ധാക്ക: കഴിഞ്ഞ ദിവസം ധാക്കയിലെ മുസ്ലിം പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ വഴി ഒരു സന്ദേശം മുഴങ്ങി. പ്രക്ഷോഭങ്ങള്‍ക്കിടയില്‍ രാജ്യത്തെ ഹിന്ദു ന്യൂനപക്ഷങ്ങളുടെ സുരക്ഷെ കുറിച്ച് മറന്നു പോകരുതെന്നായിരുന്നു അത്.
അവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തണമെന്നും അത് ഓരോരുത്തരുടേയും ബാധ്യതയാണെന്നും ആ ആഹ്വാനത്തില്‍ ആവര്‍ത്തിച്ചു. പ്രക്ഷോഭ രംഗത്തുള്ള വിദ്യാര്‍ഥി സംഘടനയായ ‘ആന്റി ഡിസ്ക്രിമിനേഷന്‍ സ്റ്റുഡന്റ് മൂവ്മെന്റിന്റെ’ നിര്‍ദേശപ്രകാരമായിരുന്നു രാജ്യത്തെ ഹിന്ദുക്കളുടെ സംരക്ഷണത്തിനായി ഉച്ചഭാഷിണികളിലൂടെയുള്ള ആഹ്വാനം.
‘പ്രിയ പൗരന്മാരെ ‘വിവേചനത്തിനെതിരായ വിദ്യാര്‍ത്ഥികള്‍’ (Students Against Discrimination) എന്ന പ്രസ്ഥാനത്തിലെ അംഗങ്ങളായ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. രാജ്യത്ത് അശാന്തിയുടെ ഈ കാലഘട്ടത്തില്‍ നാമെല്ലാവരും സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തണം. ഹിന്ദു ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം. അവരുടെ ജീവനും സമ്ബത്തും ദുഷ്ടശക്തികളില്‍നിന്നും സംരക്ഷിക്കുക. ഇത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നമ്മുടെ ഉത്തരവാദിത്തമാണ്. എല്ലാവരുടെയും ഉത്തരവാദിത്തമാണ്. എല്ലാവരും ജാഗരൂകരായിരിക്കണമെന്നും’ പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ മുഴങ്ങി.
ആഹ്വാനം ചെവികൊണ്ട് ക്ഷേത്രങ്ങള്‍ക്ക് കാവലിരിക്കുകയാണ് അവിടുത്തെ മുസ്ലിം ചെറുപ്പക്കാര്‍. ഇതിന്റെ ചിത്രങ്ങളും പള്ളികളില്‍ ആഹ്വാനം നടത്തുന്നതിന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്ന് ഇന്ത്യയില്‍ ഉള്‍പെടെ സംഘ് പ്രചാരണം നടക്കുന്നതിനിടെയാണിത്.
ധ്രുവ് റാഠി ഉള്‍പെടെ പ്രമുഖരും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ സുരക്ഷിതരാണ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. ചിത്രം പങ്കുവെച്ച് റാഠി ട്വിറ്ററില്‍ കുറിച്ചു. ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ ടീമുകള്‍ രൂപീകരിക്കുന്നു. ബംഗ്ലാദേശിന്റെ ഭാവി ഇങ്ങനെയായിരിക്കട്ടെ എന്നായിരുന്നു ഒരു ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള പ്രതികരണം.