മുംബൈ: സെല്‍ഫി എടുക്കുന്നതിനിടെ യുവതി കൊക്കയിലേക്ക് വീണു. മഹാരാഷ്ട്രയിലെ സത്താരയിലാണ് സംഭവം. ബോർണെഗാട്ടില്‍ വച്ച് സെല്‍ഫി എടുക്കുന്നതിനുള്ള കാല്‍വഴുതി 150 അടിയോളം താഴ്ചയിലേക്കാണ് യുവതി വീണത്
കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാരും ട്രക്കിംഗ് ചെയ്യുന്ന ആളുകളും ചേർന്ന് ഇവരെ രക്ഷിക്കുകയായിരുന്നു. അഞ്ചു പുരുഷന്മാരും മൂന്നു സ്ത്രീകളും അടങ്ങിയ സംഘത്തിന് ഒപ്പമാണ് യുവതി ബോർണെ ഗാട്ടില്‍ എത്തിയത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചു.
യുവതിയെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിനടുത്തുള്ള കുംഭെ വെള്ളച്ചാട്ടത്തില്‍ 26 കാരിയായ ഇൻഫ്ലുവൻസർ ആൻവി കാംദാർ മലയിടുക്കില്‍ വീണ് മരിച്ചതിന് പിന്നാലെയാണ് ഈ അപകടവുമുണ്ടായത്. ജൂലൈ 16 നായിരുന്നു സംഭവം. വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ ആൻവി തെന്നി വീഴുകയായിരുന്നു. വിനോദ സഞ്ചാരത്തിനിടെ ജീവൻ അപകടപ്പെടുത്തുന്ന അപകടകരമായ രീതി ഒഴിവാക്കണമെന്നും അധികൃതർ പറഞ്ഞിരുന്നു.