തെരെഞ്ഞെടുപ്പ് ഗോദയിൽ…
1949 സപ്തംബർ 9 ന് സി.എച്ചും കമ്മോട്ടിൽ അബൂബക്കർ ഹാജിയുടെ മകൾ ആമിനയുമായുള്ള നിക്കാഹ് നടന്നു.1950 ഏപ്രിലിൽ വിവാഹാഘോഷം ലളിതമായ രീതിയിൽ നടന്നു.
1952 ലാണ് സി.എച്ച്. ആദ്യമായി തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ജയിക്കുന്നതും. കോഴിക്കോട് മുനിസിപ്പാലിറ്റിയിലേക്കായിരുന്നു മത്സരിച്ചു ജയിച്ചത്. അതുമൊരു ചരിത്രമായിരുന്നു. തോൽവി എന്തെന്നറിയാതെ വിജയ യാത്ര തുടർന്ന കുട്ട്യേട്ടൻ (കെ.പി. കുട്ടി കൃഷ്ണൻ നായർ) എന്ന കോൺഗ്രസ്സിൻ്റെ സമുന്നത നേതാവിനെയായിരുന്നു സി.എച്ച്. പരാജയപ്പെടുത്തിയത്. അന്ന് മുസ്ലിം ലീഗിന് ആറ് കൗൺസിലർമാരായിരുന്നു കോഴിക്കോട് മുനിസിപ്പാലിറ്റിയിൽ ഉണ്ടായിരുന്നത്.
1956 ൽ വീണ്ടും മുനിസിപ്പൽ തെരെഞ്ഞെടുപ്പ് വന്നപ്പോൾ, സി.എച്ച്. പരപ്പിൽ വാർഡിൽ നിന്നായിരുന്നു മത്സരിച്ചിരുന്നത്. ഇതാവട്ടെ സി.എച്ചിൻ്റെ തെരെഞ്ഞെടുപ്പ് രംഗത്തെ ഏറ്റവും മന:സംഘർഷമേറിയ പോരാട്ടം കൂടിയായിരുന്നു. സി.എച്ചിൻ്റെ എതിരാളി ചില്ലറക്കാരനായിരുന്നില്ല. മലബാർ പ്രദേശ് കോൺഗ്രസ്സ് പ്രസിഡണ്ട് അപ്പക്കോയയോടായിരുന്നു സി.എച്ചിൻ്റെ മത്സരം. കമ്മ്യൂണിസ്റ്റുകളടക്കം എല്ലാ ലീഗ് വിരുദ്ധ ശക്തികളും സി.എച്ചിനെ തോൽപ്പിക്കാൻ രംഗത്തിറങ്ങിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടരി പോലും സി.എച്ചിനെതിരെ പ്രചാരണത്തിനിറങ്ങിയ തെരെഞ്ഞെടുപ്പ്. തങ്ങന്മാരെയും മുസ്ലിയാക്കന്മാരെയും വരെ സി.എച്ചിനെതിരെ രംഗത്തിറക്കി. ബാഫഖി തങ്ങളെ അവഹേളിക്കാനും സി.എച്ചിനെ തടയാനും വരെ ശ്രമമുണ്ടായി. ലീഗണികളെ ഭീഷണി കൊണ്ട് പൊതിഞ്ഞു. ഏറനാടൻ പോരാളി ബാപ്പു കുരിക്കളും അനുയായികളുമെത്തി ലീഗ് പ്രവർത്തകർക്ക് ആത്മ വിശ്വാസം നൽകി. തെരെഞ്ഞെടുപ്പ് ഫലം വന്നു. സി.എച്ച്. വൻ ഭൂരിപക്ഷത്തിന് വിജയിച്ചു.
സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന 1957 ലെ പ്രഥമ നിയമസഭാ തെരെഞ്ഞെടുപ്പിൽ താനൂരിൽ നിന്നും വിജയിച്ചു കൊണ്ടാണ് സി.എച്ച്. നിയമ സഭയിലെത്തുന്നത്. പി.എസ്.പി.യുമായി നാമമാത്ര സഖ്യം പുലർത്തിയ മുസ്ലിം ലീഗ് ഒരർത്ഥത്തിൽ ഒറ്റക്ക് തന്നെ എട്ട് സീറ്റ് നേടി. സഭാ നേതാവ് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് തന്നെയായിരുന്നു. രാഷ്ട്രീയത്തിലെ അതികായന്മാരായ ഇ.എം.എസ്, പട്ടം താണുപിള്ള, പി.ടി. ചാക്കോ, തുടങ്ങിയവരും പ്രഗത്ഭരായ വി.ആർ. കൃഷ്ണയ്യർ, ജോസഫ് മുണ്ടശ്ശേരി, തോപ്പിൽ ഭാസി തുടങ്ങിയവരുടെയൊക്കെ ഗണത്തിലേക്ക് സി.എച്ചിനെയും മുസ്ലിം ലീഗ് കൈപിടിച്ചുയർത്തുകയായിരുന്നു.
