മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസമാണ് കടന്നു പോകുന്നത്. ഷിരൂരില്‍ 71 ദിവസങ്ങള്‍ക്ക് മുമ്ബുണ്ടായ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ട്രക്ക് ഡ്രൈവർ അർജുനെയും അർജുന്റെ ലോറിയെയും ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയത് ഇന്ന്ലെ വൈകുന്നേരമാണ്
ലോറിയുടെ കാബിനില്‍ കണ്ടെത്തിയത് അര്‍ജുന്റെ മൃതദേഹമാണോ എന്നതില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടാകൂവെങ്കിലും കണ്ടെത്തിയത് അർജുനെ തന്നെയാണ് എന്നാണ് കരുതുന്നത്. മലയാളികളുടെ ഉറച്ച പിന്തുണയും പ്രോത്സാഹനവും കൊണ്ട് തന്നെയാണ് 71 ദിവസങ്ങള്‍ക്കിപ്പുറവും ദൗത്യം നടന്നത് എന്നത് കർണ്ണാടക സർക്കാർ പോലും സമ്മതിച്ചു തരുന്ന ഒന്നാണ്.
ഒരു തരത്തില്‍ ചിന്തിക്കുമ്ബോള്‍ അർജുന്റെ മരണം ഉയർത്തുന്ന നിരവധി ചോദ്യങ്ങളുണ്ട്. ഒരു പക്ഷെ നമ്മുടെ സംവിധാനങ്ങളിലുളള ന്യൂനതകളാണ് അർജുന്റെ ജീവൻ കവർന്നെടുത്തത്. നമ്മുടെ നിരത്തുകളില്‍ എവിടെയെങ്കിലും നിശ്ചിത ഇടവേളകളില്‍ ഇവര്ക്കായി മെച്ചപ്പെട്ട വാഹന പാർക്കിങ് കേന്ദ്രങ്ങളും , വിശ്രമ കേന്ദ്രങ്ങളും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ നമ്മുടെ രാജ്യത്ത് ഏതെങ്കിലും സംസ്ഥാനംത്തിനു കഴിയുന്നുണ്ടോ ? നല്ലൊരു ശതമാനവും ഇല്ല. നാഷണല്‍ ഹൈവേ പുനർനിർമ്മാണം നടക്കുമ്ബോള്‍ പോലും ഏറ്റവും ആവശ്യക്കാരായ ഇവർക്ക് മിനിമം വിശ്രമ സൗകര്യങ്ങള്‍ ഒരുക്കാൻ പ്ലാനിംഗ് മുതല്‍ അവയെ ഉള്‍ക്കൊള്ളിച്ചു നടപ്പിലാക്കാൻ ഉദ്യോഗസ്ഥ വൃന്ദത്തിനു കഴിയുന്നുണ്ടോ? ഇല്ല. കാരണം അവർ എവിടേലും കിടക്കട്ടെ ആര് മൈൻഡ് ചെയ്യുന്നു ഇവരെയൊക്കെ എന്നുള്ള മനോഭാവം. അതാണ് നമ്മുടെ ശാപം. സുരക്ഷ എന്ന വാക്കിനും അതിന്റെ അർത്ഥത്തിനും ഒരു അപകടമുണ്ടാകുന്നത് വരെയും നമ്മള്‍ വിലകല്‍പ്പിക്കുന്നില്ല എന്നതാണ് സത്യം. ഇപ്പോള്‍ വിഷയത്തില്‍ വിശദമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നാഷണല്‍ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെൻ്ററിലെ ഹൈവേ എഞ്ചിനീയറിംഗ് ഡിവിഷൻ സീനിയർ സയൻ്റിസ്റ്റ് സുബിൻ ബാബു. അദ്ദേഹം പങ്കുവച്ച കുറിപ്പ് വായിക്കാം.
