കോഴിക്കോട്: ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്തു. റെയില്‍വേ കരാർ ജീവനക്കാരനായ കണ്ണൂർ സ്വദേശി അനില്‍ കുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിന്റെ ദൃക്സാക്ഷിയായ യാത്രക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ട്രെയിനിന്റെ എസി കോച്ചില്‍ നിന്നും അനില്‍ കുമാർ യുവാവിനെ തള്ളിയിട്ടെന്ന് യാത്രക്കാരി പൊലീസിനോട് പറഞ്ഞു. സംഭവത്തിന് പിന്നാലെ അനില്‍ കുമാറിനെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം തെളിഞ്ഞത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും തള്ളിയിടാനുണ്ടായ സാഹചര്യം കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാത്രി 11.30-നാണ് സംഭവം നടന്നത്. മംഗളൂരു- കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് യുവാവ് വീണത്. തമിഴ്നാട് സ്വദേശി ശരവണനാണ് മരിച്ചത്. സ്റ്റേഷനില്‍ നിന്നും ട്രെയിൻ എടുത്ത ഉടനെയായിരുന്നു അപകടം.
യുവാവ് ട്രെയിനിന്റെയും പ്ലാറ്റ്ഫോമിന്റെയും ഇടയില്‍ കുടുങ്ങുകയായിരുന്നു. യാത്രക്കാർ ചങ്ങല വലിച്ചാണ് ട്രെയിൻ നിർത്തിയത്. തുടർന്ന് യുവാവിനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല