അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ സൈനികർ കൊലപ്പെടുത്തിയ തുർക്കിയ- അമേരിക്കൻ അവകാശപ്രവർത്തക ഐസനൂർ എസ്ഗി ഈജി (26)ക്ക് ആയിരങ്ങളുടെ യാത്രാമൊഴി.
തുർക്കിയയിലെ ഈജിയൻ തീരനഗരമായ ദിദിമില്‍ നടന്ന ഖബറടക്ക ചടങ്ങില്‍ തുർക്കിയ വൈസ് പ്രസിഡന്റ് സെവ്‌ദെത്ത് യില്‍മാസ്, പാർലിമെന്റ് സ്പീക്കർ നുമാൻ കുർതുല്‍മുസ്, പ്രധാന പ്രതിപക്ഷ പാർട്ടിയായ റിപബ്ലികൻ പീപ്പിള്‍സ് പാർട്ടി നേതാവ് ഒസ്ഗൂർ ഓസെല്‍ തുടങ്ങി പ്രമുഖർ പങ്കെടുത്തു.
ഈ മാസം ആറിനാണ് അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഐസനൂറിനെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത്. ഫലസ്തീനികളെ പുറത്താക്കി ഇസ്‌റാഈല്‍ പൗരൻമാരെ വെസ്റ്റ്ബാങ്കില്‍ താമസിപ്പിക്കാനുള്ള നീക്കത്തിനെതിരെ നബ്‌ലുസില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കവെയാണ് ഐസനൂറിന്റെ തലക്ക് സൈന്യം വെടിയുതിർത്തത്.
പ്രത്യേക സൈനിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. ഐസനൂറിന്റെ രക്തം ഫലസ്തീൻ രക്തസാക്ഷികളുടെ പോലെ പവിത്രമാണെന്ന് സ്പീക്കർ നുമാൻ കുർതുല്‍മുസ് പറഞ്ഞു. ഞങ്ങള്‍ അവസാനം വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌റാഈല്‍ സൈനികർക്കെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടിനായി കേസ് ഫയല്‍ ചെയ്യുമെന്ന് തുർക്കിയ അധികൃതർ പറഞ്ഞു. എല്ലാ അന്താരാഷ്ട്ര കോടതികളിലും കേസ് നല്‍കും. ഇസ്താംബൂള്‍, അങ്കാറ ഉള്‍പ്പെടെ പ്രധാന തുർക്കിയ നഗരങ്ങളിലെല്ലാം ഐസനൂറിനായി പ്രത്യേക പ്രാർഥനാ ചടങ്ങ് സംഘടിപ്പിച്ചു.
ഐസനൂറിന്റെ കൊലപാതകം അംഗീകരിക്കാനികില്ലെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാൻ ഇസ്‌റാഈല്‍ ശ്രദ്ധിക്കണമെന്നും യു എസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും പ്രതികരിച്ചിരുന്നു. സംഭവത്തില്‍ യു എസ് സ്വതന്ത്രാന്വേഷണം നടത്തണമെന്ന് ഐസനൂറിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.