ഷിരൂർ ഗംഗാവാലിയെപ്പറ്റി പലതവണ എഴുതിത്തുടങ്ങിയിട്ടും എന്നിലെ നിഗമനങ്ങള്‍ പറയുമ്ബോള്‍ അതുമായി ബന്ധപ്പെട്ടു പിന്നീട് വരാൻ സാധ്യത ഉള്ള കമന്റ് ആക്ഷേപങ്ങള്‍, ജോലിസ്ഥലത്ത് നിന്ന് വന്നേക്കാവുന്ന ബുദ്ദിമുട്ടുകള്‍, സമ്മർദ്ദങ്ങള്‍ ഒക്കെ ഓർത്തു ഒഴിവാക്കിയിരുന്നു. എന്നാല്‍ മാധ്യമങ്ങളുടെ ക്ളീഷേ പരിപാടികള്‍ കണ്ടും, ചർച്ചകള്‍ കേട്ട് സഹികെട്ടപ്പോള്‍ ആണ് ഒരു ലേഖനം എഴുതിയത്. എന്നെ സംബന്ധിച്ച് ഇത്രയും കാലത്തേ എന്റെ ജീവിതത്തില്‍ പൊതുജനങ്ങള്‍ക്ക് ഏറെ ഉപകരിച്ചു, അവരിലെ ദിവസങ്ങളോളം ഉള്ള അർജുനെയും അദ്ദേഹം ഓടിച്ച ലോറിയെയും ഒക്കെ പറ്റിയുള്ള മാനസികമായ ചിന്താക്കുരുക്കുകള്‍ക്ക് വലിയൊരു ശമനം നല്‍കിയ ഒരു ലേഖനമായിരുന്നു അത് എന്നറിയാൻ കഴിഞ്ഞതില്‍ കൃതാര്ഥതയുണ്ട്. “സുരക്ഷ” എന്ന വാക്ക് അപകടം വരും വരെ ആരും വിലകല്പിക്കാത്ത, ഒരു ശ്രദ്ധയും നല്‍കാത്ത ഒന്നാണ്. ആ ഒരു വാക്കും പൊക്കിപ്പിടിച്ചുകൊണ്ട് കേരളത്തിലെ എന്റെ ഔദ്യോഗിക ജീവിതത്തില്‍ 2010 മുതല്‍ ഞാൻ നാടിന്റെ ഓരോ മൂലയിലും ക്ലാസുകള്‍ നയിച്ചും, ജനങ്ങളോട് അപേക്ഷിച്ചും അവരെ എൻജിനീയറിങ് കാര്യങ്ങളും അവയിലെ പരാജയ സാധ്യതകളും, അലിഞ്ഞിരിക്കുന്ന അപകടസാധ്യതകളും ഒക്കെ പഠിപ്പിക്കാൻ ജീവിതം നീക്കിവെച്ചു നടക്കുന്ന ഒരു വ്യക്തിയാണ്. ഒരു മനുഷ്യനും ഇവക്കൊന്നും ചെവികൊടുക്കാറില്ല. എന്തിനു സോഷ്യല്‍ മീഡിയയില്‍ എഴുതിയാല്‍ ഒന്ന് വായിക്കാൻ പോലും മനസ് കാണിക്കാതെ പുച്ഛിക്കുന്ന കമെന്റുകള്‍ രാഷ്ട്രീയ ചുവയോടെ, ആക്ഷേപത്തോടെ ഇടാറുണ്ട് ഇന്നും. കുടുംബത്തില്‍ നിന്നുവരെ പുച്ഛം പലപ്പോളും സഹിക്കേണ്ടി വരാറുണ്ട്. കുടുംബത്തിന് പത്തു പൈസക്ക് ഉതകുന്ന കാര്യങ്ങള്‍ ചെയ്യാതെ, മേലുദ്യോഗസ്ഥരെ അവരുടെ സ്വഭാവ രീതി നോക്കി സുഗിപ്പിച്ചു ഉയരങ്ങളില്‍ എത്താൻ വേണ്ടത് ചെയ്യാതെ എല്ലാപേരുടെയും പുച്ഛവും, ആക്ഷേപവും വാങ്ങി പോസ്റ്റുമെഴുതി, ആർക്കും വേണ്ടാത്ത സുരക്ഷാ ക്‌ളാസ്സുകളും നയിച്ച് വെറുതെ ജീവിതം പാഴാക്കുന്ന ഒരു വ്യക്തിയായി ജീവിക്കുന്നതില്‍. പക്ഷെ എന്തോ എനിക്ക് അതൊന്നും കഴിയുമായിരുന്നില്ല അന്നും ഇന്നും. ഇന്നും സുരക്ഷയെപ്പറ്റി ആർക്കും വേണ്ടാഞ്ഞിട്ടും പറഞ്ഞുകൊണ്ട് ഇരിക്കുന്നു. വായിക്കാൻ ആർക്കും സമയമില്ല, ക്ഷമയില്ല, മനസ്സില്ല താല്പര്യവുമില്ല. എഴുത്തു നിർത്തുന്നതിനു എനിക്ക് ഒട്ടു കഴിയുന്നുമില്ല.
