കൊച്ചി: എറണാകുളം നെട്ടൂരില്‍ കായലില്‍ വീണ് കാണാതായ മലപ്പുറം മൈലാടിപ്പാലം സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.
നെട്ടൂർ ബീച്ച് സോക്കർ പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന മുതിരപറമ്ബ് വീട്ടില്‍ ഫിറോസ് ഖാന്റെ മകള്‍ ഫിദ (16) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളികള്‍ നടത്തിയ പരിശോധനയില്‍ ഊന്നി വലയില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു സംഭവം. രാവിലെ ഭക്ഷണ മാലിന്യം കളയാൻ പോയ വിദ്യാർത്ഥിനി തിരികെയെത്താത്തതിനെ തുടർന്നാണ് കായലില്‍ വീണതായി സംശയമുടലെടുത്തത്. തുടർന്ന് കായലില്‍ തിരച്ചില്‍ നടത്തുകയായിരുന്നു
ഫയർ ഫോഴ്സും സ്കൂബാ ടീമും പെണ്‍കുട്ടിക്ക് വേണ്ടി കായലില്‍ തിരച്ചില്‍ നടത്തിയിരുന്നു. വൈകുന്നേരത്തോടെ തിരച്ചില്‍ അവസാനിപ്പിച്ചെങ്കിലും മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു.
മലപ്പുറം മൈലാടിപ്പാലം സ്വദേശി മുതിരപറമ്ബില്‍ ഫിറോസിന്റെയും ഫാത്തിമാ മുംതാസിന്റെയും മൂത്തമകളാണ്. ഫിദയുടെ കുടുംബം നെട്ടൂരില്‍ ഒന്നരമാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. പനങ്ങാട് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനിയാണ്.