിരുന്നു ആള്. ഞാൻ പതിവുപോലെ റൊമാന്റിക്കായി ഒരു ഗുഡ് മോർണിംഗ് അങ്ങ് കാച്ചി
“ഗുഡ് മോർണിംഗ് ഡിയർ”
പക്ഷേ അവളുടെ മറുപടി കേട്ടപ്പോൾ ഞാൻ ഞെട്ടിത്തരിച്ച് പോയി
“എന്ത് ഗുഡ് മോർണിംഗ്…? ആളെ ഉറങ്ങാനും സമ്മതിക്കൂല. വിളിച്ചിട്ട് ഫോൺ എടുത്തില്ലേൽ മനസിലാക്കിക്കൂടെ ഞാൻ ഉറങ്ങാണെന്ന്”
ഒന്ന് നിറുത്തിയിട്ട് അവൾ ഒരുകാര്യം കൂടി പറഞ്ഞു. അത് കേട്ടപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്
“ഹോ, അതെങ്ങനാ ഞാൻ ഉറക്കമില്ലാതെ പഠിച്ച് പരീക്ഷയെഴുതി ജോലിക്ക് പോയിട്ട് വേണമല്ലോ ഇങ്ങക്കും ഇങ്ങളെ ഉമ്മാക്കും ജീവിക്കാൻ”
ഇതൊക്കെ കേട്ടപ്പോൾ എന്റെ കിളി പോയി
“നീ പറഞ്ഞിട്ടല്ലേ ഞാൻ വിളിച്ചത് പൊന്നേ”
ഞാനിത് പറഞ്ഞപ്പോൾ കേട്ടത് അവളുടെ പൊട്ടിക്കരച്ചിലായിരുന്നു
“പൊന്ന്, എന്നെക്കൊണ്ടൊന്നും പറയിക്കേണ്ട. മനസാക്ഷിയുണ്ടോ ഇങ്ങക്ക്…? വീട്ടിലെ ജോലിയൊക്കെ കഴിഞ്ഞ് കിടക്കണേൽ രാത്രി പത്തുമണിയാവും. ഒന്ന് ഉറങ്ങി രസം പിടിച്ച് വരുമ്പോഴാ ഇങ്ങളെ വിളി. ഒരുകാര്യം ഞാൻ പറഞ്ഞേക്കാം, ഇനി മേലാൽ എന്നെ ഈ സമയത്ത് വിളിച്ചാൽ ഞാൻ കുട്ട്യോളേം കൊണ്ട് എന്റെ വീട്ടിൽ പോവും. കുറേ ദിവസായി ഞാനിത് പറയണം കരുതുന്നു”
ഇതും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.
രാത്രി അലാറം വെച്ച് എഴുന്നേറ്റ ഞാനിപ്പോ ആരായി…
✒️സിനാസ് അലി