അലിഗഡ്: ലീഗിൻ്റെ ശബ്ദത്തെ ഭയമുള്ളത് കൊണ്ടാണ് ബിജെപി സർക്കാർ ജെ.പി.സിയില്‍ നിന്ന് പാർട്ടിയെ ഒഴിവാക്കിയതെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനെസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
ഇതു കൊണ്ടൊന്നും ഇന്ത്യയിലെ വഖഫ് ബോർഡിനെയും വഖഫ് സ്വത്തുക്കളും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ നിന്ന് ലീഗിനെ പിന്തിരിപ്പിക്കാനാവില്ല. ഇന്ത്യ മുന്നണിയിലെ പാർട്ടികള്‍ ഒറ്റക്കെട്ടായി എതിർത്തതു കൊണ്ടാണ് ബില്‍ സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്കു വിടാൻ സർക്കാർ നിർബന്ധിതരായത്. പ്രതിപക്ഷ പാർട്ടികളുടെ നിലപാടുകളെ ഏകോപിപ്പിക്കുന്ന ചാലക ശക്തിയായി പ്രർത്തിക്കാനായതില്‍ മുസ്ലിം ലീഗിന് അഭിമാനമുണ്ട്. വഖഫ് നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ എന്ത് വില കൊടുത്തും ചെറുക്കുമെന്നും ഇ.ടി പറഞ്ഞു.
ന്യൂനപക്ഷ രാഷ്ട്രീയത്തിൻ്റെ ജൻമഗേഹമായ അലിഗഡില്‍ നടന്ന ഉത്തർ പ്രദേശ് സംസ്ഥാന മുസ്ലിം ലീഗ് കൗണ്‍സില്‍ യോഗം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ തലത്തില്‍ മുസ്ലിം ലീഗ് വ്യവസ്ഥാപിതമായി നടത്തിയ മെമ്ബർഷിപ്പ് ക്യാമ്ബയിന്റെ വിജയം ഉത്തരേന്ത്യയില്‍ പാർട്ടി നടത്തുന്ന ഇടപെടലുകള്‍ ലക്ഷ്യം കാണുന്നതിൻ്റെ സൂചനയാണ്. അലിഗഡ് മൂവ്മെൻ്റിൻ്റെ സ്വതന്ത്ര ഭാരതത്തിലെ സർഗാത്മകതുടർച്ചയാണ് മുസ്ലിം ലീഗ്. പഴയ പ്രതാപത്തിലേക്ക് യു.പിയില്‍ പാർട്ടി തിരിച്ചെത്തുന്ന കാലം വിദൂരമല്ലെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.
മെമ്ബർഷിപ്പ് ഘട്ടങ്ങള്‍ പൂർത്തീകരിച്ചതിനു ശേഷം വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. ഇതിന് മുന്നോടിയായി നടന്ന പൊതുസമ്മേളനത്തില്‍ സ്ത്രീകളടക്കം നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. രാജ്യത്ത് തന്നെ ഏറ്റവും മുസ്ലിം ജനസംഖ്യയുള്ള ഉത്തർപ്രദേശില്‍ ഗതകാലത്തെ കരുത്ത് വീണ്ടെടുക്കാൻ മുസ്ലിം ലിഗ് പ്രസ്ഥാനത്തിനു കഴിയുമെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് അലിഗഡിലെ കൗണ്‍സില്‍ യോഗം സമാപിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഡോ. മതീൻ ഖാൻ അദ്ധ്യക്ഷത വഹിച്ചു. യൂത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ: ഷിബു മീരാൻ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. യൂത് ലീഗ് ദേശീയ സെക്രട്ടറി സി.കെ ഷാക്കിർ, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് പി.വി അഹമ്മദ് സാജു, നിരീക്ഷകൻ കൂടിയായ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് സിറാജുദ്ദീൻ നദ്വി എന്നിവർ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി അഡ്വ.മുഹമ്മദ് ഉവൈസ് സ്വാഗതവും ലതാഫത് റസ നന്ദിയും പറഞ്ഞു.
കമ്മിറ്റി തെരെഞ്ഞെടുപ്പ് സിറാജുദ്ദീൻ നദ്വി നിയന്ത്രിച്ചു. വിവിധ ജില്ല കമ്മിറ്റികളെ പ്രതിനിധീകരിച് മുഹമ്മദ് ഇർഫാൻ കാണ്‍പൂർ, ലതാഫത് റസാ അലീഗഡ്, അസീം ഹുസൈൻ ഖാൻ, റിസ്വാൻ അൻസാരി, റംസാൻ സൈഫി മീററ്റ്, ശാഹിദ് ശഹ്സാദ്, ഹാജി ഖാസിം,സർഫറാസ് ഗാസി, ശാരിക്ക് അൻസാരി കാണ്‍പൂർ, ശഫീഉല്ലാ കുശി നഗർ, മുഹമ്മദ് സാദ് ലഖ്നൗ, റിയാസ് അഹ്മദ് അലവി, ആരിഫ് റഹ്ബർ ആഗ്ര, ഖാൻ മുബീൻ ബറേലി, മുഹമ്മദ് അസ്ലം ഖാൻ മെഹുബ, മുഹമ്മദ് നഫീസ് ജാൻസി, മുഹമ്മദ് നദീം അമേത്തി, അസീം ഹുസൈൻ ഖാൻ എന്നിവർ സംസാരിച്ചു.
വഖ്ഫ് ബില്ല് പരിശോധിക്കാനായി രൂപീകരിച്ച ജെ.പി.സിയില് അഞ്ച് എം.പിമാരുള്ള ലീഗിന്റെ അംഗങ്ങളെയാരെയും ഉള്പ്പെടുത്താതിരുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് ഇ.ടിയുടെ പ്രതികരണം. മജ്ലിസെ ഇത്തിഹാദുല് മുസ്ലിമീന് നേതാവായ അസദുദ്ദീന് ഉവൈസിയെ ഉള്പ്പെടുത്തിയപ്പോഴാണ്, ലോക്സഭയില് വഖ്ഫ് വിഷയത്തില് സജീവമായി ഇടപെട്ട് സംസാരിച്ച ഇ.ടി മുഹമ്മദ് ബഷീറിനെ ഒഴിവാക്കിയത്.