ചിലർ അങ്ങനെയാണ്.
അവർ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോയാലും ആളുകൾ ചോദിച്ചുകൊണ്ടേയിരിക്കും!. അതിൽ പെട്ട ഒരാളായിരുന്നു ഇന്ന് നമ്മെ വിട്ട് വിടപറഞ്ഞുപോയ “മഹമൂദ് മുട്ടോൻ”.
ഏകദേശം 28 വർഷമായി ഞാൻ അദ്ദേഹത്തെ കാണാൻ തുടങ്ങിയിട്ട്. ദൈദിന്റെ പരിസര പ്രദേശത്ത് ജോലി ചെയ്യാൻ തുടങ്ങിയ കാലം മുതൽ കാണുന്ന ഒരു മുഖമാണ് മഹ്മൂദിക്കാന്റെത്. ദൈദ് മലയാളി അസോസിയേഷന്റെ നെടും തൂണായിരുന്നു അദ്ദേഹം. ദൈദിൽ ഇന്ത്യൻ എംബസിയുടെ സേവനം ലഭിച്ചിരുന്ന കാലത്ത് അത് നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. സുന്നി സെന്ററിന്റെയും കെ. എം. സി. സി. യുടെയും സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. മത – രാഷ്ട്രീയ – സാമുദായിക ഭേദമന്യേ എല്ലാ മനുഷ്യരോടും സ്നേഹത്തോടെ, പുഞ്ചിരിച്ചു കൊണ്ട് മാത്രമേ അദ്ദേഹം സാംസാരിക്കുന്നത് കണ്ടിട്ടുള്ളൂ.
അദ്ദേഹം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന സമയത്ത് അദ്ദേഹത്തെ കുറിച്ച് എന്തങ്കിലും എഴുതി ഗൾഫ് മാധ്യമത്തിൽ കൊടുക്കണം എന്ന് ചിലർ എന്നോട് പറയുകയുണ്ടായി. “എന്താണ് എഴുതേണ്ടത് പറയൂ” എന്നാവശ്യപ്പെട്ടപ്പോൾ അവർ അദ്ദേഹത്തെ കുറിച്ച് നിർത്താതെ സംസാരിക്കാൻ തുടങ്ങി!!. അദ്ദേഹത്തെ കുറിച്ച് പറയാൻ ആയിരം നാവുകളായിരുന്നു അവർക്ക് അപ്പോൾ!!.
ഈയുള്ളവൻ മാട്ടൂൽ സ്വദേശിയാണ് എന്നറിയുമ്പോൾ ദൈദിലുള്ളവർ എന്നും ആദ്യം അന്വേഷിക്കുന്നത് ഇദ്ദേഹത്തെ കുറിച്ചായിരിക്കും!. ദൈദിലെ സന്നദ്ധ – സേവന രംഗത്തെ ചിരിക്കുന്ന മുഖമായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ ആരും അദ്ദേഹത്തെ മറക്കുന്നില്ല!!.
പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ സവിശേഷത. ഒഴിവുസമയങ്ങൾ പൊതുപ്രവർത്തനത്തിനു വേണ്ടി മാറ്റി വെച്ച നല്ലൊരു മനുഷ്യൻ. തന്നെപോലെ മറ്റുള്ളവരും പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അതിയായി കൊതിച്ചിരുന്നു. കൂടെയുള്ളവരെ നന്മയുടെ മാർഗ്ഗത്തിൽ കൂട്ടി നടക്കാൻ അദ്ദേഹം പ്രതേകം ശ്രദ്ധിച്ചിരുന്നു. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോയതിനു ശേഷവും സാമൂഹിക രംഗത്ത് സജീവമായിരുന്നു.
ഒരാളുടെ സല്‍പ്രവര്‍ത്തനങ്ങളുടെ സുഗന്ധം ചുറ്റും പ്രസരിക്കുമ്പോള്‍ അതില്‍ നിന്ന് അപരരുടെ മനസ്സില്‍ ദീപ്തമാകുന്ന പ്രകാശത്തിന്‍റെ വാക് രൂപമാണ് ഒരാളെ കുറിച്ചുള്ള വിശേഷണങ്ങള്‍. ഷാർജയിലും ദൈദിന്റെയും [പരിസര പ്രദേശത്തും അനേകം വിശേഷണങ്ങള്‍ക്ക് അര്‍ഹനായ വ്യക്തിത്വത്തിന്‍റെ ഉടമായായിരുന്നു “മഹമൂദ് മുട്ടോൻ”.
മരണം എങ്ങനെയാണ് നമ്മിലേക്ക് കടന്നുവരുക എന്ന് പ്രവചിക്കുക സാധ്യമല്ല. ചിലര്‍ പൊടുന്നനെ മരിക്കുമ്പോള്‍, മറ്റു ചിലര്‍ രോഗശയ്യയില്‍ കിടന്ന് ദീര്‍ഘകാലത്തിന് ശേഷമായിരിക്കും മരിക്കുക. വേറെ ചിലര്‍ അപ്രതീക്ഷിതമായ അപകടത്തിലൂടെ മരിക്കുമ്പോള്‍ മറ്റുചിലര്‍ തങ്ങള്‍ ഏര്‍പ്പെട്ട്കൊണ്ടിരിക്കുന്ന ജോലിയില്‍വെച്ച് ഈ ലോകത്തോട് വിടചോദിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: മരണവേളയില്‍ ആത്മാക്കളെ പിടിച്ചടെുക്കുന്നത് അല്ലാഹുവാണ്. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ആത്മാവിനെ അവരുടെ ഉറക്കത്തില്‍ പിടിച്ചുവെക്കുന്നതും അവന്‍ തന്നെ. അങ്ങനെ താന്‍ മരണം വിധിച്ച ആത്മാക്കളെ അവന്‍ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ ഒരു നിശ്ചിത കാലാവധി വരെ അവന്‍ തിരിച്ചയക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.(39:42).
ഓരോ മരണവും ഓരോ ഉണർത്തലുകളാണ്.
മാട്ടൂൽ ഗ്രാമത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ തങ്കലിപികളാൽ കുറിക്കപ്പെട്ട മർഹും വി.പി. കെ അബ്ദുൽ ഖാദർ മാസ്റ്ററുടെ മകനും എന്റെ പ്രിയ സുഹൃത്ത് സുബൈർ മുട്ടോന്റെ ജേഷ്ഠ സഹോദരനുമാന് ഇദ്ദേഹം. അദ്ദേഹം കല്യാണം കഴിച്ചിരിക്കുന്നത് മാട്ടൂൽ ഗ്രാമത്തിലെ മറ്റൊരു ചരിത്ര പുരുഷൻ കെ. പി. അബ്ദുൽ ഖാദർ മാസ്റ്ററുടെ മകളുടെ മകളെയാണ്.
അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
അല്ലാഹു അദ്ദേഹത്തെ വിജയികളുടെ കൂട്ടത്തിൽ ഉൾപെടുത്തട്ടെ. ( ആമീൻ).
എൻ. കെ. അബ്ദു സമദ് മാട്ടൂൽ
ദൈദ്, ഷാർജ.