ഷിരൂരിനെപ്പറ്റി അന്നെഴുതിയത്(കമന്റില്‍ കാണുക ) പോലും ജനത്തില്‍ ആ സംഭവം വല്ലാത്തൊരു വൈകാരിക മാനസിക അവസ്ഥയും, സ്‌ട്രെസും മടങ്ങിവരാൻ സാധ്യത വളരെ കുറിച്ചുള്ള ഒരാളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത് കണ്ടിട്ടാണ്. അവരില്‍ അമിത പ്രതീക്ഷയുടെയും, തെറ്റിദ്ധാരണകളില്‍ നിന്നുള്ള വൈകാരിക അഭിപ്രായപ്രകടനങ്ങളും ദേഷ്യം കണ്ടിട്ടാണ്. ഒരുപാട് പേർക്ക് അത് ഉപകരിച്ചു എന്നറിഞ്ഞതില്‍ എന്നെക്കൊണ്ട് അതേലുമായല്ലോ എന്നു സമാധാനം.
ഇത്രയും ഇന്ന് എഴുതുന്നതും ഇനി രണ്ടു ദിവസത്തേക്ക് വരാനിരിക്കുന്ന കുറെ ചർച്ചകള്‍ മുന്നില്‍ കണ്ടിട്ട് മാത്രമാണ്.
1) ആദ്യ ദിവസമേ മണ്ണിടിഞ്ഞു കിടക്കുന്നതിനു അടിയില്‍ ലോറി ഉണ്ടാകില്ല എന്ന ചിന്തയോടെ വെള്ളത്തില്‍ തപ്പിയിരുന്നേല്‍ ജീവനോട് അർജുൻ കിട്ടുമായിരുന്നില്ല ?
ഒരിക്കലും കിട്ടുമായിരുന്നില്ല എന്നുള്ളതാണ്. ലോറിയുടെ കെട്ടുറപ്പും, മേയ്ക്കരുത്തും onnum പറഞ്ഞിട് കാര്യമില്ല. വെള്ളത്തില്‍ വീണോ വെള്ളം കയറിയിരിക്കും. നല്ല നീന്തല്‍ വശമുള്ള വെള്ളത്തില്‍ ഒത്തിരി നേരം മുങ്ങിക്കിടക്കാൻ പരിശീലനം നേടിയ ഒരാള്‍ക്ക് പോലും അത്ര ചെളിയും ഒഴുക്കും നിറഞ്ഞ അത്ര ആഴമുള്ള വെള്ളത്തിലേക്ക് മറിയുന്ന ലോറിയില്‍ നിന്ന് ഒന്ന് അനങ്ങാനോ, രക്ഷപെടാൻ ഒരു ശ്രമം നടത്തി ഗ്ലാസ് പൊട്ടിച്ചു ജലനിരപ്പിലേക്കു എത്തുന്നതിനോ സാധിക്കില്ല. വെള്ളത്തില്‍ വീണു എന്ന് തിരിച്ചറിയും മുന്നേ ഒഴുക്ക് ബോധം കവർന്നു കഴിയും എന്നുള്ളതാണ് വാസ്തവം. കാരണം ഒരു വലിയ മലയുടെ ഭാഗം തുടച്ചു നീക്കിയാണ് ഈ ഉരുള്‍ ലോറിയിലേക്ക് എത്തുന്നത് പോലും. അതിനാല്‍ തിരച്ചില്‍ നദിയിലേക്കു ആദ്യ മണിക്കൂറില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു എങ്കിലും അദ്ദേഹത്തെ ജീവനോട് കിട്ടാനുള്ള സാധ്യത ഏതാണ്ട് ഇല്ല എന്ന് തന്നെ പറയാം.
