ഒരു പ്രവാസി അവൻ്റെ ജീവിതത്തിൻ്റെ നല്ല കാലം മുഴുവൻ ഈ മണലാരണ്യത്തിൽ ഹോമിച്ച് കളയുന്നത് അവൻ്റെ ആഗ്രഹ സഫലീകരണത്തിന് വേണ്ടിയാണ്. അവൻ്റെ ഏറ്റവും വലിയ ആഗ്രഹം സ്വന്തം മക്കളുടെ ഭാവി ശേഭനമായിരിക്കണം എന്നതായിരിക്കും.
എന്നാൽ ഇന്നത്തെ നാട്ടിലെ അവസ്ഥയെന്താണ്?. മക്കൾ പഠിക്കുന്ന ക്യാമ്പസിലെ അവസ്ഥയെന്താണ്?. അവൻ്റെ കൂട്ടുകരിൽ എത്ര പേരെ വിശ്വസിക്കാൻ പറ്റും?….ഇത്തരം കാര്യങ്ങളിൽ പലപ്പോഴും പ്രവാസി രക്ഷിതാക്കൾ പരാജയമാണ്. നാട്ടിലുള്ള “രക്ഷിതാവായ” മാതാക്കളും പരാജയമാണ്.
ഈ വിഷയത്തിലൊക്കെ നാം വിശ്വസിക്കുന്നത് സ്വന്തം മക്കളുടെ, നമ്മോടുള്ള “ഞാനൊന്നിലും പെടില്ല” എന്ന വാഗ്ദാനം മാത്രമാണ്!.
പലപ്പോഴും ഈ മക്കളുടെ “ഉറപ്പ് നൽകൽ” വിശ്വസിക്കാൻ പറ്റുന്ന സാഹചര്യമാണ് നാട്ടിലുള്ളത് എന്ന് എത്രപേർ ഉറച്ച് വിശ്വസിക്കുന്നുണ്ട്?.
പണ്ട് കുട്ടികൾക്ക് അമിതമായ നിയന്ത്രം ഏൽപിച്ചിരുന്ന പല പിതാക്കളും ഉണ്ടായിരുന്നു. മക്കൾക്ക് യാതൊരു തരത്തിലുള്ള തെരഞ്ഞെടുപ്പ് അവകാശവും നൽക്കാത്ത വീടുകൾ . അത്തരം വീടുകളിൽ നിന്നും പുറത്ത് വന്ന പലരും പിന്നീട് പല തരത്തിലുള്ള തെറ്റിലേക്കും പോയത് കണ്ടിട്ടുണ്ട്. ഏറ്റവും അധികം വഴി തെറ്റിയത് ബാച്ചിലർ പ്രവാസ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്നതിടെയാണ്.
ഇന്ന് ആവശ്യത്തിലധികം സൗകര്യം വീടുകളിൽ മക്കൾക്കുണ്ട്. മാനസികമായി മക്കളും നാട്ടിലുള്ള രക്ഷിതാക്കളും തമ്മിൽ അത്ര അടുപ്പമില്ല!. പ്രവാസികളുടെ കുടുംബത്തിലെ നാട്ടിലെ രക്ഷിതാവായ മാതാവ് മക്കളോട് സംസാരിക്കുന്നത് ഒന്നുകിൽ ഉപദേശിക്കാനാവും, അല്ലെങ്കിൽ ശിക്ഷിക്കാനാവും!!. ഇങ്ങനെയുള്ള ചുറ്റുപാടിൽ വളരുന്ന കുട്ടികൾ സ്വസ്ഥതക്ക് വേണ്ടി അധികനേരം വീടുകൾക്ക് പുറത്ത് സമയം ചിലവഴിക്കാനും പഠനത്തിൻ്റെ പേരിൽ അന്യ സംസ്ഥാനങ്ങളിൽ പോവാനും തിടുക്കം കാണിക്കുന്നു!.
ചില വീടുകൾ അവിടുത്തെ കുട്ടികൾക്ക് ഏറ്റവും സമാധാനം ലഭിക്കുന്ന ഭവനങ്ങളായിരിക്കും. ഏതൊരു കൂട്ടു കെട്ടിനെക്കാളും അവർക്ക് ഇഷ്ടം സ്വന്തം വീട്ടിൽ സമയം ചിലവഴിക്കാനാവും!. കാരണം ഒന്ന് മാത്രമാണ്: അവിടങ്ങളിലെ “രക്ഷിതാവ്” കുട്ടികളോട് ഒരു സുഹൃത്തിനെ പോലെ പെരുമാറുന്നു. കുട്ടികളുമായി പോസിറ്റീവ് ബന്ധം സൃഷ്ടിക്കാൻ രക്ഷിതാക്കൾ ശ്രമിക്കുന്നു. കുട്ടികൾക്ക് മാതൃകയായി അവർ ജീവിച്ച് കാണിക്കുന്നു. മക്കളെ സ്നേഹിച്ചാൽ മാത്രം പോര എന്നും അവർക്ക് അത് ഫീൽ ചെയ്യണം എന്നും നാം മനസ്സിലാക്കണം. ഉറങ്ങുമ്പോൾ മക്കളെ ചുംബിക്കുന്നവർ ഉണർന്നിരിക്കുമ്പോൾ അവരെ ചുംബിക്കാൻ പഠിക്കണം.
