മലപ്പുറം: സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വീണ്ടും ആഞ്ഞടിച്ച് നിലമ്ബൂർ എംഎല്‍എ പിവി അൻവർ.
തന്നെ കൊള്ളക്കാരനാക്കി ചിത്രീകരിച്ചെന്നും എന്തിനാണ് വഞ്ചിച്ചതെന്നും അൻവർ വാർത്താസമ്മേളനത്തിനിടെ ചോദിച്ചു. തന്റെ തുറന്നുപറച്ചിലിന് പിന്നാലെയുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഭയക്കുന്നില്ലെന്നും അൻവർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മനസുകൊണ്ട് എല്‍ഡിഎഫ് വിട്ടിട്ടില്ല. എല്‍ഡിഎഫിനൊപ്പം തന്നെയാണ് ഇപ്പോഴും, മാറിനില്‍ക്ക് എന്ന് പറയുന്നത് വരെ ഇവിടെ നില്‍ക്കും. ഇങ്ങനെ പോയാല്‍ 2026ലെ തിരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശ് കിട്ടാത്ത സ്ഥാനാർത്ഥികളുണ്ടാകും. മാദ്ധ്യമപ്രവർത്തകരോട് മാത്രമല്ല, എനിക്ക് ജനങ്ങളോടടക്കം കാര്യങ്ങള്‍ പറയാനുണ്ട്. സ്വർണക്കടത്തില്‍ തനിക്ക് പങ്കുണ്ടെങ്കില്‍ അന്വേഷണം നടത്തട്ടേ’- അൻവർ പറഞ്ഞു. തനിക്ക് ഇനി പ്രതീക്ഷ കോടതി മാത്രമാണെന്നും അൻവർ കൂട്ടിച്ചേർത്തു.