കോഴിക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന ബെന്‍സ് കാറിന് തീപ്പിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ കറുത്തപറമ്ബ് എന്ന സ്ഥലത്ത് വെച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.
ഗോതമ്ബ് റോഡ് സ്വദേശി ജസീമിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്. ജസീമിന്റെ രണ്ട് സുഹൃത്തുക്കളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഇരുവരും കാര്‍ സംസ്ഥാന പാതയില്‍ നിന്ന് ഇറക്കി റോഡരികിലേക്ക് മാറ്റിയിടുകയായിരുന്നു.
വാഹനത്തില്‍ നിന്ന് ഇറങ്ങി സമീപത്തെ കടകളില്‍ നിന്നും വെള്ളം ശേഖരിച്ച് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ കത്തിനശിക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ മുക്കം അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഉടന്‍ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിലാണ് തീ പൂര്‍ണമായും അണച്ചത്. കാറിന്റെ മുന്‍വശം പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ല.