കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി
മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശ നല്കിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിഷയത്തില്‍ അനാട്ടമി ആക്ട് പ്രകാരം തീരുമാനമെടുക്കട്ടെ. അതുവരെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ സൂക്ഷിക്കണമെന്നും തീർപ്പാകാതെ പഠനാവശ്യത്തിനായി ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടു.
മൃതദേഹം മെഡിക്കല്‍ കേളേജിന് നല്‍കണമെന്ന് രേഖാമൂലം ലോറൻസ് എഴുതി നല്‍കിയിട്ടില്ല. ആത്മകഥയില്‍ പോലും ഇത് പരാമർശിച്ചിട്ടില്ലെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചു. എന്നാല്‍, മൃതദേഹം പഠനാവശ്യത്തിനായി നല്‍കണമെന്ന് ലോറൻസ് വാക്കാല്‍ പറഞ്ഞിട്ടുണ്ടെന്നാണ് മറ്റുമക്കള്‍ കോടതിയെ അറിയിച്ചത്.
ലോറൻസിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറരുതെന്നും അങ്ങനെ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ലെന്നുമാണ് ഹർജിയിലുള്ളത്. ലോറൻസിന്റെ മൃതദേഹം ഇന്ന് വൈകുന്നേരം നാലു മണിയോടെ കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറാനിരിക്കെയാണ് ആശ ഹൈക്കോടതിയെ സമീപിച്ചത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ ഏഴര മുതല്‍ വീട്ടില്‍ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. ശേഷം, സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്ററില്‍ എത്തിക്കും. വൈകുന്നേരം നാല് മണിവരെ എറണാകുളം ടൗണ്‍ ഹാളിലും പൊതുദർശനം ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കള്‍ എംഎം ലോറൻസിന് അന്ത്യാഞ്ജലി അർപ്പിച്ചു.