നിലമ്പൂർ | ഇടത് എം.എല്‍.എ. പി.വി. അൻവറിനെതിരെ നിലമ്ബൂരില്‍ സിപിഎം പ്രതിഷേധം. നിലമ്ബൂർ നഗരത്തില്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധപ്രകടനം നടക്കുന്നത്.
ചെങ്കൊടി തൊട്ട് കളിക്കണ്ട എന്ന ബാനറും അൻവറിന്റെ കോലവുമായാണ് പ്രകടനം നഗരത്തിലൂടെ നീങ്ങുന്നത്.
അൻവർ സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ നടത്തുന്ന ആക്ഷേപങ്ങള്‍ക്കെതിരെ സിപിഎം പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് എം.വി.ഗോവിന്ദൻ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് അൻവറിനെതിരെ പാർട്ടി പ്രവർത്തകർ പ്രതിഷേധത്തിനിറങ്ങിയത്. സിപിഎമ്മുമായി അൻവറിന് ഇനി ഒരു ബന്ധവും ഉണ്ടാകില്ലെന്നും ഗോവിന്ദൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഏരിയാ തലത്തില്‍ പ്രതിഷേധ പ്രകടനത്തിന് സി.പി.എം. ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്തിരുന്നു. പി.വി. അൻവർ എം.എല്‍.എ. സർക്കാരിനും പാർട്ടിക്കുമെതിരേ നടത്തുന്ന ഹീനമായ അപവാദ പ്രചാരണങ്ങള്‍ക്കെതിരെ പ്രതിഷേധപ്രകടനമെന്നാണ് സി.പി.എം. അറിയിച്ചത്. ‘വലതുരാഷ്ട്രീയ ശക്തികളുടെ കോടാലി പി.വി. അൻവറിനെ ഒറ്റപ്പെടുത്തുക’, എന്നാണ് പ്രകടന പോസ്റ്റർ പങ്കുവെച്ച് സി.പി.എം. ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലെ ആഹ്വാനം.
അതേസമയം, താൻ ആരോപണമുന്നയിച്ച സ്വർണക്കടത്തുകേസുകളില്‍ തൊണ്ടിമുതലായി പിടിച്ചെടുത്ത സ്വർണം ഉരുക്കിയ അപ്രൈസർ ഉണ്ണികൃഷ്ണന്റെ കൊണ്ടോട്ടിയിലെ വീട്ടിലേക്ക് അൻവർ മാധ്യമങ്ങളുമായി എത്തി. കൊണ്ടോട്ടി പരിസരത്ത് പത്ത് കോടിയിലധികം രൂപയുടെ ആസ്തി ഇയാള്‍ക്കുണ്ടെന്ന് അൻവർ ആരോപിച്ചു. രണ്ടുമൂന്നുവർഷത്തിനുള്ളില്‍ സമ്ബാദിച്ചതാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
ഗോവിന്ദൻ മാഷ് പറഞ്ഞ ‘അടിസ്ഥാന രഹിതമായ ആരോപണത്തിന്റെ’ ബാക്കി പത്രമാണിതെന്ന് ഉണ്ണികൃഷ്ണന്റെ വീട് ചൂണ്ടി അൻവർ പരിഹസിച്ചു. സുജിത് ദാസ് വന്നതിന് ശേഷമാണ് ഇയാള്‍ക്ക് അജിത് കുമാറുമായി ബന്ധം. ‘വളരേ ചെറിയ കടയില്‍, ഉമിയിട്ട് ചട്ടിയില്‍ ഊതി സ്വർണ്ണം ഉരുക്കുന്ന, പാവപ്പെട്ട തട്ടാന്റെ രണ്ടുമൂന്ന് കൊല്ലത്തെ ചെറിയ സമ്ബാദ്യമാണ് ഇത്’, വീട് ചൂണ്ടിക്കാട്ടി അൻവർ പരിഹസിച്ചു.