ഡല്‍ഹി: പതിനാറുകാരനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു. കിഴക്കൻ ഡല്‍ഹിയിലെ ഷകർപുരിലാണ് സംഭവം. പുതിയ ഫോണ്‍ വാങ്ങിയതിന് പാർട്ടി നല്‍കാൻ ആവശ്യപ്പെട്ടപ്പോള്‍ നിഷേധിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത മൂന്നുപേരാണ് കൊലയ്ക്ക് പിന്നില്‍. എല്ലാവർക്കും 16 വയസാണ്. ഒമ്ബതാം ക്ലാസ് വിദ്യാർഥികളാണ് ഇവർ.
പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം തിങ്കളാഴ്ച വൈകീട്ട് 07:15-ന് ഷകർപുരിലെ സമോസ വില്‍പ്പന കേന്ദ്രത്തിന് സമീപം ചോരപ്പാടുകള്‍ കണ്ടു. തുടർന്ന് പ്രദേശവാസികളോട് അന്വേഷിച്ചപ്പോഴാണ് ഒരു സംഘം ആണ്‍കുട്ടികള്‍ ചേർന്ന് മറ്റൊരു ആണ്‍കുട്ടിയെ കുത്തിയതായി പറഞ്ഞത്.
കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും നാട്ടുകാർ പോലീസിനോട് പറഞ്ഞു. ഒരുമണിക്കൂറിന് ശേഷം ആശുപത്രിയില്‍ നിന്ന് ഷികർപുർ പോലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചു.
കൊല്ലപ്പെട്ട കുട്ടിയും സുഹൃത്തും പുതിയ ഫോണ്‍ വാങ്ങി വരുമ്ബോഴാണ് സംഭവമുണ്ടായതെന്ന് പോലീസ് പറയുന്നു. വരുന്ന വഴിയിലാണ് മറ്റ് മൂന്നുപേരെ കണ്ടത്. പുതിയ ഫോണ്‍ വാങ്ങിയതിന് പാർട്ടി നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടി ഈ ആവശ്യം നിഷേധിച്ചതോടെ ഇവർ അക്രമിക്കുകയായിരുന്നു.
കുട്ടിയുടെ പുറത്ത് രണ്ടുതവണ കുത്തേറ്റു. ആശുപത്രിയിലെത്തുമ്ബോഴേക്ക് കുട്ടി മരിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. പ്രതികളായ കുട്ടികളെ സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പിടികൂടിയിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച കഠാര പോലീസ് കണ്ടെത്തിയിട്ടുണ്ട്