തിരുവനന്തപുരം: ഇടത് എംഎല്‍എ പി.വി.അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി.
ശത്രുക്കള്‍ക്ക് പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ ഇട്ടുകൊടുക്കരുതെന്ന് ശ്രീമതി വ്യക്തമാക്കി. അനുഭാവി ആയാലും അംഗമായാലും പാര്‍ട്ടി ബന്ധുവായാലും ആരായാലും ഇത് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പാര്‍ട്ടിയാണെന്നും പാര്‍ട്ടിയെ തളര്‍ത്തുന്ന ഇത്തരം നടപടികള്‍ ആരുടെയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും പികെ ശ്രീമതി പറഞ്ഞു. പിവി അന്‍വര്‍ പരസ്യനീക്കം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടിയെ തളര്‍ത്താന്‍ ശ്രമിച്ചെന്ന വിമര്‍ശനമാണ് മുതിര്‍ന്ന നേതാവ് പികെ ശ്രീമതി ഉന്നയിച്ചത്.
അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിദിനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീമതി. പോലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരെ അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ശ്രീമതിയുടെ പ്രതികരണം. പിണറായി സര്‍ക്കാര്‍ രണ്ടാമത് അധികാരത്തില്‍ വന്നതോട് കൂടി കേരളത്തിലെ പ്രതിപക്ഷവും കേന്ദ്രത്തിലെ ഭരണകക്ഷിയും മാധ്യമങ്ങളും കൂട്ടമായ നീക്കമാണ് പാര്‍ട്ടിക്കെതിരെ നടത്തികൊണ്ടിരിക്കുന്നത്. അധാര്‍മികമായ രീതിയാണ് മാധ്യമങ്ങള്‍ പിന്തുടരുന്നത്. അഴീക്കോടനെതിരെ അന്നത്തെ കാലത്തും സമാനമായ പ്രചാരണമാണ് നടത്തികൊണ്ടിരുന്നത്.
കഴിഞ്ഞ രണ്ടാഴ്ചത്തോളമായി കേരളത്തിലെ ഒരു നിയമസഭാ സാമാജികന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത്. മറ്റെല്ലാ കാര്യങ്ങളും തമസ്‌കരിക്കുന്നു. അതിന്റെ യാഥാര്‍ഥ്യം മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലൂടെ പറഞ്ഞിട്ടും മാധ്യമങ്ങള്‍ അടങ്ങിയില്ല. ഏതന്വേഷണത്തിനും നടപടിക്കും തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ചെവികൊണ്ടില്ല. ആരോപണം വന്നയുടന്‍ തന്നെ ആരോപണവിധേയര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പറയുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും അതേ സമീപനമാണ് ഉണ്ടായത്. അന്വേഷിച്ച് കണ്ടെത്താനുള്ള സാവാകാശം പോലും സര്‍ക്കാരിന് നല്‍കുന്നില്ല. അത് മാധ്യമ ഭീകരതയാണ്. കേരളത്തില്‍ മാത്രമാണ് ഇത്തരമൊരു നീക്കമുള്ളതെന്നും ശ്രീമതി പറഞ്ഞു.
അന്‍വറിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് ശേഷവും വിജയരാഘവനൊഴിക പ്രമുഖ നേതാക്കളൊക്കെ വിമര്‍ശിക്കാന്‍ മടി കാണിച്ചിരുന്നു. പാര്‍ട്ടി സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പിറക്കിയ ശേഷം വിജയി എന്ന മട്ടില്‍ കുറിപ്പ് പുറത്തിറക്കി അന്‍വര്‍ തര്‍ക്കം അവസാനിപ്പിക്കുന്നതായി അറിയിച്ചിരുന്നു. അന്‍വര്‍ പാര്‍ട്ടിയെ വെട്ടിലാക്കി എന്ന് പല നേതാക്കള്‍ക്കും അഭിപ്രായമുണ്ടെങ്കിലും പി കെ ശ്രീമതി മാത്രമാണ് തുറന്ന് പറയുന്നത്.
അന്‍വര്‍ വെറും അനുഭാവി മാത്രമാണ്. പാര്‍ട്ടിയെ ശത്രൂക്കള്‍ക്കിട്ട് കൊടുത്തു എന്നിങ്ങനെയുള്ള ശ്രീമതിയുടെ പരാമര്‍ശങ്ങള്‍ പ്രധാനമാണ്. അന്‍വറിന്റെ നീക്കത്തിന് ചില പ്രമുഖരുടെ ഒത്താശയുണ്ടോ എന്ന സംശയവും പാര്‍ട്ടിയില്‍ ബലപ്പെടുന്നുണ്ട്. പിണറായിക്കെതിരായ നീക്കമായും ഇതിനെ കാണുന്നുണ്ട്. സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പിണറായു ദുര്‍ബ്ബലനാകുമെന്നും പാര്‍ട്ടിയിലെ സമവാക്യം മാറുമെന്നുമാണ് അന്‍വറിന് ലഭിച്ച സൂചന. അതോടെ വീണ്ടും പരിഗണന ലഭിക്കുമെന്നും അദ്ദേഹം കരുതുന്നു. ഉറപ്പുകളൊന്നും കിട്ടാതെയാണ് അന്‍വര്‍ പരസ്യനീക്കത്തില്‍ നിന്ന് പിന്‍മാറിയത്. ഇതിനിടെ, മുഖ്യമന്ത്രിയോടുള്ള അതൃപ്തി വ്യക്തമാക്കി അദ്ദേഹത്തൊടൊപ്പമുള്ള കവര്‍ ഫോട്ടോ അന്‍വര്‍ ഫേസ് ബുക്ക് പേജില്‍ നിന്ന് നീക്കിയിരുന്നു.