ഡല്‍ഹി: പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇഡി).ഇതില്‍ ഭൂരിഭാഗം സ്വത്തുക്കളും കേരളത്തിലാണെന്നാണ് റിപ്പോർട്ട്. കണ്ടുകെട്ടിയവയില്‍ 35 സ്ഥാവര സ്വത്തുക്കളാണുള്ളത്
വിവിധ ബാങ്കിംഗ് ചാനലുകള്‍ വഴിയും ഹവാല, സംഭാവന എന്നീ രൂപങ്ങളിലും ഇന്ത്യക്ക് അകത്ത് നിന്നും പുറത്ത് നിന്നുമായി പിഎഫ്‌ഐയിലേക്ക് പണം ഒഴുകുന്നുണ്ട്. ഈ പണം ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങള്‍ക്കും ഭീകരവാദ പ്രവർത്തനങ്ങള്‍ക്ക് സാമ്ബത്തിക സഹായം നല്‍കാനുമാണ് ഉപയോഗിക്കുന്നതെന്നും ഇഡി പുറത്തിറക്കിയ പ്രസ്താവയില്‍ പറയുന്നു.
29 ബാങ്ക് അക്കൗണ്ടുകളിലായാണ് പിഎഫ്‌ഐയുടെ അനധികൃത പണം നിക്ഷേപിച്ചിരിക്കുന്നതെന്നും ഇഡി കണ്ടെത്തി. ഇവ കേരള, കർണാടക, തമിഴ്നാട്, തെലങ്കാന, ഡല്‍ഹി, രാജസ്ഥാൻ, മഹാരാഷ്‌ട്ര, ബിഹാർ, പശ്ചിമ ബംഗാള്‍, അസം, ജമ്മുകശ്മീർ, മണിപ്പൂർ എന്നിവിടങ്ങിലായാണ് ബാങ്ക് അക്കൗണ്ടുകളുള്ളത്.
ഗള്‍ഫ് നാടുകളായ കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലും സിംഗപ്പൂരുമായി 13,000ത്തോളം സജീവ പിഎഫ്‌ഐ അംഗങ്ങളുണ്ടെന്നും ഇഡി പറയുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന മുസ്ലീം പ്രവാസികള്‍ക്കിടയില്‍ നിന്ന് ഫണ്ട് സ്വരൂപീക്കാൻ പിഎഫ്‌ഐയുടെ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റികള്‍ (DECs) പ്രവർത്തിക്കുന്നുണ്ട്.
ടാർഗെറ്റ് വച്ചാണ് ഓരോ DECകളും പ്രവർത്തിക്കുന്നത്. കുറഞ്ഞത് ‘ഇത്ര കോടി’ രൂപയെങ്കിലും സ്വരൂപിക്കണമെന്ന നിബന്ധനയുമുണ്ട്. ഈ പണം ഹവാല വഴിയോ മറ്റോ ഇന്ത്യയിലെ പിഎഫ്‌ഐ കേന്ദ്രങ്ങളിലേക്ക് അയക്കുന്നുവെന്നും ഇഡി അറിയിച്ചു