2) രഞ്ജിത് ഇസ്രായേല്‍ ആണോ ശരി, കർണ്ണാടക സർക്കാർ ആണോ ശരി, മാദ്ധ്യമങ്ങള്‍ ആണോ ശരി ?
ഇതൊരു ദുരന്ത നിവാരണ കർമ്മമായതുകൊണ്ട് തന്നെ എപ്പോളും ശ്രദ്ധിക്കേണ്ടത് അതുമായി ബന്ധപ്പെട്ട ആ മേഖലയില്‍ ഒത്തിരി ഓപ്പറേഷനുകള്‍ നടത്തിയിട്ടുള്ള നിയുക്ത വിഭാഗങ്ങള്‍ തന്നെ ഉചിത തീരുമാനങ്ങള്‍ എടുത്തു മുന്നോട് പോകണം എന്നുള്ളതാണ്. ബാക്കി എല്ലാ വിഭാഗങ്ങളും, മാധ്യമങ്ങളും ബാഹ്യ സഹായങ്ങള്‍ ഒരുക്കുകയാണ് വേണ്ടത്. നദിയിലെ ആ ഒഴുക്കില്‍ നദിയില്‍ പ്രത്യേകിച്ച് വ്യാപ്തിയില്‍ ഒരു അന്വേഷണം നടത്തുക ആദ്യ കുറെ ദിവസങ്ങളില്‍ പ്രാക്ടിക്കല്‍ അല്ല തന്നെ. ഒരു deep water diver ക്കു പോലും ഒരു രീതിക്കും പിടിച്ചു നില്ക്കാൻ ആകാത്ത 25 നോട്സ് വേഗത്തില് കുത്തൊഴുക്ക്. വെള്ളത്തിന്റെ ഒഴുക്കിനേക്കാള്‍ അപകടകരമായിരുന്നു ആ വെള്ളത്തില്‍ ഒളിച്ചുവന്ന വാൻ വൃക്ഷങ്ങള്‍ ഉള്‍പ്പെടെ ഉള്ളവയുടെ ഒഴുക്ക്. ലഭ്യമായ ഉയർന്ന തീവ്രതയുള്ള underwater portable lighting സിസ്റ്റത്തിന് പോലും ഒരു മീറ്റർ പോലും കാഴ്ച കിട്ടാത്ത വിധം കലങ്ങിയ വെള്ളം. ഇതൊക്കെ ആയിരുന്നു സാഹചര്യങ്ങള്‍.
3) ഈ അപകടത്തിന്റെ ഉറവിടം എവിടെ നിന്ന് എന്നതാകട്ടെ ഇനിയുള്ള ചോദ്യം. ഇപ്പോള്‍ ഇതിനു പ്രസക്തി ഉണ്ട്. അല്പം കഴിഞ്ഞാല്‍ ഇതൊരു ഓർമ്മയാകും. അതുകൊണ്ട് അതിനു മുൻപേ ചോദിക്കാം.
