അങ്കോല: അർജുന്റെ ലോറിയുടെ കാബിനില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വീണ്ടെടുത്തു. ഗംഗാവലി പുഴയില്‍ നിന്ന് പുറത്തെടുത്ത ശേഷം കാബിന്റെ ഉള്‍വശം പരിശോധിച്ചപ്പോഴാണ് സാധനങ്ങള്‍ കണ്ടെത്തിയത്.
അർജുന്റെ കുഞ്ഞിന്റെ കളിപ്പാട്ട ലോറി കാബിന്റെ ഉള്ളില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ കണ്ടുനിന്നവർക്കെല്ലാം അത് നൊമ്ബരമായി. ലോറിയുമായി ദൂരയാത്രയ്ക്ക് പോകുമ്ബോള്‍ മകന്റെ ഓർമ്മകളെ ഒപ്പം കൂട്ടാനായി അർജുൻ കൊണ്ടുപോയതായിരുന്നു ഈ കളിപ്പാട്ടം.
തകർന്ന നിലയിലാണ് അർജുൻ ഓടിച്ചിരുന്ന ലോറിയുടെ കാബിൻ പുഴയില്‍നിന്ന് പുറത്തെടുത്തത്. കരയിലെത്തിച്ച കാബിൻ വ്യാഴാഴ്ച രാവിലെയാണ് ക്രെയിനുകള്‍ ഉപയോഗിച്ച് ദേശീയപാതയോരത്ത് എത്തിച്ചത്. തുടർന്നായിരുന്നു പരിശോധന. നേരത്തേ കാബിനകത്തുനിന്ന് അസ്ഥി അടക്കമുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു.
ചെളി നിറഞ്ഞ നിലയിലായിരുന്നു കാബിൻ. ദേശീയപാതയോരത്ത് എത്തിച്ച ശേഷം കാബിൻ വെട്ടിപ്പൊളിച്ച് വള്ളം അടിച്ച് വൃത്തിയാക്കി. തുടർന്നാണ് കാബിനകത്ത് പരിശോധിച്ചത്. കുഞ്ഞിന്റെ കളിപ്പാട്ട ലോറി, അർജുൻ ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍, വാച്ച്, ബാഗ്, പാത്രങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയെല്ലാം കാബിനില്‍ നിന്ന് കിട്ടി. കാബിനില്‍ നിന്ന് ലഭിച്ച സാധനങ്ങള്‍ അർജുന്റെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു അസ്ഥി കഷ്ണവും രാവിലെ നടന്ന പരിശോധനയില്‍ ലഭിച്ചിരുന്നു.
കർണാടക സർക്കാർ സാധ്യമായതെല്ലാം ചെയ്തുവെന്ന് അർജുന്റെ സഹോദരി അഞ്ജു നേരത്തേ പറഞ്ഞിരുന്നു. മലയാളികളും കേരളത്തിലെ മാധ്യമങ്ങളും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ യൂട്യൂബ് ചാനലുകള്‍ നടത്തിയ വ്യാജപ്രചരണം വേദനിപ്പിച്ചെന്നും കുടുംബത്തിനും ലോറി ഉടമ മനാഫിനും ഒരുപാട് സൈബർ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
‘ആദ്യം തന്നെ സഹായിച്ചത് എം.കെ.രാഘവൻ എംപിയാണ്. സംസ്ഥാന സർക്കാരും പ്രതിനിധികളെ അയച്ച് കുടുംബത്തോടൊപ്പം നിന്നു. കർണാടക എം.എല്‍.എ. സതീഷ് കൃഷ്ണ സെയില്‍ അടക്കം കൂടെ നിന്നതുകൊണ്ടാണ് ഡ്രഡ്ജർ പരിശോധന നടന്നത്. ഡ്രഡ്ജിങ് സാധ്യമാക്കാൻ കെ.സി.വേണുഗോപാലും എം.കെ.രാഘവനും നേരിട്ട് സമ്മർദ്ദം ചെലുത്തി. കുടുംബത്തിന് വേണ്ടി ജിതിനാണ് എല്ലാം ചെയ്തത്. മനാഫ് മറ്റൊരു രീതിയിലും കാര്യങ്ങള്‍ ചെയ്തു. അർജുന് വേണ്ടി പലരും പല രീതിയിലുള്ള മാർഗങ്ങള്‍ സ്വീകരിച്ചു. എല്ലാവർക്കും ഉത്തരം കിട്ടി. ലോറി കണ്ടെത്തുമെന്നും അതിന് സമയമെടുക്കുമെന്നും കാർവാർ എസ്.പി കുടുംബത്തെ ബോധ്യപ്പെടുത്തിയിരുന്നു. തുടക്കത്തില്‍ തെറ്റായ വിവരങ്ങളറിയിച്ച് ചിലർ കുടുംബത്തെ അടക്കം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കർണാടക ഭരണകൂടം ഈശ്വർ മാല്‍പെയെ തഴഞ്ഞതല്ല’, അഞ്ജു കൂട്ടിച്ചേർത്തു.
ഡി.എൻ.എ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുവെന്നും നിയമപരമായ നടപടിക്രമങ്ങള്‍ പൂർത്തിയാകുന്നത് വരെ കാത്തിരിക്കുമെന്നും പറഞ്ഞ അവർ, കുടുംബത്തോടൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.