തിരുവനന്തപുരം: സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സഹായം നല്‍കുന്നത് പരസ്യമാക്കരുതെന്നു നിര്‍ദേശം
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഡയരക്ടറാണ് ഉത്തരവിറക്കിയത്. പൊതുപരിപാടികളിലോ പരസ്യമായോ സഹായം നല്‍കരുതെന്നും നിര്‍ദേശമുണ്ട്.
കുട്ടികളുടെ സ്വകാര്യതയെയും ആത്മാഭിമാനത്തെയും ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇതിന്‍റെ പേരില്‍ കുട്ടികളെ രണ്ടാംകിട പൗരന്മാരാക്കരുതെന്നും ഉത്തരവില്‍ പറയുന്നു. വേണ്ട ഇടപെടല്‍ നടത്താൻ ഡിഇഒമാരെയും ഹെഡ്‍മാസ്റ്റർമാരെയും ചുമതലപ്പെടുത്തി.
ഇക്കാര്യത്തില്‍ നേരത്തെ ബാലാവകാശ കമ്മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു. സഹായം പരസ്യമായി സ്വീകരിച്ചതിന്‍റെ പേരില്‍ ഒരു കുട്ടിയും മാനസികമായ പ്രയാസം നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നായിരുന്നു നിര്‍ദേശം. ഇത്തരത്തിലുള്ള കുട്ടികളെ രണ്ടാംകിട പൗരന്മാരായി ചിത്രീകരിക്കുന്നതു ശ്രദ്ധയില്‍പെട്ടിരുന്നതായും കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.