അർജുൻ എന്ന വ്യക്തി ഒരു പ്രതീകമാണ്. നമ്മുടെ ഓരോരുത്തരുടെയും ജീവൻ തുടിക്കാൻ ആവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ ഉള്ള ടണ്‍കണക്കിന് ചരക്കുകള്‍ സമയബന്ധിതമായി നമ്മിലേക്ക് എത്തിക്കുന്ന പതിനായിരക്കണക്കിന് സാധാരണക്കാരായ ലോറി ഡ്രൈവർമാരുടെ പ്രതീകം. നമുക്ക് ലക്ഷക്കണക്കിന് കിലോമീറ്റർ നീളമുള്ള ദേശീയ സംസ്ഥാന പാതകള്‍ ഉണ്ട്. ഏറ്റവും കൂടുതല്‍ ചരക്കു വാഹനങ്ങള്‍ നീങ്ങുന്നത് ഈ പാതകളില്‍ ആണ്. ഒരുപക്ഷെ ദിനം പ്രതി ഒരു സംസ്ഥാനത്തിലെയും പ്രൈവറ്റ് വാഹന ഉപയോക്താക്കള്‍ പോകുന്നതിലും വളരെയേറെ ദൂരം, വളരെയേറെ തവണ സ്ഥിരം റൂട്ടുകളില്‍ ഓടാൻ വിധിക്കപ്പെട്ടവരും ഹെവി ഡ്രൈവർമാരാണ് . ദിവസങ്ങളോളം, ആഴ്ചകളോളം ക്ഷമയോടെ സാവധാനം ഓടിച്ചാല്‍ മാത്രം ലക്ഷ്യത്തില്‍ ഏതാണ് കഴിയുന്നവർ. വഴിനീളെ ഉള്ള യാത്രയില്‍ ഉയർന്ന വേഗത കൈവരിക്കാൻ ആകില്ല, നല്ല ഭക്ഷണം, നല്ല വിശ്രമം യാതൊന്നും കിട്ടി വരില്ല. അലഞ്ഞു കൊണ്ടേ ഇരിക്കുന്ന ജീവിതവുമായി അവർ നമുക്കായി വളയം പിടിക്കുന്നു. ഈ റോഡുകളില്‍ എവിടെയെങ്കിലും നിശ്ചിത ഇടവേളകളില്‍ ഇവര്ക്കായി മെച്ചപ്പെട്ട വാഹന പാർക്കിങ് കേന്ദ്രങ്ങളും , വിശ്രമ കേന്ദ്രങ്ങളും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ നമ്മുടെ രാജ്യത്ത് ഏതെങ്കിലും സംസ്ഥാനംത്തിനു കഴിയുന്നുണ്ടോ ? നല്ലൊരു ശതമാനവും ഇല്ല.
നാഷണല്‍ ഹൈവേ പുനർനിർമ്മാണം നടക്കുമ്ബോള്‍ പോലും ഏറ്റവും ആവശ്യക്കാരായ ഇവർക്ക് മിനിമം വിശ്രമ സൗകര്യങ്ങള്‍ ഒരുക്കാൻ പ്ലാനിംഗ് മുതല്‍ അവയെ ഉള്‍ക്കൊള്ളിച്ചു നടപ്പിലാക്കാൻ ഉദ്യോഗസ്ഥ വൃന്ദത്തിനു കഴിയുന്നുണ്ടോ? ഇല്ല. കാരണം അവർ എവിടേലും കിടക്കട്ടെ ആര് മൈൻഡ് ചെയ്യുന്നു ഇവരെയൊക്കെ എന്നുള്ള മനോഭാവം. അതാണ് നമ്മുടെ ശാപം.
