ലോകത്തെ ഏറ്റവും ആജാനുബാഹുവായ ബോഡി ബില്‍ഡർ എന്നറിയപ്പെടുന്ന ഇലിയ ഗോലം യെഫിംചിക് അന്തരിച്ചു. മുപ്പത്തിയാറ് വയസ്സായിരുന്നു യെഫിംചിക്കിന്റെ പ്രായം.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഹൃദയാഘാതത്തെ തുടർന്ന് സെപ്റ്റംബർ ആറിന് ആശുപത്രിയില്‍ പ്രവേശിച്ച യെഫിംചിക് കോമയിലായിരുന്നു. സെപ്റ്റംബർ 11 നായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ടുകള്‍.
ഹൃദയാഘാതമുണ്ടായതോടെ ആംബുലൻസ് എത്തുന്നതുവരെ ഭാര്യ അന്ന സിപിആർ തുടർന്നതായി ഡെയ്ലി മെയിലിന്റെ റിപ്പോർട്ടില്‍ പറയുന്നു. ഹെലികോപ്ടറിലാണ് യെഫിംചിക്കിനെ ആശുപത്രിയിലെത്തിച്ചത്. ഭർത്താവിന്റെ അരികത്ത് അദ്ദേഹത്തിന്റെ ഹൃദയം വീണ്ടും മിടിച്ചുതുടങ്ങാൻ കാത്തിരുന്നതായും എന്നാല്‍ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടർ അറിയിച്ചതായും അന്ന പറഞ്ഞു. അനുശോചനമറിയിച്ചവർക്കും ഒപ്പം നില്‍ക്കുന്നവർക്കും അന്ന നന്ദിയും അറിയിച്ചു.
പ്രൊഫഷണല്‍ ഇവന്റുകളില്‍ പങ്കെടുത്തിട്ടില്ലെങ്കിലും സാമൂഹികമാധ്്യമങ്ങളില് നിരവധി പേർ യെഫിംചിക്കിനുണ്ടായിരുന്നു. സാധാരണമനുഷ്യന് സാധ്യമാകുന്നതിനപ്പുറമുള്ള യെഫിംചിക്കിന്റെ ‘ശാരീരികപരീക്ഷണങ്ങളുടെ’ വീഡിയോകള്‍ ആരാധകരെ ത്രസിപ്പിച്ചിരുന്നു. ‘ദ മ്യൂട്ടന്റ്’ (The Mutant) എന്നായിരുന്നു യെഫിംചിക് അറിയപ്പെട്ടിരുന്നത്.
ദിവസേന ഏഴ് നേരം കഴിക്കുന്ന ഭക്ഷണത്തില്‍നിന്ന് യെഫിംചിക് 16,500 കാലറി ഉള്ളിലാക്കിയിരുന്നതായി ഒരിക്കല്‍ റിപ്പോർട്ടുണ്ടായിരുന്നു. തന്റെ ‘ആകാരസൗഷ്ഠവം’ കാത്തുസൂക്ഷിക്കുന്നതിനായിരുന്നു അത്. ഇതിനായി രണ്ടരക്കിലോ ബീഫും 108 കഷണം സുഷിയും ഈ ബോഡി ബില്‍ഡർ കഴിച്ചിരുന്നു. ആറടി ഉയരക്കാരനായ ഇദ്ദേഹത്തിന് 150 കിലോഗ്രാം ഭാരമുണ്ടായിരുന്നു. 61 ഇഞ്ച് നെഞ്ചളവും ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ചെക്ക് റിപ്പബ്ലിക്, ദുബായ്, യു.എസ്. എന്നിവടങ്ങളിലായിരുന്നു യെഫിംചിക്കിന്റെ താമസം.