കോഴിക്കോട്: അർജുന്റെ കുടുംബത്തിനെ ടാർഗറ്റ് ചെയ്യരുതെന്നു ലോറി ഉടമ മനാഫ്. കുടുംബത്തിന് എന്തെങ്കിലും മോശമായി തോന്നിയെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും അർജുനെ കണ്ടെത്തണമെന്ന ആവശ്യം നിരന്തരം ഓർമിപ്പിച്ചതുകൊണ്ടാണ് തിരച്ചില്‍ മൂന്നാം ഘട്ടംവരെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മറക്കാൻ എളുപ്പമാണെന്നും താൻ ആളുകളെ വീണ്ടും വീണ്ടും ഓർമിപ്പിക്കുകയായിരുന്നുവെന്നും അതിനുള്ള മാധ്യമം മാത്രമായിരുന്നു യൂട്യൂബ് ചാനലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നും അർജുന്റെ കുടുംബത്തിനൊപ്പമാണെന്നും വിവാദങ്ങള്‍ ഇന്നത്തോടെ അവസാനിപ്പിക്കമെന്നും മനാഫ് ആവശ്യപ്പെട്ടു.
യൂട്യൂബ് അക്കൗണ്ടിന്റെ പേര് ‘ലേറി ഉടമ മനാഫ്’ എന്ന് നല്‍കിയത് തിരിച്ചറിയുക എന്ന ഉദ്ദേശത്തോടെ മാത്രമാണ്. ചാനലില്‍ നിന്ന് അർജുന്റെ ഫോട്ടോ നീക്കംചെയ്തു. എല്ലാ കാര്യങ്ങളും എപ്പോഴും ചർച്ച ചെയ്യാൻ സാധിക്കണമെന്നില്ല. അർജുന്റെ കുടുംബവും പലതും തന്നോട് ചർച്ച ചെയ്തിട്ടില്ല. നിസാരപ്രശ്‌നങ്ങള്‍ വിവാദമാക്കി പ്രവർത്തിയുടെ മഹിമ നശിപ്പിക്കരുതെന്നും മനാഫ് പറഞ്ഞു.
താനും മാല്‍പേയും നാടകം കളിച്ചോ എന്ന കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. 72 ദിവസം 72 വർഷത്തെ പ്രയത്നത്തിന് സമാനമായിരുന്നു. ആ സമയത്ത് ആരാണെങ്കിലും വൈകാരികമായി പെരുമാറും. അത് ചിലർക്ക് നാടകമായി തോന്നും. അതിലൊന്നും കാര്യമില്ല. പലരും പണം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആരില്‍ നിന്നും പണം സ്വീകരിച്ചിട്ടില്ല. നിയമനടപടികള്‍ എന്തുവേണമെങ്കിലും സ്വീകരിക്കാം. ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ പരിശോധിക്കട്ടെ’- മനാഫ് പറഞ്ഞു.
അർജുനെ കിട്ടിയതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ലോറിയുടമ മനാഫല്ല, മുബീൻ എന്നയാളാണെന്ന അർജുന്റെ ഭാര്യയുടെ പ്രതികരണം വന്നപ്പോള്‍ വീട്ടുകാരുമായി സംസാരിച്ചതാണ്. മാത്രമല്ല, മുബിന്റെ വാഹനമാണതെന്നും കുടുംബത്തിനെതിരേ മോശം പരാമർശമുണ്ടാകരുതെന്നും താൻ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു
അർജുനെ കിട്ടിയതോടെ ഇനി കുടുംബത്തിന് തങ്ങളുടെ ഭാഗത്ത് നിന്നും ചെയ്യാനുള്ളത് ഇൻഷുറൻസ് തുക വാങ്ങികൊടുക്കുക എന്നതാണ്. അർജുന് താൻ 75,000 രൂപ ശമ്ബളം നല്‍കുന്നുണ്ടെന്ന് മാധ്യമങ്ങളില്‍ പറഞ്ഞത് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് ഉപകാരപ്പെടും. ഇതെല്ലാം പരിഗണിച്ചാവും എത്ര നഷ്ടപരിഹാരം നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക. കുടുംബത്തിന് പ്രയോജനമുണ്ടാകുന്നതിന് മാത്രം ചെയ്തതാണെന്നും മനാഫ് പറഞ്ഞു