അബൂദബി: ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച മംഗലാപുരം കൊണാജെ പട്രോഡി സ്വദേശി നൗഫലിന്റെ (24) മൃതദേഹം ഇന്ന് രാവിലെ 11 മണിക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി.
വൈകുന്നേരം പട്രോഡി ജുമാ മസ്ജിദില്‍ ഖബറടക്കും. ഉമ്മര്‍-മറിയുമ്മ ദമ്ബതികളുടെ മകനാണ്. സഹോദരങ്ങള്‍: നാസര്‍, നിസാര്‍, നിഹാസ്, അന്‍സാര്‍, നുസാല്.
ഐഎഫ്എം ഫെസിലിറ്റി മാനേജ്മെന്റ് കമ്ബനിയില്‍ എ.സി ടെക്നിഷ്യന്‍ ആയി 15 ദിവസം മുന്‍പ് ജോലിക്ക് കൈയേറിയ യുവാവ്, ജോലിക്കിടെ മൂന്നാം നിലയില്‍ നിന്ന് അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നുവെന്നും ഉടന്‍ മരണം സംഭവിച്ചെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
നൗഫല്‍ നാട്ടില്‍ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകനായിരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുമായി സഹോദരന് നാസര്‍ നാട്ടില്‍ നിന്നും എത്തിയിരുന്നു.
വ്യാഴാഴ്ച അബൂദബിയിലെ കര്‍ണാടക എസ്.കെ.എസ്.എസ്.എഫ് ഓഫീസില്‍ നടന്ന പ്രാര്‍ത്ഥനാ സംഗമത്തിനു അബൂദബി സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന് തങ്ങള്‍ നേതൃത്വം നല്കി.
കര്‍ണാടക എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ ഷഹീര്‍ ഹുദവി, യഹ്യ കോടലിപ്പെട്ട്, ഹസ്സന് ദാരിമി കബക്ക, സിറാജുദ്ദീന് പാര്ളടുക്ക, ശാക്കിര്‍ കൂര്ണ്ണടുക്ക, താഹ കൂര്ലൂര്, കാസര്‍കോട് എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ ഫൈസല്‍ സീതാംഗോളി, അഷ്റഫ് കാഞ്ഞങ്ങാട്, ടി.എച് അലി, ഷുഹൈബ്, അഷ്റഫ് പി.കെ എന്നിവര്‍ സംബന്ധിച്ചു.