ലളിതമായി പറഞ്ഞാല്‍ എല്ലാ ഇന്ത്യാക്കാരും ലോക്സഭാ, നിയമസഭ, തദ്ദേശതിരഞ്ഞെടുപ്പുകള്‍ക്കായി ഒരേ വര്‍ഷം വോട്ടുചെയ്യും, ഒരു പക്ഷേ ഒരുസമയത്ത് അല്ലെങ്കില്‍ പോലും.നിലവിൽ ഏതാനും സംസ്ഥാനങ്ങള്‍ മാത്രമേ കേന്ദ്രസര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നതിനൊപ്പം പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നുള്ളു.
ആന്ധ്രപ്രദേശ്, സിക്കിം, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍-ജൂണിലാണ് വോട്ടുചെയ്ത് പുതിയ സര്‍ക്കാരുകളെ തിരഞ്ഞെടുത്തത്. വ്യത്യസ്ത സമയത്താണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ഉദാഹരണത്തിന് കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്, തെലങ്കാന സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം വ്യത്യസ്ത സമയത്ത് വോട്ടെടുപ്പ് നടന്നു. ഒരു രാജ്യം ഒറ്റ തിരഞ്ഞടുപ്പിന് വേണ്ടി സംസ്ഥാന സര്‍ക്കാരുകളുടെ കാലാവധി വെട്ടിച്ചുരുക്കുന്നതിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്.
ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനും, സമൂഹത്തിനും ഗുണകരമെന്നാണ് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി റിപ്പോര്‍ട്ടില്‍ വിലയിരുത്തിയത്. ലോക്സഭാ, നിയമസഭാ, തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പഠിക്കാനാണ് സമിതി രൂപീകരിച്ചത്.
എട്ട് വാല്യങ്ങളില്‍ ആയി 18000-ത്തോളം പേജുള്ള റിപ്പോര്‍ട്ട് ആണ് സമിതി തയ്യാറാക്കിയത്. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള മാതൃക റിപ്പോര്‍ട്ടില്‍ ഉണ്ട്. വിവിധ സമയങ്ങളില്‍ വ്യത്യസ്ത തലങ്ങളിലേക്ക് തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് വലിയ പണച്ചെലവുണ്ടാക്കുന്നതാണ് എന്ന് സമിതി വിലയിരുത്തി.
ഒറ്റ തിരഞ്ഞെടുപ്പിലൂടെ ഈ ചെലവ് കുറയ്ക്കാനാകും എന്നാണ് സമിതിയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരിക്കുന്നത്. ദേശിയ താത്പര്യം മുന്‍ നിര്‍ത്തി ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കണം എന്നും സമിതി ശുപാര്‍ശ ചെയ്തു.
രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് തിരഞ്ഞെടുപ്പ് ഉണ്ടാകും. ചില സംസ്ഥാനങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തന്നെ വ്യത്യസ്ത തിരഞ്ഞെടുപ്പുകള്‍ ആണ് നടക്കുന്നത്. പ്രതിവര്‍ഷം ഏതാണ്ട് 200 മുതല്‍ 300 ദിവസങ്ങള്‍ വരെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആയി മാറ്റി വയ്ക്കപ്പെടുകയാണ്.
ഇത് സമൂഹത്തില്‍ തടസങ്ങള്‍ക്ക് കാരണം ആകുകയാണ്. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പിലൂടെ ഈ തടസങ്ങള്‍ മറികടക്കാന്‍ കഴിയും എന്ന് രാംനാഥ് കോവിന്ദ് സമിതിയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.
ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാന്‍ ഭരണഘടനയിലും, വിവിധ നിയമങ്ങളിലും കൊണ്ടുവരേണ്ട മാറ്റങ്ങളെ സംബന്ധിച്ചും സമിതി ശുപാര്‍ശ തയ്യാറാക്കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയുടെ ഏകീകരണം ഉള്‍പ്പടെയുള്ള വിഷയങ്ങളെ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഇവ നടപ്പാക്കുന്നതിനുള്ള രൂപരേഖയും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.
മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, ധന കമ്മീഷന് മുന്‍ ചെയര്മാന് എന്‍ കെ സിംഗ്, ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ സുബാഷ് കശ്യപ്, സീനിയര്‍ അഭിഭാഷകന് ഹരീഷ് സാല്‍വെ, മുന്‍ മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരായിരുന്നു അംഗങ്ങള്‍.