ആവശ്യങ്ങൾ ഇല്ലാത്തവരായി ആരും കാണില്ല. കുട്ടികൾക്കും ആവശ്യങ്ങൾ കാണും. അവരുടെ എല്ലാ ആവശ്യങ്ങൾക്കും സമ്മതം മൂളുന്നത് പോലെ തന്നെ യാതൊരു തരത്തിലുള്ള അടിസ്ഥാന ആവശ്യവും നടത്തികൊടുക്കാൻ നേരമില്ലാത്ത രക്ഷിതാക്കളും നമ്മുടെ ഇടയിലുണ്ട്. ഇവർ രണ്ടു വിഭാഗവും ഒരേ പോലെ കുട്ടികളെ നശിപ്പിക്കുന്നു.
‘നിങ്ങൾ കുട്ടികളെ അടിക്കാത്തത് കൊണ്ടാണ് കുട്ടികൾ നന്നാവാത്തത്’ എന്ന് കേട്ട പ്രവാസികളുണ്ടാവും. കുട്ടികളെ ശിക്ഷിക്കേണ്ട സമയത്ത് ശിക്ഷ കൊടുക്കണം. എന്നാൽ പലപ്പോഴും “എന്തിനാണ് മക്കളെ തല്ലിയത് എന്ന് തല്ലിയവർക്കും അറിയില്ല; തല്ല് കിട്ടിയ കുട്ടികൾക്കും അറിയില്ല!!” എന്ന അവസ്ഥയിലാണ്. ഇത്തരം ശിക്ഷ കൊണ്ട് സത്യത്തിൽ മക്കളുടെ മനസ്സിലാണ് മുറിവ് ഉണ്ടാവുന്നത്; ഒരിക്കലും ഉണങ്ങാത്ത മുറിവ്.
ലോകത്തിനു മാതൃകയായ ഒരു ഭരണാധികാരിയുടെ മുന്നിൽ മകൻ അപമര്യാദായി പെരുമാറുന്നു എന്ന പരാതിയുമായി വന്ന രക്ഷിതാവിനോട് മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു: “നീ നിൻ്റെ മകനോട് ചെറുപ്പത്തിൽ മര്യാദകേട് കാണിച്ച് കാണും” !!.
മക്കളോട് “വാഗ്ദാനം” ചെയ്താൽ അത് നിർവേറ്റണം എന്നത് പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ചില കാര്യങ്ങളിൽ “നോ” പറയാൻ പഠിക്കുക എന്നതും.
പ്രവാസി രക്ഷിതാക്കളെ,
ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയാണ്: കാലം ഒരുപാട് മാറിയിരിക്കുന്നു. നാം കണ്ട നാടല്ല ഇപ്പോൾ.
നാം ജീവിച്ച് വളർന്ന ലോകമല്ല നമ്മുടെ നാട് . നാം ജീവിച്ചത് പോലെ ജീവിക്കാൻ നമ്മുടെ മക്കളോട് പറഞ്ഞിട്ടും കാര്യമില്ല.
അവർ ജീവിക്കുന്നത് ന്യുജൻ യുഗത്തിലാണ്!. പറ്റുമെങ്കിൽ നിങ്ങളുടെ ഭാര്യയെയും മക്കളെയും ഗൾഫിലേക്ക് കൂടെ കൂട്ടുക, അല്ലെങ്കിൽ
നാട്ടിലെത്തിയാലെങ്കിലും മുഴുവൻ സമയവും മക്കളോട് ഒന്നിച്ച് ചിലവഴിക്കുക. ഒരു മാസത്തെ,അല്ലെങ്കിൽ നിങ്ങളുടെ രണ്ട് മാസത്തെ ജീവിതമെങ്കിലും അവർക്ക് ഒരു മാതൃകയാവട്ടെ.
ഇന്നത്തെ കാലത്ത് നാം മക്കളെ ഉപദേശിച്ചിട്ട് ഒരു കാര്യവും ഇല്ല; അവരുടെ മുന്നിൽ ജീവിച്ച് മാതൃക കാണിച്ചാൽ ചിലപ്പോൾ ഫലിച്ചേക്കാം.
✒️എൻ .കെ.അബ്ദു സമദ് മാട്ടൂൽ