ബെംഗളൂരു: അര്ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന് ചെലവും കര്ണാടക സര്ക്കാര് വഹിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.
ഡി.എന്.എ പരിശോധനകള് ഒറ്റദിവസം കൊണ്ട് പൂര്ത്തിയാക്കി മറ്റന്നാളോടെ മൃതദേഹം കേരളത്തിലെത്തിക്കാനാണ് ശ്രമം. ഇതുസംബന്ധിച്ച് ജില്ല ഭരണകൂടത്തിന് മുഖ്യമന്ത്രി നിര്ദേശം നല്കി. ആംബുലന്സ് ഉള്പ്പെടെയുള്ള സൗകര്യങ്ങളൊരുക്കാനാണ് നിര്ദേശം.
അതേസമയം ഷിരൂര് ദൗത്യം ലക്ഷ്യത്തിലെത്തിക്കാനയതില് സംതൃപ്തിയെന്ന് സിദ്ധരാമയ്യ പറഞ്ഞു. കാണാതായ രണ്ട് പേര്ക്കായി ഗംഗാവലിപ്പുഴയില് തിരച്ചില് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ലോകേഷ്, ജഗന്നാഥന് എന്നിവര്ക്കായി തെരച്ചില് തുടരുമെന്ന് കാര്വാര് എംഎല്എ സതീഷ് കൃഷ്ണ സെയിനിയും അറിയിച്ചു.
അതിനിടെ അര്ജുന്റെ മൃതദേഹം കണ്ടെത്താന് നടത്തിയ ശ്രമങ്ങള്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് കര്ണാടക സര്ക്കാരിന് കത്തയച്ചു. കാര്വാര് എം.എല്.എയുടെ ശ്രമങ്ങള്ക്ക് പ്രത്യേക നന്ദിയും മുഖ്യമന്ത്രി രേഖപ്പെടുത്തി.
മാത്രമല്ല, ഷിരൂര് ദൗത്യത്തില് കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അഭിനന്ദിച്ച് കെ സി വേണുഗോപാല് എം പി രംഗത്തെത്തി. പലതരത്തിലുള്ള വിമര്ശനങ്ങള് വന്നിരുന്നു. രാജ്യം കണ്ട വലിയ രക്ഷാദൗത്യങ്ങളില് ഒന്നാണ് അര്ജുന് വേണ്ടി കര്ണാടക സര്ക്കാര് നടത്തിയതെന്നും കെ സി വേണുഗോപാല് അഭിനന്ദിച്ചു. 71 ദിവസത്തെ പ്രയത്നത്തിനൊടുവിലാണ് ദൗത്യം ലക്ഷ്യം കണ്ടത്. കര്ണ്ണാടക സര്ക്കാറിന്റെ നിശ്ചയ ദാര്ഢ്യമാണ് വിജയത്തിലെത്തിച്ചത്. കര്ണാടക സര്ക്കാര് കാണിച്ചത് മികച്ച മാതൃകയെന്ന് എം കെ രാഘവന് എംപിയും പ്രശംസിച്ചു. തെരച്ചിലിന്റെ മുഴുവന് ചെലവും വഹിച്ചത് കര്ണാടക സര്ക്കാരാണ്. കേരളത്തിന്റെ നന്ദി അറിയിക്കുന്നുവെന്ന് എം കെ രാഘവന് എംപി പ്രതികരിച്ചു