എന്നാല്‍, ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പിനെ ഇന്ത്യയിലെ 18 ഓളം പ്രതിപക്ഷകക്ഷികള്‍ എതിര്‍ക്കുന്നു. നിര്‍ദ്ദേശം പ്രായോഗികം അല്ല എന്നാണ് വിലയിരുത്തല്‍. പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമം എന്നാണ് പറയുന്നത്. ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കണമെങ്കില്‍ കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതിയെങ്കിലും വേണ്ടിവരും മാത്രമല്ല ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറ്റാനും ഇതിന് സാധിക്കും എന്ന് ചൂണ്ടിക്കാട്ടുന്നു .ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ സാഹചര്യങ്ങളും പശ്ചാത്തലവുമാണ്. അതു പരിഗണിക്കാതെയും സംസ്ഥാനങ്ങളില്‍ ഉരുത്തിരിയുന്ന രാഷ്ട്രീയപ്രശ്നങ്ങളെ കണക്കിലെടുക്കാതെയും യാന്ത്രികമായി തിരഞ്ഞെടുപ്പ് നടത്തുന്നത് അതല്ലെങ്കില്‍ ജനവിധി അട്ടിമറിച്ച് കേന്ദ്രഭരണം അടിച്ചേല്‍പ്പിക്കുന്നതും ജനാധിപത്യത്തെ തകര്‍ക്കും . ഗൗരവമേറിയ വിഷയത്തിൽ ധൃതി പിടിച്ച് തീരുമാനം എടുക്കേണ്ടതില്ലെന്നും കൂടുതൽ കൂടിയാലോചനകൾ നടത്തണമെന്നും പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെടുന്നു .ഇത് ജനാധിപത്യത്തെ പരിമിതപ്പെടുത്തുകയും സംസ്ഥാന അവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. പ്രാദേശിക പാര്‍ട്ടികളെയും ദേശീയ പാര്‍ട്ടികളെയും വേര്‍തിരിക്കും, ഒരു പാര്‍ട്ടിയുടെ ആധിപത്യം വര്‍ധിപ്പിക്കും, ഈ സംവിധാനം രാഷ്ട്രപതി ഭരണത്തിലേക്ക് നയിക്കും എന്നീ ആശങ്കകളാണ് ആശയത്തെ എതിര്‍ക്കുന്നവര്‍ അറിയിക്കുന്നത് .
സമിതിയുടെ ശിപാര്‍ശ പ്രകാരം അടുത്ത സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ നിയമം പാസ്സാക്കിയാല്‍ 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഇത് ചില സംസ്ഥാന സര്‍ക്കാറുകളെ നേരത്തേ പിരിച്ചുവിടുന്നതിലേക്ക് നയിക്കും. 2021 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്ന കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത് 2026ലാണ്. നിയമം പുതുക്കിയാല്‍ ഈ സംസ്ഥാനങ്ങളുടെ ഭരണ കാലാവധി മൂന്ന് വര്‍ഷമോ അതില്‍ കുറവോ ആയി ചുരുങ്ങും. കര്‍ണാടക, തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറാം, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും കാലാവധിക്ക് മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച്, തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ കാലാവധി അഞ്ച് വര്‍ഷമാണ്. മുന്‍ രാഷ്ട്രപതി അധ്യക്ഷനായ സമിതിയുടെ റിപോര്‍ട്ട് നടപ്പാക്കിയാല്‍ അത് ഭരണഘടനാ ലംഘനമായി മാറും.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ അംഗീകരിച്ച ദേശീയ പാര്‍ട്ടികള്‍ രണ്ടെണ്ണം മാത്രമാണ്. അതിലൊന്ന് ബി ജെ പിയാണ്. രണ്ടാമത്തേത് ബി ജെ പിയുടെ സഖ്യകക്ഷിയായ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍ പി പി). കോണ്‍ഗ്രസ്സ്, ആം ആദ്മി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, സി പി എം എന്നീ ദേശീയ പാര്‍ട്ടികള്‍ ഈ ആശയത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയവുമായി സമിതി രാജ്യത്തെ 62 രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെടുകയുണ്ടായി. ഇവയില്‍ 18 പാര്‍ട്ടികളുമായി നേരിട്ട് കൂടിയാലോചിക്കുകയും ചെയ്തിരുന്നു. അഭിപ്രായം അറിയിച്ചത് 42 പാര്‍ട്ടികളാണ്.
എല്ലാ തിരഞ്ഞെടുപ്പും ഒരേസമയം നടത്തുമ്പോള്‍ ചില മെച്ചങ്ങള്‍ ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരഞ്ഞെടുപ്പ് ചെലവും , മനുഷ്യാധ്വാനവും കുറയും. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളും , പാര്‍ട്ടികളും (സര്‍ക്കാറിന്റേതുമടക്കം) 60,000 കോടി രൂപ ചെലവഴിച്ചു എന്നാണ് കണക്ക്. 1952ല്‍ നടന്ന ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചെലവായ മൊത്തം സംഖ്യ 11 കോടി രൂപയായിരുന്നു. സംസ്ഥാനത്തെ വോട്ടര്‍മാര്‍ ഒരു സര്‍ക്കാറിനെ തിരഞ്ഞെടുക്കുന്നത് അഞ്ച് കൊല്ലം ഭരിക്കാനാണ്. 1994ലെ സുപ്രീം കോടതി വിധിയനുസരിച്ച് കാലാവധിക്കു മുമ്പേ സംസ്ഥാന മന്ത്രിസഭ പിരിച്ചു വിടുന്നതിന് പരിമിതിയുണ്ട്. മാത്രമല്ല എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തിയാല്‍ അവിടെ പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാനുള്ള സാധ്യത കുറവാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഓരോ പാര്‍ട്ടിയോടും വോട്ടര്‍മാര്‍ പുലര്‍ത്തുന്ന നിലപാട് വ്യത്യസ്തമായിരിക്കും.