ആദ്യ സർക്കാരിൻ്റെ സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം മുസ്ലിം ലീഗ് സഭാ നേതാവായ സി.എച്ച്. നടത്തിയ അനുമോദന പ്രസംഗമാണ് കേരള നിയമസഭാ ചരിത്രത്തിലെ ഒരു ലീഗ് പ്രതിനിധിയുടെ പ്രഥമ ശബ്ദം. സി.എച്ച്. ആദ്യമായി സഭയിൽ നടത്തിയ പൊതു പ്രസംഗം, മദിരാശി സംസ്ഥാനമുള്ളപ്പോൾ ഉണ്ടായിരുന്ന പള്ളി മദ്രസ്സകൾ നിർമ്മിക്കുന്നതിനും പുതുക്കിപ്പണിയുന്നതിനും തടസ്സമായിട്ടുള്ള നിയമം എടുത്തു കളയുന്നത് സംബന്ധിച്ചായിരുന്നു.
പിന്നീടങ്ങോട്ട് സി.എച്ചിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിയമസഭാ സ്പീക്കറും മന്ത്രിയും, ഉപ മുഖ്യമന്ത്രിയും കുറച്ചു കാലം മുഖ്യമന്ത്രിയും ലോക്സഭാ മെമ്പറുമൊക്കെയായി സി.എച്ച്. തിളങ്ങി നിന്നു. തൻ്റെ സമുദായം ഇനിയും ഉറക്കമുണർന്നിട്ടില്ലെന്ന ഉത്തമ ബോധ്യത്തോടെ തന്നെ സി.എച്ച്. ഓടി നടക്കുകയായിരുന്നു. സി.എച്ചിനെ ജീവന് തുല്യംസ്നേഹിക്കുന്ന ഒരു സമുദായം ഇവിടെ ഉണ്ടായി. തങ്ങളുടെ കൂടെയുള്ള ഒരു സുഹൃത്തിനെ പോലെയായിരുന്നു ഓരോ പ്രവർത്തകർക്കും സി.എച്ച്. അത് കൊണ്ട് തന്നെ സി.എച്ച്, അധികാരത്തിൻറെ ഓരോ പടവുകൾ ചവിട്ടി കയറുമ്പോഴും ആ സാധാരണ ‘നാട്ടു കാക്ക’ മാർ പിന്നാലെ തന്നെ ഉണ്ടായിരുന്നു.
ജനപ്രതിനിധിയായി അധികാര സോപാനത്തിലിരിക്കുമ്പോഴും സി.എച്ച്. മുഹമ്മദ് കോയ സാഹിബ്, സാധാരണ ജനങ്ങൾക്കൊപ്പം അവരിലൊരാളായി ജന ഹൃദയങ്ങളിൽ തന്നെയായിരുന്നു നില കൊണ്ടിരുന്നത് എന്നതിന് ഉദാഹരണങ്ങൾ ധാരാളമുണ്ട്.
സി.എച്ച്. മുഖ്യ മന്ത്രിയായി അധികാരമേറ്റപ്പോൾ, മുഖ്യമന്ത്രിയായ സി.എച്ചിനെ കാണാൻ നാട്ടിൽ നിന്നും നാടൻ വേഷത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചെന്ന കഥ, സാധാരണ പ്രവർത്തകർക്ക് സി.എച്ചിനോടുള്ള സ്നേഹത്തിൻ്റെ ആഴമാണ് വെളിവാക്കുന്നത്. സി.എച്ച്. ആഭ്യന്തര മന്ത്രിയായ സമയത്ത് മലപ്പുറത്തെ ഒരു ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോൾ, മന്ത്രി വാഹനത്തിന് മുന്നിലേക്ക് ചാടി വീണ്, തൻ്റെ പ്രിയ നേതാവിന് കൈ കൊടുത്ത് കുശലം പറഞ്ഞ നിഷ്കളങ്ക മനുഷ്യനും അത് തന്നെയാണ് തെളിയിച്ചത്.
കാസർകോട് ഒരു പരിപാടി കഴിഞ്ഞ് രാത്രി വൈകി തിരിച്ചവരുന്ന സി.എച്ചിനെ കാത്ത് രാവിലെ മുതൽ മാഹിപ്പാലത്തിൽ കാത്തിരുന്ന സ്നേഹ നിധിയായ ഒരു പ്രവർത്തകൻ്റെ കഥയും വ്യത്യസ്തമല്ല.
