ഹേയ് ബനാനേ ഒരു പൂ തരാമോ… ഹേയ് ബനാനേ ഒരു കായ് തരാമോ… സോഷ്യല്‍ മീഡിയയില്‍ തരംഗം തീർക്കുന്ന ഒരു പാട്ടാണിത്.
അടുത്തിടെ പുറത്തിറങ്ങി ഹിറ്റായി മാറിയ വാഴ എന്ന ചിത്രത്തിലെ ഗാനം. സിനിമ തിയേറ്ററില്‍ നിന്നും ഒടിടിയില്‍ എത്തിയെങ്കിലും പാട്ട് ഹിറ്റായത് പക്ഷേ മറ്റൊരു സന്ദർഭത്തിലാണ്. ഓണനാളുകളില്‍ നടന്ന ഒരാഘോഷ പരിപാടിയില്‍ ഒരു ചുള്ളൻ ചെക്കൻ പാടിയത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഇൻസ്‌റ്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം ആരാണാപ്പാ ഈ മൊഞ്ചൻ എന്ന അന്വേഷണത്തിലാണ് സംഗീതപ്രേമികള്‍. മലപ്പുറം തിരൂർ അരീക്കാട് സ്വദേശിയായ അഫ്‌സലാണ് ബനാനയെ വൈറലാക്കിയ പാട്ടുകാരൻ.
തിരൂരിലെ കിൻഷിപ്പ് എന്ന സ്ഥാപനത്തിലെ ഓണാഘോഷ പരിപാടിക്കാണ് അഫ്‌സല്‍ ബനാന ഗാനം പാടിയത്. ഭിന്നശേഷിക്കാരുടെ ക്ഷേമാർത്ഥം പ്രവർത്തിക്കുന്ന സ്ഥാപനമാണ് കിൻഷിപ്പ്. രണ്ട് വർഷമായി ഈ സ്ഥാപനത്തിലെ ഒഫീഷ്യല്‍ വാളണ്ടിയർ ആയി പ്രവർത്തിക്കുകയാണ് അഫ്‌സല്‍. സംഗീതവും ഒപ്പമുണ്ട്. വിവാഹപ്പാർട്ടികളിലും മറ്റ് ആഘോഷപരിപാടികളിലുമെല്ലാം പാടാറുമുണ്ട്. അങ്ങിനെ ഒരവസരത്തിലാണ് കിൻഷിപ്പിലെ ഓണോഘോഷത്തിന് പാടിയത്. അപ്രതീക്ഷിതമായി അത് വൈറലാവുകയായിരുന്നു. അഫ്‌സല്‍ പോലും പ്രതീക്ഷിക്കാത്ത തലത്തിലേക്ക് ബനാന ഗാനം തരംഗമായി.
ഇതിലെ ഏറ്റവും വലിയ കൗതുകം എന്താണെന്ന് വച്ചാല്‍, സാധാരണഗതിയില്‍ മെലഡി ഗാനങ്ങള്‍ മാത്രം പാടുന്ന അഫ്‌സല്‍ അന്ന് ആദ്യമായാണ് ഒരു അടിപൊളി പാട്ട് പാടിയത്. സ്ഥാപനത്തിലെ വീല്‍ച്ചെയറിലുള്ള സുഹൃത്തുക്കളുടെ പ്രോത്സാഹനം കൊണ്ടാണ് തനിക്ക് അവിടെ അങ്ങനൊരു ഡാൻസ് കളിച്ച് പാട്ട് പാടാൻ കഴിഞ്ഞതെന്ന് അഫ്‌സല്‍ പറയുന്നു.
”ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇത്തരത്തില്‍ വൈറലാകുമെന്ന്. കാരണം ഞാൻ ഒരുപാട് റീല്‍സ് ഇതിന് മുമ്ബ് ചെയ‌്തിട്ടുണ്ട്. ഇൻസ്‌റ്റഗ്രാമില്‍ അതൊന്നും വിജയകരമായിരുന്നില്ല. ബനാന പാട്ട് പോസ്‌റ്റ് ചെയ‌്തതിന്റെ മൂന്നാം നാള്‍ തന്നെ വലിയ റീച്ച് ലഭിച്ചു. ഒരുപാട് പേർ വിളിക്കാനും പ്രോഗ്രാമുകള്‍ ബുക്ക് ചെയ്യാനും തുടങ്ങി. ഏഴ് മില്യണിലധികം പേർ ഞാൻ പാടിയത് ഇതിനോടകം കണ്ടുകഴിഞ്ഞു. ബനാനഗാനം പാടുന്നതിന് മുമ്ബ് 3000 ഫോളോവേഴ്‌സ് മാത്രമാണ് എനിക്ക് ഇൻസ്‌റ്റയില്‍ ഉണ്ടായിരുന്നത്. രണ്ട് ദിവസം കൊണ്ട് അത് 20000 ആയി. ഇപ്പോഴത് 60000 കടന്നു നില്‍ക്കുകയാണ്. ദുബായില്‍ നിന്ന് ഒരു ഓഫർ വന്നിട്ടുണ്ട്. വെള്ളിയാഴ്‌ച വൈകിട്ട് അവിടെ എത്തണം എന്നാണ് സംഘാടകർ അറിയിച്ചിട്ടുള്ളത്. രണ്ട് കോളേജുകളിലേക്കും ഗസ്റ്റായി വിളിച്ചിട്ടുണ്ട്”.
ഒരു പാട്ടുകാരനാകണം എന്ന രീതിയില്‍ ഇതുവരെ പരിശ്രമിച്ചിട്ടില്ല. നിലവില്‍ തിരൂരിലെ സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ടന്റാണ്. സുഹൃത്തുക്കളുടെ സപ്പോർട്ട് കൊണ്ടാണ് ഈ നിലയില്‍ വൈറലായത്. ഇനി സംഗീതം ഗൗരവമായി കാണണം എന്നുണ്ടെന്നും അഫ്‌സല്‍ പറഞ്ഞു
അഫ്സലിനും പാട്ടിനുമൊപ്പം വൈറലായ ആ പെണ്‍കുട്ടിയെ കുറിച്ച് പറഞ്ഞില്ലെങ്കില്‍ ഈ സ്റ്റോറി പൂർണമാകില്ല. അഫ്‌സലിന്റെ പാട്ട് ആസ്വദിച്ച് കണ്ടുനിന്ന ആ മൊഞ്ചത്തിയുടെ പേര് അബല്‍മ എന്നാണ്. പ്ളസ്‌ടു വിദ്യാർത്ഥിനിയായ അബല്‍മയും കിൻഷിപ്പിലെ വോളന്റിയർ ആണ്. പട്ടാമ്ബിയാണ് സ്വദേശം. രണ്ടു വർഷം മുമ്ബ് നടന്ന ഒരു ക്യാമ്ബില്‍ പങ്കെടുക്കാനാണ് അബല്‍മ കിൻഷിപ്പില്‍ എത്തിയത്. പിന്നീട് അവരുടെ പ്രവർത്തനങ്ങളില്‍ പങ്കാളിയാവുകയായിരുന്നു.
”പാട്ടുകേട്ടപ്പോള്‍ അറിയാതെ ആസ്വദിച്ചുനിന്നതാണ്. വൈറലായതോടെ എല്ലാവരും വിളിക്കാൻ തുടങ്ങി”-അബല്‍മ പറയുന്നു.