മലപ്പുറം : അമാൻ എന്നെന്നേയ്ക്കുമായി യാത്രയായി. പക്ഷേ, സ്വന്തം കരള്‍ പകുത്തുനല്‍കിയ ഉമ്മയുടെ കരളില്‍ അവൻ എന്നുമുണ്ടാകും; നീറുന്ന ഓർമ്മയായി.
ഒപ്പം, ആ പ്രാണൻ രക്ഷിക്കാൻ പ്രാർഥനയോടെ കൂടെനിന്ന നാടിന്റെ നെഞ്ചിലും അവൻ മരിക്കില്ല.
മുത്തൂർ ബൈപ്പാസിനു സമീപം പരേതനായ മാടക്കല്‍ അഫ്സലിന്റെയും അന്നാരയിലെ കാഞ്ഞിരപ്പറമ്ബില്‍ ജാസ്മിന്റെയും ഏക മകൻ അഞ്ചുവയസ്സുകാരനായ അമാനാണ് ഉമ്മയുടെയും നാടിന്റെയും പ്രാർഥനകള്‍ വിഫലമാക്കി മരണത്തിനു കീഴടങ്ങിയത്.
അമാന് ജനിക്കുമ്ബോള്‍ത്തന്നെ കരള്‍രോഗമുണ്ടായിരുന്നു. ശസ്ത്രക്രിയചെയ്ത് കരള്‍ മാറ്റിവെക്കുക മാത്രമാണ് പ്രതിവിധിയെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ജാസ്മിൻ കരള്‍ നല്‍കാൻ അപ്പോഴേ തയ്യാറായി. നവകേരളസദസ്സില്‍ അപേക്ഷിച്ചതനുസരിച്ച് ‘ഹൃദ്യം’ പദ്ധതിയിലൂടെ കോട്ടയം മെഡിക്കല്‍കോളേജില്‍ അമാന്റെ കരള്‍ മാറ്റിവെച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് 15 ദിവസംവരെ കുഴപ്പമൊന്നുമുണ്ടായില്ല. എന്നാല്‍ പിന്നീട് അമാന്റെ തലയ്ക്കുള്ളില്‍ രക്തക്കുഴല്‍ പൊട്ടി രക്തസ്രാവമുണ്ടായി. വിട്ടുമാറാത്ത കഫക്കെട്ടും.
മെഡിക്കല്‍കോളേജില്‍ പരമാവധി നോക്കിയിട്ടും മാറ്റംവരാതെ കണ്ടപ്പപ്പോള്‍ അമാനെ എറണാകുളം അമൃത ഹോസ്പിറ്റലിലേക്കു മാറ്റി. അമാനെ അവിടെ വെന്റിലേറ്ററിലാക്കി. രക്തത്തില്‍ പ്ലേറ്റ്ലെറ്റ് കുറഞ്ഞുവന്നതിനാല്‍ തലയിലെ ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞില്ല. ഓരോദിവസവും നില വഷളായിവന്നു. വെള്ളിയാഴ്ച പുലർച്ചെ 4.30-ന് മരണം സംഭവിച്ചു. ഏഴൂർ ജുമാമസ്ജിദ് കബറിസ്താനില്‍ കബറടക്കി. നാട്ടുകാരുടെ സാന്ത്വനക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ പത്തുലക്ഷത്തോളം രൂപ പിരിച്ചെടുത്താണ് അമാന് ചികിത്സ നല്‍കിയത്. അമാന്റെ പിതാവ് അഫ്സല്‍ മൂന്നുമാസം മുൻപാണ് മരിച്ചത്.