1955 ലാണ് സി.എച്ച്. ആദ്യമായി കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത്. ബോംബെ – കേരള മുസ്ലിം ജമാഅത്തിൻ്റെ ഒരു സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു യാത്ര. ഉത്സവ പ്രതീതിയോടെയായിരുന്നു സി.എച്ചിൻ്റെ യാത്ര. മലബാറിലെ മിക്ക റെയിൽവെ സ്റ്റേഷനുകളിലും സി.എച്ചിന് ഗംഭീര വരവേൽപ്പ് ലഭിച്ചു. ബോംബെയിലെത്തിയ സി.എച്ചിനെ സ്വീകരിക്കാൻ റെയിൽവെ സ്റ്റേഷനിൽ എത്തിയത് പിന്നീട് ദീർഘകാലം സഹപ്രവർത്തകനും മന്ത്രിയുമൊക്കെയായ യു. എ. ബീരാൻ സാഹിബായിരുന്നു. അന്ന് ബോംബെ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടരിയായാണ് ബീരാൻ സാഹിബ്. ഇംഗ്ലീഷിലായിരുന്നു സി.എച്ച്. ബോംബെയിൽ പ്രസംഗിച്ചത്. തിരിച്ച് മംഗലാപുരത്തേക്ക് വിമാനത്തിലായിരുന്നു യാത്ര. അത് സി.എച്ചിൻ്റെ
ആദ്യ വിമാന യാത്രയായിരുന്നു.
ബോംബെയിൽ അനുഭവങ്ങൾ സി.എച്ച്. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ലേഖനമായി എഴുതി. ബോംബെയിലെ സർവ്വേന്ത്യാ മുസ്ലിം ലീഗിൻ്റെ സമുന്നത നേതാക്കളെ കുറിച്ചും, ലീഗ് വിട്ട് ഫോർത്ത് പാർട്ടിയാക്കിയവരെ കുറിച്ചുമൊക്കെ എഴുതിയ ലേഖനത്തിൽ മുഹമ്മദലി ജിന്നാ സാഹിബിൻ്റെ വസതി സന്ദർശിച്ചത് ഏറെ വികാര വായ്പോടെയാണ് പ്രതിപാദിച്ചത്. “ഞാൻ ജിന്നാ സാഹിബിനെ കണ്ടില്ല, ആ സിംഹമൊഴിഞ്ഞ കൂടു കണ്ട് ഞാൻ രോമാഞ്ചമണിഞ്ഞു.” ഇതായിരുന്നു സി.എച്ചിൻ്റെ വരികൾ.
പറയാനുള്ളത് എവിടെയും വെട്ടിത്തുറന്ന് പറയാനുള്ള ആർജ്ജവം സി.എച്ചിനുണ്ടായിരുന്നു. അതിൽ കൂടുതലും സ്വസമുദായത്തിലെ അനഭിലഷണീയമായ പ്രവണതകളെ കുറിച്ചും, സമുദായത്തിനും സംഘടനക്കുമെതിരെ പുറത്ത് നിന്നും വരുന്ന അടിസ്ഥാനമില്ലാത്ത വിമർശനങ്ങൾക്കെതിരേയുമായിരുന്നു.
സി.എച്ച്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ ഒരു സ്വീകരണം നൽകുകയുണ്ടായി. സ്വീകരണത്തിൽ സി.എച്ച്. സംഘാടകരെക്കൂടി ഉദ്ദേശിച്ച് കൊണ്ട് പറഞ്ഞതിങ്ങനെയിരുന്നു. “നിങ്ങൾ ഇഷ്ടപ്പെട്ടത് പറയാമെന്ന കരാറിലല്ല ഞാൻ ഇവിടെ വന്നത്. ഉന്നത പദവിയിലിരിക്കുന്ന പലരും ഈ സമുദായത്തിന് ന്യായമായും ചെയ്യാൻ പറ്റുന്ന പലതും ചെയ്യുന്നില്ല. ഉയർന്ന സ്ഥാനങ്ങളിലെത്തുന്നവർ സമുദായത്തെ പാടെ മറക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്…”
സി.എച്ചിൻ്റെ കാലിക പ്രസക്തമായ ഒരു വാക്ക് കൂടി ഇവിടെ ഉദ്ധരിക്കട്ടെ, “ഭരണം വിദൂരതയിൽ പോലും സ്വപ്നം കാണാതെയാണ് ഞങ്ങൾ മുസ്ലിം ലീഗിൽ പ്രവർത്തനം ആരംഭിച്ചത്. നമ്മുടെ സംഘടനാ പ്രവർത്തനത്തിൻ്റെ ജൈത്രയാത്രയിൽ നാം ഭരണത്തിൽ പങ്കാളികളായി. ഞങ്ങളുടെ മന്ത്രി സ്ഥാനം ഞങ്ങൾക്ക് ഒരു പ്രശ്നമല്ല. ഞങ്ങളെ മന്ത്രി സ്ഥാനത്തേക്ക് ഉയർത്തിയ ഞങ്ങളുടെ സംഘടനയാണ് ഞങ്ങൾക്കേറ്റവും വലുത്…” (തുടരും)
[ഭാഗം -11, നാളെ]
✒️U.k. Muhammed Kunhi.