വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. സ്ക്രാപ്പേജ് പോളിസിയില്‍ മാനദണ്ഡമാക്കിയിരിക്കുന്ന കാലാവധി ഒഴിവാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.
15 വര്‍ഷം എന്ന കാലാവധിയ്ക്ക് പകരം മലിനീകരണത്തിന്റെ തോത് സ്ക്രാപ്പേജ് പോളിസിയില്‍ മാനദണ്ഡമാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി.
പദ്ധതി പ്രകാരം നിശ്ചിത മലിനീകരണ തോതിന് മുകളിലുള്ള വാഹനങ്ങള്‍ പൊളിക്കേണ്ടി വരും. ഇതിനായി പുതിയ കേന്ദ്രീകൃത സോഫ്റ്റ്വെയര് വികസിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. 2021 ഓഗസ്റ്റിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ വെഹിക്കിള്‍ സ്ക്രാപ്പേജ് പോളിസിക്ക് രൂപം നല്‍കിയത്.
പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വച്ച് കാലാവധി പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ പൊളിക്കുകയും തുടര്‍ന്ന് അവയെ റീ സൈക്കിളിംഗിന് വിധേയമാക്കി ഉപയോഗിക്കുന്നതിലൂടെ ഉത്പാദന ചെലവ് കുറയ്ക്കുകയുമാണ് സ്ക്രാപ്പേജ് പോളിസിയുടെ ലക്ഷ്യം.
15 വര്‍ഷം പൂര്‍ത്തിയാകുന്ന വാണിജ്യ വാഹനങ്ങളും 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന യാത്ര വാഹനങ്ങളും സ്ക്രാപ്പേജ് പോളിസിയ്ക്ക് വിധേയമാക്കണമായിരുന്നു. 2021 ലെ സ്ക്രാപ്പേജ് പോളിസി നിലവില്‍ വന്ന ശേഷം കേരളത്തില്‍ 2253 വാഹനങ്ങളാണ് പൊളിച്ചത്.