ഉത്തര കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിനിടെ ഓടിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാർഡ് കണ്ടെത്തിയതായി സൂചന.
അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ക്രാഷ്ഗാർഡ് തന്നെയാണ് അതെന്ന് ലോറിയുടെ ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോറിയില്‍ തടി കെട്ടാനുപയോഗിച്ച കയറും കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗത്ത് തിരച്ചില്‍ തുടർന്നാല്‍ ലോറി കണ്ടെത്താനാകുമെന്നാണ് കരുതുന്നത്.
നാവിക സേന അടയാളപ്പെടുത്തിയ സ്ഥലത്ത് നടത്തിയ തിരച്ചിലിനിടെയാണ് ബമ്ബർ ലഭിച്ചത്. ബമ്ബറിന് പുറമെ ഒരു ബാഗും കിട്ടി. എന്നാല്‍ ബാഗ് അർജുന്റെത് അല്ലെന്നാണ് കുടുംബാംഗങ്ങള്‍ അറിയിച്ചത്.
‘നമ്മുടെ ലോറിയുടെ ഭാഗം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. പുറകുവശത്തെ ബമ്ബറാണ്. ആദ്യം മുതല്‍ അവിടെ തിരയാന്‍ പറഞ്ഞിരുന്നു. തിരയുന്നില്ലെങ്കില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും. കണ്ടെത്തിയ ഭാഗം തിരിച്ചറിയുന്നതിന് അധികൃതർ വിളിച്ചിട്ടുണ്ട്’ -മനാഫ് പറഞ്ഞു.
മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മാല്‍പെ തിങ്കളാഴ്ചത്തെ തിരച്ചിലില്‍ പങ്കെടുത്തിരുന്നില്ല. ജില്ലാഭരണകൂടവും പൊലീസുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഡ്രെഡ്ജർ ഉപയോഗിച്ച് തിരച്ചില്‍ നടത്തുന്നതിനടുത്തായി ഇറങ്ങാൻ ശ്രമിച്ച മല്‍പെയെ അതിന് അനുവദിച്ചിരുന്നില്ല.