ബംഗളൂരു: കേക്ക് കഴിച്ചതിന് പിന്നാലെ അഞ്ച് വയസുകാരൻ മരിച്ച സംഭവത്തില്‍ മരണകാരണം ഭക്ഷ്യവിഷബാധയെന്ന് സംശയം. അഞ്ച് വയസുകാരന്റെ മാതാപിതാക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്.
അത്യാസന്ന നിലയിലാണ് ഇവരെന്നാണ് വിവരം. സ്വിഗ്ഗിയില്‍ ഡെലിവറി ബോയായി ജോലിനോക്കുന്ന ബാല്‍രാജുവും ഭാര്യ നാഗലക്ഷ്മിയുമാണ് കെംപെഗൗഡ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലുള്ളത്. ഇവരുടെ മകൻ ധീരജാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്.
ബാല്‍രാജുവിന്റെ വീട്ടിലെ ഭക്ഷണ സാധനങ്ങളുടെ സാമ്ബിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. പ്രാഥമിക വിവരമനുസരിച്ച് ഭക്ഷ്യവിഷബാധയെന്നാണ് സംശയിക്കുന്നത്. എന്നാല്‍ ആത്മഹത്യാ ശ്രമമാണോ എന്നതും പരിശോധിക്കുന്നുണ്ട്. പരിശോധനാ ഫലം വന്നശേഷമേ ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു.
കെ പി അഗ്രഹാര പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. അത്യാഹിതത്തില്‍ സ്വിഗ്ഗി അനുശോചനം അറിയിച്ചു. സംഭവം ഹൃദയഭേദകമായിരുന്നു എന്നും ബാല്‍രാജുവിനെയും കുടുംബത്തെയും ആശുപത്രിയില്‍ സന്ദർശിച്ചതായും വേണ്ട പിന്തുണ നല്‍കുമെന്നും സ്വിഗ്ഗി വക്താവ് പ്രതികരിച്ചു. ബംഗളൂരു നഗരത്തിലെ വിവിധ ബേക്കറികളില്‍ വില്‍ക്കുന്ന 12 തരം കേക്കുകളില്‍ നടത്തിയ പരിശോധനയില്‍ ഇവ ക്യാൻസറിന് കാരണമാകുന്നതാണെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് അഞ്ചുവയസുകാരൻ മരിച്ചത്.