കോഴിക്കോട്: പി.വി. അൻവറിനെ നിലമ്ബൂർ മണ്ഡലം മുസ്‌ലിം ലീഗ് നേതാവ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാർത്ത വ്യാജമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ. സലാം പറഞ്ഞു. മാധ്യമങ്ങള്‍ തന്നെ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചു. അതില്‍ എവിടെയും അൻവറിനെ മുസ്‌ലിം ലീഗിലേക്ക് സ്വാഗതം ചെയ്യുന്നു എന്നൊരു പരാമർശമില്ല -സലാം പറഞ്ഞു.
ലീഗിന്റെയും യു.ഡി.എഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അൻവറിന് ആ നിലപാടിനൊപ്പം നില്‍ക്കേണ്ടിവരുമെന്ന് പറഞ്ഞാല്‍ അതെങ്ങനെ ലീഗിലേക്ക് സ്വാഗതം ചെയ്യലാകും? സുവ്യക്തമായ ഒരു വാചകത്തെ പോലും ഇങ്ങനെ വളച്ചൊടിക്കുന്നത് മാധ്യമ നീതിയല്ല.
അൻവർ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ നിജസ്ഥിതിയാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്. കാലങ്ങളായി ലീഗും യു.ഡി.എഫും ഉന്നയിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ വിളിച്ചുപറയുന്നത്. കേരളം ചർച്ച ചെയ്യേണ്ട ആ വിഷയത്തെ വഴിതിരിച്ചുവിടരുതെന്ന് മാത്രമേ മാധ്യമ സുഹൃത്തുക്കളോട് അഭ്യർഥിക്കാനുള്ളൂ -സലാം പ്രസ്താവനയില്‍ വ്യക്തമാക്കി