കോഴിക്കോട്: ഷെയിൻ നിഗം നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തി.
സിനിമയുടെ പ്രൊഡക്ഷൻ മാനേജരെ ക്രൂരമായി മർദ്ദിച്ചു. ടി.ടി ജിബുവിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. അഞ്ചംഗ സംഘം സ്ഥലത്തെത്തി ആക്രമണം നടത്തുകയായിരുന്നു.
അബ ഹംദാൻ, ഷബീർ എന്നിവർ ചേർന്നാണ് മർദ്ദിച്ചതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ജിബുവിനെ വലിച്ചുകൊണ്ടു പോകുകയായിരുന്നു. റോഡരികില്‍ വച്ചാണ് മർദ്ദനം. ലോഹവള കൊണ്ട് ഇടിക്കുകയും കത്തികൊണ്ട് കുത്തി കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബൈക്ക് വാടകയുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സിനിമയുടെ ആവശ്യത്തിലേക്കായി ബൈക്ക് വാടകയ്ക്ക് എടുത്തിരുന്നു. വാടകയായി വൻ തുകയാണ് ചോദിച്ചത്. ഇത്രയും വലിയ തുക നല്‍കാൻ സാധിക്കില്ലെന്ന് അറിയിച്ചു. ഇതോടെയാണ് അബു ഹംദാന്റെ നേതൃത്വത്തിലെത്തിയ സംഘം മർദിച്ചതെന്ന് ജിബു പറഞ്ഞു.
ഷെയ്ൻ നിഗത്തിനെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ‘ഹാല്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. വെള്ളിമാട് കുന്നില്‍ വെളിച്ചെണ്ണ മില്ലിന് സമീപമാണ് ഷൂട്ടിംഗ് നടക്കുന്നത്.