മലപ്പുറം | വയനാടിന് വേണ്ടി ചെലവഴിച്ചു എന്ന പേരിൽ സർക്കാർ കോടതിയിൽ സമർപ്പിച്ച കണക്കുകൾ ഞെട്ടിക്കുന്നതാണെന്നും യഥാർത്ഥ കണക്കുകൾ പറയിപ്പിക്കുക തന്നെ ചെയ്യുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഇത് സംബന്ധിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത മുഴുവന്‍ മനുഷ്യരും ഞെട്ടലോടെ ശ്രവിച്ച വാര്‍ത്തയാണ് വയനാട് ദുരന്തം.
എല്ലാം നഷ്ടപ്പെട്ട മുണ്ടക്കൈയിലെയും ചൂരല്‍മലയിലേയും
ദുരിത ബാധിതരോടൊപ്പം ഒരേ മെയ്യും മനസ്സുമായി മനുഷ്യസമൂഹം ഒന്നടങ്കം ചേര്‍ന്ന് നിന്ന അഭിമാനകരമായ നിരവധി മുഹൂര്‍ത്തങ്ങള്‍ക്ക് നാമൊക്കെ സാക്ഷിയായി. എന്നാല്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ ഞെട്ടലുളവാക്കുന്നതാണ്. ഇതിനോട് അത്യന്തം വൈകാരികമായി അല്ലാതെ പ്രതികരിക്കാനാവില്ല.
സ്വരുക്കൂട്ടിയ നാണയത്തുട്ടുകള്‍ പോലും ദുരിതബാധിതര്‍ക്കായി നിറമനസ്സോടെ നല്‍കിയ കുരുന്നു മനസ്സുകളുടെ ആര്‍ദ്രതയെ പോലും പുഛിക്കുന്ന കൊടുംക്രൂരതയാണ് സര്‍ക്കാര്‍ കാണിച്ചത്. – അദ്ദേഹം പറഞ്ഞു.
ക്യാമ്പിലുളളവരുടെ വസ്ത്രങ്ങള്‍ക്ക് 11 കോടി രൂപ. ഒരാള്‍ക്ക് ഒരു ലക്ഷം രൂപയുടെ വസ്ത്രം നല്‍കിയാലും ഈ കണക്ക് ശരിയാവില്ല. ക്യാമ്പുകളില്‍ ഭക്ഷണത്തിന് 8 കോടി. സ്വര്‍ണംപൂശിയ ഭക്ഷണ സാധനങ്ങളാണോ സര്‍ക്കാര്‍ അവിടെ വിളമ്പിയത് ?. വളണ്ടിയര്‍മാര്‍ക്ക് റെയിന്‍ കോട്ടും കുടയും വാങ്ങിയതിന് 3 കോടി.
ഇതെല്ലാം തികച്ചും സൗജന്യമായി ലഭിച്ചതാണെന്ന് മാത്രമല്ല, ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും അവിടെ സുലഭമാണെന്നും ഇവയുടെ ശേഖരണം നിര്‍ത്തി വെച്ചതായും അറിയിച്ച് കൊണ്ടുളള പോസ്റ്റ് ഇപ്പോഴും വയനാട് കളക്ടറുടെ സോഷ്യല്‍ മീഡിയ വാളില്‍ കിടപ്പുണ്ട്.
പ്രതിഫലേച്ഛ കൂടാത മൃതദേഹ സംസ്കരണമടക്കം രാപ്പകല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 1300 വൈറ്റ്ഗാര്‍ഡ് അംഗങ്ങളടക്കമുളള വളണ്ടിയര്‍മാര്‍.
ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും സമാഹരിച്ച് ചുരം കയറിയ കേരളത്തിനകത്തും പുറത്തുമുളള ആയിരക്കണക്കിന് ഉദാരമനസ്കര്‍, ഇവരുടൊയെക്കെ ത്യാഗത്തിന് കോടികളുടെ വിലയിട്ട് അപഹരിച്ച പണം എവിടേക്കാണ് പോയതെന്ന് സര്‍ക്കാരിനെ കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ- പി എം എ സലാം പറഞ്ഞു.