ഈ നാഷണല്‍ ഹൈവേയില്‍ ഈ റൂട്ടില്‍ ഏറ്റവും അപകട സാധ്യത കൂടിയ മലനിരകള്‍ , വളവും തിരിവും ഒക്കെ വരുന്ന ഭാഗമാണ്. നിർഭാഗ്യവശാല്‍ ഈ ഭാഗത്തു രണ്ടിടത്ത് ഒരേ സമയം കുറെ ലോറികള്‍ നിർത്തിയിടാനുള്ള സ്ഥലം ഉണ്ടായി. വാഹനം ഒന്നൊതുക്കാൻ വാക്ക് നോക്കി വരുന്ന ഡ്രൈവർമാർ അങ്ങനെ വാഹനം അവിടെ നിർത്തിത്തുടങ്ങി. കുളിക്കാൻ ഉള്‍പ്പെടെ നീരുറവ ഉള്ളതിനാല്‍ ഈ സ്ഥലം ലോറി ഡ്രൈവർമാർക്ക് ഈ റൂട്ടിലെ പ്രധാന വിശ്രമ സ്ഥലമായി. ലോറികള്‍ അധികമായി വാപരഃ ചെയ്യുന്നത് കണ്ടപ്പോള്‍ ആ ഭാഗത്തെ സാധാരണക്കാർ ചെറിയ കടകള്‍ ഇട്ടു അവർ വരുമാന മാർഗം കണ്ടെത്തി. അത് പിന്നെ ഡ്രൈവർമാരെ ഏറെ ആ ഭാഗത്തേക്ക് ആകർഷിക്കാൻ തുടങ്ങി. മുകളിലെ മല റോഡിനായി പലതവണ ഷവർമ്മ ഉണ്ടാക്കും പോലെ അരിഞ്ഞു ഇറക്കിയാണ്. ഈടാക്കും മുറക്കും മണ്ണിടിച്ചില്‍ ഉണ്ട് . അധികാരികളും അത് മൈൻഡ് ചെയ്തില്ല, നിയമപാലകർ, രാഷ്ട്രീയക്കാർ ആരും മൈൻഡ് ചെയ്തില്ല. ഡ്രൈവർമാരും സുരക്ഷാ ബോധക്കുറവ് കൊണ്ട് ഇതുപോലെ ഒരു അപകടം മനസ്സില്‍ കണ്ടില്ല. അപ്പൊ ഉതരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ അവരുടെ പണി സുരക്ഷാബോധത്തോടെ ദീർഘ വീക്ഷണത്തോടെ ചെയ്തിരുന്നു എങ്കില്‍ ഈ അപകടം ജനിക്കുമായിരുന്നോ?
കൃത്യമായ ഇടവേളകളില്‍ എല്ലാ തരം വാഹനങ്ങള്ക്കും വേണ്ട പാർക്കിങ് സംവിധാനങ്ങള്‍ ഒരുക്കുകയും , ആ ഭാഗത്തെ ജനങ്ങള്‍ക്ക് അവരുടെ കാർഷിക ഉല്‍പ്പന്നങ്ങല്‍ വില്‍ക്കാനും , മറ്റു ഉപജീവന മാർഗവും കണ്ടെത്താൻ അവശ്യ കെട്ടിടങ്ങളും , വിശ്രമമുറികളും ഒരുക്കിയിരുന്നു എങ്കില്‍ മിതമായ തുക ഈടാക്കിക്കൊണ്ട് ഈ പാവം ഡ്രൈവർമാർ ആ സൗകര്യം പ്രയോജനപ്പെടുത്തി സുരക്ഷിതറായി വിശ്രമിച്ചേനെ. അപ്പൊ ദീർഘ വീക്ഷണം ഇല്ലാതെ ഉള്ള പ്ലാനിങ് , നടപ്പാക്കല്‍ ഇവിടെ വെച്ചെങ്കിലും തടയിടപ്പെടട്ടെ.
