ആലപ്പുഴയില്‍ വാർത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 ദിവസം പിന്നിട്ടിട്ടും വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
എവിടെവെച്ച് എന്താണ് സംഭവിച്ചതെന്നുപോലും അറിയില്ല. കപ്പല്‍ അധികൃതർ നല്കുന്ന വിവരം മാത്രമാണുള്ളത്. അതിന്റെ വിശദാംശങ്ങളറിയാൻ മുട്ടാത്ത വാതിലുകളില്ല.
മുഖ്യമന്ത്രി, എം.പിമാർ, എം.എല്‍.എ, ജില്ല കലക്ടർ അടക്കമുള്ളവർക്ക് പരാതി നല്‍കിയിട്ടും ഉത്തരവാദപ്പെട്ടവരില്‍നിന്ന് ഒരു പ്രതികരണവുമില്ല. എന്താണ് സംഭവിച്ചതെന്ന് വിളിച്ചുചോദിക്കാൻ ഭരണ-പ്രതിപക്ഷകക്ഷികളാരും തയാറായിട്ടുമില്ല.
സെൻസായി മറൈൻ കമ്ബനിയുടെ ചരക്കുകപ്പലില്‍ വൈപ്പിങ് ജീവനക്കാരനായിരുന്നു ആലപ്പുഴ പുന്നപ്ര പഞ്ചായത്ത് 10ാം വാർഡ് വൃന്ദാവനം വീട്ടില്‍ ബാബു തിരുമലയുടെ മകൻ വിഷ്ണു ബാബു (25). ജൂലൈ 17ന് വിഷ്ണുവിനെ കാണാതായി എന്നാണ് വീട്ടില്‍ ലഭിച്ച വിവരം.
ഒഡിഷയിലെ പാരാദ്വീപ് തുറമുഖത്തുനിന്ന് ചൈനയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. സംഭവ ദിവസം രാത്രി ഏഴിന് വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു.
ഫോണില്‍ നെറ്റ് കണക്ഷനില്ലാതിരുന്നതിനാല് ഒപ്പം ജോലിയുള്ള തമിഴ്നാട് സ്വദേശി അറുമുഖന്റെ ഫോണില്‍നിന്നാണ് വിളിച്ചത്. ഏറെ സന്തോഷത്തോടെയാണ് സംസാരം അവസാനിപ്പിച്ചത്.
പിറ്റേന്ന് രാവിലെ കപ്പല്‍ അധികൃതരാണ് മകനെ കാണാനില്ലെന്ന വിവരം പറയുന്നത്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചെങ്കിലും വ്യക്തമായ വിവരം കിട്ടിയില്ല.
പിന്നീട് മലയാളി ക്യാപ്റ്റൻ വഴി വിവരങ്ങള്‍ തേടിയപ്പോള്‍ ഇന്തോനേഷ്യക്കും മലേഷ്യക്കും ഇടയിലെ മലാക്കാ കടലിടുക്കില്‍ വീണിട്ടുണ്ടാകുമെന്നാണ് വിവരം ലഭിച്ചത്.
43 കിലോമീറ്റർ ചുറ്റളവില്‍ മലേഷ്യൻ കോസ്റ്റല്‍ അന്വേഷണസംഘം കടലില്‍ 96 മണിക്കൂർ തിരച്ചില്‍ നടത്തിയെന്നും പറഞ്ഞു. നാലരമാസം മുമ്ബ് നാട്ടില്‍നിന്ന് പോയ വിഷ്ണു മുംബൈ വഴി സിംഗപ്പൂരില്‍ എത്തിയാണ് കപ്പലില്‍ ജോലിയില്‍ പ്രവേശിച്ചത്.
ഇതുവരെയുള്ള ശമ്ബളവും കൃത്യമായി അച്ഛന്റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നു. വാർത്തസമ്മേളനത്തില്‍ ബാബു തിരുമലയുടെ ജ്യേഷ്ഠന്റെ മകൻ ശ്യാം ബേബി, സുഹൃത്ത് പ്രഭുകുമാർ എന്നിവർ പങ്കെടുത്തു.