ബെയ്റൂത്ത്: ലബനാനില്‍ 492ലേറെ പേർ കൊല്ലപ്പെട്ട വ്യോമാക്രമണത്തിന് ഇസ്രായേലിന് തിരിച്ചടിയുമായി ഹിസ്ബുല്ല. വടക്കൻ ഇസ്രായേലിലെ പ്രധാന നഗരമായ ഹൈഫയിലേക്ക് നിരവധി റോക്കറ്റുകള്‍ തൊടുത്തു.
ഹൈഫയിലെ ഇസ്രായേല്‍ സൈനിക വ്യവസായ സമുച്ചയത്തിന് നേരെയടക്കമാണ് ഹിസ്ബുല്ല റോക്കറ്റ് വിക്ഷേപിച്ചതെന്ന് വാർത്താ ഏജൻസിയായ അനഡോലു റിപ്പോർട്ട് ചെയ്യുന്നു.
ഇത് രണ്ടാം തവണയാണ് ഹിസ്ബുല്ല ഹൈഫയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നത്. ഞായറാഴ്ചയും നഗരത്തിന് നേരെ മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ഹൈഫയ്ക്ക് വടക്കുള്ള റാഫേല്‍ ഇലക്‌ട്രോണിക്സ് കമ്ബനിയിലും നോർത്തേണ്‍ കോർപ്സിൻ്റെ റിസർവ് ആസ്ഥാനത്തും അമിയാദ് ക്യാമ്ബിലെ ഗലീലി ഫോർമേഷന്റെ ലോജിസ്റ്റിക്സ് ബേസിലും ഡസൻ കണക്കിന് റോക്കറ്റുകള്‍ വിക്ഷേപിച്ചതായി ഹിസ്ബുല്ല പറഞ്ഞു.
റോക്കറ്റുകള്‍ പതിച്ച സാഹചര്യത്തില്‍ ഹൈഫയിലടക്കം ഇസ്രായേല്‍ മുന്നറിയിപ്പ് സൈറൻ മുഴക്കി. ഹിസ്ബുല്ല റോക്കറ്റ് ആക്രമണം വ്യാപിപ്പിച്ചതിനാല്‍ വടക്കൻ ഇസ്രായേലിലുടനീളവും അധിനിവേശ വെസ്റ്റ് ബാങ്കിൻ്റെ വടക്കൻ ഭാഗത്തും മുന്നറിയിപ്പ് സൈറൻ മുഴക്കിയതായി സൈന്യം അറിയിച്ചു.
യുദ്ധഭീതിയില്‍ ആളുകള്‍ ബങ്കറിലേക്കും മറ്റും ഓടിയൊളിക്കുകയാണ്. തിങ്കളാഴ്ച വൈകുന്നേരം സൈറൻ മുഴങ്ങിയതിനാല്‍ ഹൈഫയിലെ താമസക്കാർ അഭയം തേടി ഓടിയതായി എഎഫ്‌പി മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിൻ്റെ വടക്കൻ ഭാഗങ്ങളില്‍ 180ഓളം പ്രൊജക്‌ടൈലുകളും ഒരു ഡ്രോണും ഇസ്രായേല്‍ വ്യോമാതിർത്തിയിലേക്ക് കടന്നതായി സൈന്യം അറിയിച്ചു. ആക്രമണ സാധ്യത മുന്നില്‍ക്കണ്ട് ഇസ്രായേലില്‍ ഒരാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം. സെപ്തംബർ 30 വരെയാണ് രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അതേസമയം, ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡർ അലി കറാകി കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ വധശ്രമം പരാജയപ്പെട്ടെന്ന് ലബനാൻ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. ഹിസ്ബുല്ല സൈനിക നേതൃത്വനിരയിലെ മൂന്നാമത്തെ വ്യക്തിയാണ് അലി കറാകി. ആദ്യ റാങ്കിലുള്ള ഫുആദ് ഷുക്കൂറിനേയും രണ്ടാമനായ ഇബ്രാഹിം ആഖിലിനേയും ഇസ്രായേല്‍ കൊലപ്പെടുത്തിയിരുന്നു. ഇപ്പോള്‍ അലി കറാകിയെയും കൊലപ്പെടുത്തിയെന്നാണ് അവകാശവാദം. എന്നാല്‍ ഇത് തള്ളുകയാണ് ഹിസ്ബുല്ല.
2006നു ശേഷം ഏറ്റവുമധികം ആളുകള്‍ ലബനാനില്‍ കൊല്ലപ്പെട്ട ദിവസമായിരുന്ന തിങ്കളാഴ്ച. രാവിലെ മുതല്‍ കിഴക്കൻ, തെക്കൻ ലബനാനില്‍ ആരംഭിച്ച വ്യോമാക്രമണത്തില്‍ ജീവൻ നഷ്ടമായവരുടെ എണ്ണം 492 ആയെന്ന് അല്‍ ജസീറ റിപ്പോർട്ട് ചെയ്യുന്നു. 1200ലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 24 പേർ കുട്ടികളും 42 പേർ സ്ത്രീകളുമാണെന്ന് ലബനാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനവാസകേന്ദ്രങ്ങളിലാണ് ഇസ്രായേല്‍ ബോംബിട്ടത്.
ഗസ്സയിലേതിനു സമാനമായി ലബനാനിലും സാധാരണക്കാർക്കു നേരെയാണ് ഇസ്രായേലിന്റെ ആക്രമണം. വീടുകള്‍ക്കും ആരോഗ്യകേന്ദ്രങ്ങള്‍ക്കും വ്യാപാര- താമസ കെട്ടിടങ്ങള്‍ക്കും നേരെയാണ് ഇസ്രായേല്‍ സേന ആക്രമണം അഴിച്ചുവിടുന്നത്. പരിക്കേറ്റവരെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുന്ന ആബുലൻസുകളെ പോലും ഇസ്രായേല്‍ സൈന്യം വെറുതിവിടുന്നില്ലെന്നും ആക്രമണം ഭയന്ന് വാഹനങ്ങളില്‍ കയറി രക്ഷപെടുന്നവരെയും ആക്രമിക്കുകയാണെന്നും ആരോഗ്യമന്ത്രി ഫിറാസ് അബ്‌യാദ് പറഞ്ഞു.
നേരത്തെ വടക്കൻ ഇസ്രായേല്‍ മേഖലയില്‍ ലബനാനുമായി അതിർത്തി പങ്കിടുന്ന ഭാഗത്തുമാത്രമായിരുന്നു ആക്രമണമെങ്കില്‍ തിങ്കളാഴ്ച വ്യാപക ആക്രമണമാണ് ഇസ്രായേല്‍ നടത്തിയത്. ലബനനിലുടനീളം 1000ലധികം സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഹിസ്ബുല്ലയ്ക്കു നേരെയാണ് ആക്രമണം എന്നാണ് ഇസ്രായേല്‍ വാദമെങ്കിലും ഇരയാകുന്നവർ സാധാരണക്കാരാണ്. അതേസമയം, വീടുകളും മറ്റ് കെട്ടിടങ്ങളും ഉടൻ ഒഴിയണമെന്ന് ഇസ്രായേലി ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ലെബനനിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്