കേരളത്തിലെ NH.66 വികസനം എന്റെ ജീവിതത്തില്‍ ഇന്നുവരെ ഞാൻ കണ്ടിട്ടുള്ള റോഡ് നിർമ്മിതികളില്‍ വെച്ച് ഏറ്റവും നിരുത്തരവാദപരമായി നടക്കുന്ന ഏറെ അപകട സാധ്യതകള്‍ സമീപ ഭാവിയില്‍ വരുത്തിവെച്ച ശേഷി ഉള്ള ഒന്നാണ്. ഇത്രയേറെ കോണ്‍ട്രാക്ടറുമാർ ഏറ്റെടുത്തു ഓരോ സ്‌ട്രെച്ച്‌കള്‍ ആയി ചെയ്തുപോരുന്ന ഈ പദ്ധതിയില്‍ ഒരാള്‍ പോലും പൊതുജന സുരക്ഷക്കായി യാതൊന്നും ചെയ്തുകൊണ്ട് അല്ല നിർമ്മിതി നടത്തുന്നത്. ചാനല്‍ ചർച്ചകളും ചോർച്ചകളും ഈ എഴുത്തും ഒന്നും ഇതിനു ഗുണം ചെയ്യില്ല. ജനങ്ങള്‍ ഇച്ഛാശക്തി ഉള്ളവർ ആകണം. ജനങ്ങള്‍ സുരക്ഷതത്വ ബോധം ഉള്ളവർ ആകണം. അർജുന്റെ ദൗർഭാഗ്യകരമായ ഈ വിയോഗത്തില്‍ എങ്കിലും ജനങ്ങള്‍ സുരക്ഷാ എന്ന കാര്യത്തിന് ജീവിതത്തിലെ ഓരോ നിമിഷവും വിലയും ശ്രദ്ധയും നല്കാൻ ശീലിക്കണം. സംവിധാനങ്ങള്‍ വരുമ്ബോള്‍ അവ ജനങ്ങളുടെ സുരക്ഷ മുന്നില്‍ കണ്ടുകൊണ്ട് പ്ലാൻ ചെയ്തു നിർമ്മിക്കണം.
ഇന്ന് ആറ്റിങ്ങല്‍ നിന്ന് തിരുവനന്തപുരം വരെ വരും വഴി ടു വീലറില്‍ ഞാൻ വന്ന ദിശയില്‍ മൊബൈല്‍ ചെവിയില്‍ തിരുകി സംസാരിച്ചുകൊണ്ട് അശ്രദ്ധമായി ഓടിച്ചുപോകുന്ന 127 പേരെ എന്റെ ശ്രദ്ധയില്‍ കണ്ട കണക്കില്‍ എണ്ണി. തിരിച്ചറിയപ്പെടാതെ പോയവർ ഒത്തിരി കാണും. അതുപോലെ 14 പേർ കുഞ്ഞിനെ സ്‌കൂട്ടറില്‍ രണ്ടുപേർക്കും നടുക്കായി ഉയർത്തി നിർത്തിക്കൊണ്ട് ഓടിച്ചുപോകുന്നത് കണ്ടു. അതില്‍ ആറ് പേരെ സുരക്ഷിതമായി വഴി അരികില്‍ അപേക്ഷിച്ചു നിർത്തിച്ചു കാര്യം പറഞ്ഞു. 1 ആള്‍ പറഞ്ഞ കാര്യം ഉള്‍കൊണ്ട് നന്ദി പറഞ്ഞു കുഞ്ഞിനെ ഇരുത്തി യാത്ര തുടർന്ന്. 3 പേർക്ക് കുഞ്ഞു കരയുമത്രെ. കരയാതെ കൊണ്ടുപോകാൻ ഇതേ വഴി ഇല്ലെന്നു പറഞ്ഞു താല്പര്യമില്ലാത്ത മുഖത്തില്‍ കടന്നുപോയി. 2പേര് നീ ആര് നീ നിന്റെ ക്രൈം നോക്കെടാ എന്ന് പറഞ്ഞു ഒന്നര ആക്ഷേപവും തന്നു പോയി. ചേട്ടാ കുഞ്ഞിനെ നിർത്തി കൊണ്ട് പോകരുത് . വണ്ടി ഒരിക്കലും മാറിയില്ല എന്ന് പറയാൻ ആകില്ല. മറിഞ്ഞത് കുഞ്ഞിനു വലിയ ആപത്തു വരാം. ഇതാന് എല്ലാപേരോടും പറഞ്ഞത്. ചിലർക്ക് ഭാര്യ കേള്‍ക്കെ ഇത്രേം പറഞ്ഞതുകൊണ്ട് ആകാം പുച്ഛിക്കാൻ തോന്നിയത്.
