കണ്ണൂർ / ഇരിട്ടി: ഭാര്യാമാതാവിനെയുംഭാര്യയും വെട്ടിക്കൊന്ന മലപ്പുറം സ്വദേശിയായ യുവാവിൻ്റെ അറസ്റ്റ് വെള്ളിയാഴ്ച്ച വൈകുന്നേരം മുഴക്കുന്ന് പൊലിസ് രേഖപ്പെടുത്തി.
മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് പാറക്കണ്ടം തൊണ്ടൻകുഴിയില്‍ ചെറുവോട് സ്വദേശിനി പനിച്ചിക്കടവത്ത് അലീമ (55), മകള്‍ സല്‍മ (36) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 തോടെയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്.
അലീമയുടെ മകള്‍ സല്‍മയുടെ ഭർത്താവ് മലപ്പുറം വളാഞ്ചേരി സ്വദേശി ഷാഹുല്‍ ഹമീദ് (46) ആണ് കൊലപാതകം നടത്തിയതെന്ന് മുഴക്കുന്ന് പോലീസ് പറഞ്ഞു. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സല്‍മയുടെ മകൻ ഫഹദ് (12) നും പരിക്കേറ്റു. ഫഹദ് പേരാവൂർ താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്. അക്രമണത്തിനിടയില്‍ പരിക്കേറ്റ ഷാഹുല്‍ ഹമീദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കണ്ണൂർ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെയെത്തിയാണ് പൊലിസ് അറസ്റ്റു രേഖപ്പെടുത്തിയത്.
ഷാഹുല്‍ ഹമീദ് രണ്ടു പേരെയും അക്രമിക്കുന്ന സമയത്ത് സല്‍മയുടെ മകൻ ഫർഹാൻ, സഹോദരൻ ഷരീഫിൻ്റ ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും ആക്രമണം കണ്ട് ഭയന്ന ഇവർ റൂമിന്റെ വാതില്‍ അടച്ചതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീട്ടില്‍ നിന്നും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ അലീമയേയും സല്‍മയേയും കാണുന്നത്. ഇവരാണ് പോലീസില്‍ വിവരം അറിയിക്കുന്നത്. ഇരുവരേയും പേരാവൂർ താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നും ഹമീദ് മയക്കുമരുന്നിന് അടിമയാണെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച്ച ഉച്ചയോട ഓട്ടോറിക്ഷയില്‍ ആയുധസഹിതം എത്തിയ ഷാഹുല്‍ ഹമീദ് വഴക്കിനിടയില്‍ ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. വീട്ടിലെ മുതിർന്നവർ എല്ലാം പള്ളിയില്‍ പോയ സമയത്താണ് അക്രമം നടന്നത്.
ഇരിട്ടി എ എസ് പി യോഗേഷ് മന്ദയ്യ ഉള്‍പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം അറിഞ്ഞു നിരവധി ആളുകളാണ് അലീമയുടെ വീട്ടിലെത്തിയത്. പി.എച്ച്. മുഹമ്മദാണ് അലിമയുടെ ഭർത്താവ്. ഷരീഫ്, സലിം, സലീന എന്നിവർ മറ്റ്മക്കളാണ്. സല്‍മയുടെ മക്കള്‍: ഫഹദ്, ഫർഹാൻ നസ്രിയ.