മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് സംസ്കരിച്ച പുത്തുമലയിലെ ശ്മശാനത്തിന്റെ സംരക്ഷണ മതിലിന്റെ നിർമാണം തുടങ്ങി.
പ്രവാസി വ്യവസായി ഉസ്മാൻ ഹാജി ചെയർമാനായ ഷെയ്ക്ക് ഗ്രൂപ് ആണ് നിർമാണം നടത്തുന്നത്. കന്നുകാലികള്‍, മറ്റ് വന്യജീവികള്‍ എന്നിവ കയറാത്ത രൂപത്തിലാണ് നിർമാണം.
പ്രധാന സ്മാരകമായി ശ്മശാനത്തെ സംരക്ഷിക്കാനാണ് ചുറ്റുമതില്‍ നിർമിക്കുന്നതെന്ന് സ്ഥലത്തെത്തിയ അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ, ഉസ്മാൻ ഹാജി എന്നിവർ പറഞ്ഞു.
കഴിഞ്ഞ ദിവസം മേഖലയില്‍ ശക്തമായ മഴ പെയ്ത് ശ്മശാനത്തിലെ മണ്ണ് പലയിടത്തും താഴ്ന്നിരുന്നു.
മൃതദേഹം സംസ്കരിച്ച സ്ഥലത്തെ അടയാള പലകകളും ഇളകി. ഇവ പുനഃസ്ഥാപിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ രാജു ഹെജമാടി, ബി. നാസർ എന്നിവരും സ്ഥലത്തെത്തിയിരുന്നു