സുരക്ഷക്ക് ഒരു മാർഗ്ഗമേ ഉള്ളു . ഓരോ നിമിഷവും ചുറ്റിലും ഉള്ള സാഹചര്യങ്ങള്‍ ശ്രദ്ധയോടെ സുരക്ഷാ മുന്നില്‍ കണ്ടു വീക്ഷിച്ചുകൊണ്ട് പെരുമാറുക.
കുളിപ്പുരയില്‍ കയറി കുളി കഴിഞ്ഞാല്‍ അര ബക്കറ്റ് വെള്ളം അതില്‍ തന്നെ വെച്ചി്ട്ട് പോകുന്ന ഒരുപാട് പേരുണ്ട്. കുഞ്ഞുങ്ങള്‍ അഥവാ വാതില്‍ തുറന്നു കിടന്നാല്‍ അതില്‍ വന്നു തലയിടും എന്നും ഒരു നിമിഷം നമ്മുടെ ശ്രദ്ധ തെറ്റിയാല്‍ അതില്‍ മുങ്ങി ചാകും എന്നും അനുഭവം വരും വരെ ആറം ഓർക്കാറില്ല. സുരക്ഷ എന്നത് ഇതുപോലുള്ള ചെറിയ ചിന്തകളും ശ്രദ്ധയോടെ ഉള്ള കരുതലും ആണെന്ന് ഓർക്കുക. നമ്മുടെ സുരക്ഷക്ക് വേണ്ടി ആരും ഒന്നും ചെയ്യില്ല ഇവിടെ. നമ്മുടെ രക്ഷ നമ്മുടെ കൈകളില്‍ ഭദ്രമായി ഇരിക്കട്ടെ.
അർജ്ജുന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു. ആ കുടുംബത്തിന് ആ ദുഃഖം ഉള്‍കൊള്ളാൻ കഴിയട്ടെ. ഇനി ഇതുപോലെ ആപത്തുകള്‍ ആർക്കും വരാതെ ഇരിക്കട്ടെ.
ഡ്രൈവർ സഹോദരങ്ങളോട് ഒരു വാക്ക്. വാഹനം പാർക്ക് ചെയ്തു വിശ്രമിക്കും മുൻപ് അർജുൻ ഒരു സുരക്ഷയുടെ വഴികാട്ടി ആയി നിങ്ങളുടെ ഹൃദയത്തില്‍ എന്നും വേണം. സുരക്ഷാ ശ്രദ്ധിച്ചു മാത്രം മുന്നോട്ട് പോകുക
ഇതൊക്കെ ഒന്ന് വിളിച്ചു പറയാൻ ഒരു അവസരം തന്നപ്പോള്‍ ഒരു ചാനലില്‍ പോയി. അവരോട് ഏറെ ബഹുമാനവും നന്ദിയും വെച്ചുകൊണ്ട് പറയട്ടെ മണിക്കൂറുകള്‍ നീണ്ട ഒറ്റ ടേക്കില്‍ പോയ നല്ലൊരു ചർച്ച 16 മിനുട്ട് ആയി വെട്ടി ചുരുക്കിയപ്പോള്‍ പറഞ്ഞ നല്ല പോയിന്റുകള്‍ ഒക്കെ വെട്ടിലായി.. അവിടെയും നിരാശ മാത്രം ബാക്കി .
സാമൂഹിക പ്രതിബദ്ധതയോടെ സുബിൻ