പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലം പ്രതിനിധി മുസ്‍ലിം ലീഗിലെ നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് നല്‍കിയ കേസിലെ ഹൈകോടതി വിധി അംഗീകരിക്കുന്നതായി പരാതിക്കാരനായ സി.പി.എം സ്വതന്ത്ര സ്ഥാനാർഥി കെ.പി.എം മുസ്തഫ.
വർഷങ്ങള്‍ നീണ്ടുപോയ കേസിലെ ഹൈകോടതി വിധിക്കെതിരെ മേല്‍കോടതിയിലേക്ക് അപ്പീലിനില്ലെന്നും നിയമപോരാട്ടം അവസാനിപ്പിക്കുകായണെന്നും അദ്ദേഹം ദോഹയില്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പ്രതികരിച്ചു.
‘നജീബ് കാന്തപുരം എം.എല്‍.എക്ക് പ്രവർത്തന മേഖലയില്‍ എല്ലാ ആശംസകളും നേരുന്നു. ഇനി ഒന്നര വർഷം മാത്രമേ നിയമസഭയുടെ കാലാവധി പൂർത്തിയാകാനുള്ളൂ.
മറ്റൊരു നിയമപോരാട്ടത്തിന് സമയമില്ല. വോട്ടിങ്ങിലെ ഉദ്യോഗസ്ഥ പിഴവ് ചൂണ്ടികാണിച്ച് തെരഞ്ഞെടുപ്പിന്റെ സാധുതയാണ് കോടതിയില്‍ ചോദ്യം ചെയ്തത്’ -കെ.പി മുസ്തഫ പറഞ്ഞു.
ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കായി മുസ്തഫ ഖത്തറിലെത്തിയപ്പോഴായിരുന്നു കേസിലെ ഹൈകോടതി വിധി വന്നത്.
2021ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തില്‍ നിന്നും 38 വോട്ടിനായിരുന്നു നജീബ് കാന്തപുരം ജയിച്ചത്.
മണ്ഡലത്തിലെ 340 തപാല്‍ വോട്ടുകള്‍ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയില്‍ 300ഓളം വോട്ടുകള്‍ തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്നും ചൂണ്ടികാണിച്ചായിരുന്നു മുഹമ്മദ് മുസ്തഫ തെരഞ്ഞെടുപ്പ് വിധിക്കെതിരെ പരാതി നല്‍കിയത്