ഇ -സിഗരറ്റ് ശീലമാക്കിയ 32 കാരിയുടെ ശ്വാസകോശത്തില്‍ നിന്ന് 2 ലിറ്റര്‍ കറുത്ത രക്തമടങ്ങിയ ദ്രാവകം നീക്കം ചെയ്തു.
യുഎസിലാണ് സംഭവം നടന്നത്. ഇ-സിഗരറ്റിന് അടിമയായ ജോര്‍ദാന്‍ ബ്രീലി എന്ന യുവതിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ തലച്ചോറിലും തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.
ഓരോ ആഴ്ചയും 500 ഡോളറാണ് (42000 രൂപ)ഇ-സിഗരറ്റിനായി ജോര്‍ദാന്‍ ചെലവാക്കിയിരുന്നത്. 2021 മുതലാണ് ജോര്‍ദാന്‍ ഇ-സിഗരറ്റ് വലിക്കാന്‍ തുടങ്ങിയത്. ഉറങ്ങുമ്ബോഴും കുളിക്കുമ്ബോഴും വരെ ഇവര്‍ ഇ-സിഗരറ്റ് ഉപയോഗിക്കുന്ന ശീലം തുടര്‍ന്നു.
എന്നാല്‍ 2023ല്‍ ജോര്‍ദാന് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങി. നെഞ്ചിന് വല്ലാതെ ഭാരവും വിട്ടുമാറാത്ത ചുമയും ജോര്‍ദാന് അനുഭവപ്പെട്ടു. ബ്രൊങ്കൈറ്റിസോ ശ്വാസകോശം സംബന്ധിച്ച മറ്റ് രോഗങ്ങളോ ആയിരിക്കുമെന്നാണ് ജോര്‍ദാന്‍ ആദ്യം ധരിച്ചത്.
” എനിക്ക് വിട്ടുമാറാത്ത ചുമയുണ്ടായിരുന്നു. ഒരാഴ്ചയില്‍ രണ്ടും മൂന്നും തവണ ആശുപത്രിയില്‍ പോകേണ്ടി വന്നു. പലപ്പോഴും എന്റെ ശബ്ദത്തിലും ഏറ്റക്കുറച്ചിലുണ്ടായി.ഓരോ തവണ ചെല്ലുമ്ബോഴും ആശുപത്രി അധികൃതര്‍ മരുന്ന് നല്‍കി എന്നെ വീട്ടിലേക്ക് പറഞ്ഞുവിടും,” ജോര്‍ദാന്‍ പറഞ്ഞു.
എന്നാല്‍ ദിവസം കഴിയുന്തോറും തന്റെ ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങിയെന്ന് ജോര്‍ദാന്‍ പറഞ്ഞു. കാല്‍മുട്ടിലും മറ്റും നീരുവെയ്ക്കാന്‍ തുടങ്ങിയെന്നും ചര്‍മ്മത്തിന്റെ നിറം മാറാന്‍ തുടങ്ങിയെന്നും ജോര്‍ദാന്‍ പറഞ്ഞു.
അങ്ങനെയിരിക്കെ ഒരിക്കല്‍ ജോര്‍ദാന്റെ മൂക്കില്‍ നിന്ന് കറുത്തനിറത്തിലുള്ള പഴുപ്പ് ഒഴുകുന്നത് ഇവരുടെ പങ്കാളിയുടെ ശ്രദ്ധയില്‍പ്പെട്ടു. അപ്പോള്‍ തന്നെ ജോര്‍ദാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടനെ തന്നെ ജോര്‍ദാന് അനസ്‌തേഷ്യ നല്‍കിയ ശേഷം ഡോക്ടര്‍മാര്‍ ഇവരുടെ ശ്വാസകോശത്തില്‍ നിന്ന് രണ്ട് ലിറ്ററോളം വരുന്ന കറുത്ത രക്തമടങ്ങിയ ദ്രാവകം പുറത്തേക്കെടുക്കുകയായിരുന്നു.
ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം ജോര്‍ദാന്‍ ആശുപത്രി വിട്ടു. എന്നാല്‍ ജോര്‍ദാന്റെ ശ്വാസകോശത്തിന്റെ ആരോഗ്യം പൂര്‍വ്വസ്ഥിതിയിലായിട്ടില്ല. ഈ സംഭവത്തിന് ശേഷം താന്‍ ഇ-സിഗരറ്റ് ഉപയോഗിച്ചിട്ടില്ലെന്നും ജോര്‍ദാന്‍ പറഞ്ഞു.