ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ വയനാടിനെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മമ്മൂട്ടി. പതിനഞ്ചാമത് ഫിലിം ഫെയര്‍ അവാര്‍ഡ് ആണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്.
നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് മമ്മൂട്ടി നേടിയത്.
അവാർഡ് ഏറ്റുവാങ്ങിയ ശേഷം മമ്മൂട്ടി നടത്തിയ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാണ്. ചിത്രത്തിന്റെ സംവിധായകനും അണിയറ പ്രവർത്തകർക്കും നന്ദി അറിയിച്ച മമ്മൂട്ടി ഇത് തന്റെ 15 -ാമത്തെ ഫിലിം ഫെയര്‍ അവാര്‍ഡാണെന്നും എന്നാല്‍ ഈ അവാര്‍ഡ് നേട്ടം തന്നെ സന്തോഷിപ്പിക്കുന്നില്ലെന്നും പറഞ്ഞു. വയനാടിന്റെ വേദനയാണ് മനസിലെന്നും. ജീവനും ഉപജീവനവും നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണെന്നും മമ്മൂട്ടി പറഞ്ഞു.
അവാർഡ് ദാന ചടങ്ങില്‍ ഏറെ വികാരാധീനനായാണ് മമ്മൂട്ടി സംസാരിച്ചത്. വയനാട് ദുരന്തത്തില്‍ അകപ്പെട്ട തന്റെ മനുഷ്യരെ ഈ വേദിയില്‍ താൻ ഓർക്കുന്നു എന്ന് പറഞ്ഞ മമ്മൂട്ടി അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള എല്ലാതരത്തിലുമുള്ള പിന്തുണയും അദ്ദേഹം വേദിയില്‍ അഭ്യർത്ഥിച്ചു.
നേരത്തെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേർന്ന് വയനാടിന് സാമ്ബത്തിക സഹായം നല്‍കിയിരുന്നു. മമ്മൂട്ടിയുടെ 20 ലക്ഷവും ദുല്‍ഖറിന്റെ 15 ലക്ഷവും ചേര്‍ത്ത് 35 ലക്ഷം രൂപയാണ് മന്ത്രി പി രാജീവിന് മമ്മൂട്ടി ആദ്യഘട്ട സഹായമായി കൈമാറിയത്.
താൻ കൊടുത്തത് ഒരു ചെറിയ സംഖ്യയാണ് എന്നും ആവശ്യമായി വന്നാല്‍ ഇനിയും കൊടുക്കാന്‍ തയാറാണ് എന്നുമാണ് ചെക്ക് കെെമാറിക്കൊണ്ട് മമ്മൂട്ടി അറിയിച്ചത്. എല്ലാവരും അവര്‍ക്ക് കൊടുക്കാന്‍ കഴിയുന്ന പോലെ സഹായിക്കണം എന്നും രണ്ടു ദിവസം മുന്‍പുള്ള അവസ്ഥയല്ല അവര്ക്കിപ്പോളുള്ളതെന്നും മമ്മൂട്ടി പറഞ്ഞു. ഇതിന് പുറമേ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന വയനാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങാവാന്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും രംഗത്തുണ്ട്.
2023 -ല്‍ റിലീസ് ചെയ്ത മലയാള ചിത്രങ്ങള്‍ക്കുള്ള പുരസ്കാരങ്ങളാണ് ഫിലിം ഫെയർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതും വിതരണം ചെയ്തതും. 1980 – കള്‍ മുതലുള്ള അഞ്ച് ദശാബ്ദങ്ങളിലും മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് നേടിയ ഒരേയൊരു ഇന്ത്യൻ നടൻ കൂടിയായി ഇതോടെ മമ്മൂട്ടി മാറി.