കൊല്ലം: കൊല്ലം കുണ്ടറ പടപ്പക്കരയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പടപ്പക്കര സ്വദേശി പുഷ്പലത (45)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പുഷ്പതലയുടെ അച്ഛന്‍ ആന്‍റണിയെ വീട്ടിനുള്ളില്‍ തലക്കടിയേറ്റ നിലയില്‍ കണ്ടെത്തി. ആന്റണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കട്ടിലില്‍ മരിച്ചുകിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത് ഒരു തലയിണയുമുണ്ടായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണോ എന്ന സംശയവും ഉയരുന്നുണ്ട്. അതിനാലാണ് കൊലപാതകത്തിന്‍റെ സാധ്യതയടക്കം പൊലീസ് അന്വേഷിക്കുന്നത്. പുഷ്പലതയുടെ അച്ഛന്‍ തലക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായ നിലയിലായിരുന്നു.
ഇരുവരെയും പുഷ്പലതയുടെ മകൻ ഉപദ്രവിക്കാറുണ്ടെന്ന് വെള്ളിയാഴ്ച പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതി ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് എത്തി മകൻ അഖില്‍ കുമാറിന് താക്കീത് നല്‍കി മടങ്ങി. പിന്നീട് ഇന്ന് രാവിലെ സമീപത്ത് താമസിക്കുന്ന ബന്ധുവാണ് പുഷ്പലതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുഷ്പലതയുടെ മകൻ അഖിലിന് വേണ്ടി കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.