Ⓜ️ health news : ആരോഗ്യമുള്ള ശരീരത്തിന് ശാരീരികമായി സജീവമാകേണ്ടത് പ്രധാനമാണ്. അതിന് ഏറ്റവും മികച്ച മാർഗം വ്യായാമം ചെയ്യുക എന്നതാണ്.
എന്നാല്‍ മിക്ക ആളുകള്‍ക്കുമുള്ള ഒരു സംശയമാണ് വ്യായാമം ചെയ്യേണ്ടതിന്‍റെ സമയപരിധി.
ആഴ്ചയില്‍ 150 മിനിറ്റാണ് വ്യായാമം ചെയ്യാനുള്ള സമയപരിധിയായി ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. അതായത് ആഴ്ചയില്‍ അഞ്ച് ദിവസം 30 മിനിറ്റ് നേരം വ്യായാമം പരിശീലിക്കാം.
അതില്‍ ഓട്ടം, നീന്തല്‍ തുടങ്ങിയ ഹൈ-ഇൻ്റൻസിറ്റി ഇൻ്റർവെല്‍ ട്രെയിനിങ് (HIIT) പോലുള്ള കൂടുതല്‍ ഊർജ്ജസ്വലമായ പ്രവർത്തനങ്ങളാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ആഴ്ചയില്‍ 75 മിനിറ്റായി അത് കുറയുന്നു. ഈ രീതിയെ മിനിമം ഇഫക്ടീവ് ഡോസ് എന്നാണ് പറയുന്നത്.
ഈ പ്രക്രിയയിലൂടെ പ്രമേഹം, ഹൃദ്രോഗം, ചില അർബദ സാധ്യതകള്‍ വരെ ചെറുക്കാനാകുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിക്കുന്നു.
2019 ല്‍ ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോർട്‌സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ദിവസവും 15 മിനിറ്റ് വ്യായാമം ചെയ്യുന്നത് ആയുർദൈർഘ്യം വർധിപ്പിക്കുമെന്ന് കണ്ടെത്തി. ചെറിയ ശാരീരിക പ്രവർത്തനങ്ങള്‍ പോലും മാറ്റങ്ങളുണ്ടാക്കുന്നവെന്ന് ഈ പഠനം തെളിയിക്കുന്നു.
150 മിനിറ്റ് റൂള്‍ മികച്ച അടിസ്ഥാനമാണെങ്കിലും നിങ്ങള്‍ എത്ര നേരം വ്യായാമം ചെയ്തു എന്നതിനെക്കാള്‍ ഉപരി എങ്ങനെ വ്യായാമം ചെയ്യുന്നു എന്നതിലാണ് കാര്യം.
അമേരിക്കൻ കോളജ് ഓഫ് സ്‌പോർട്‌സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ സൂചിപ്പിക്കുന്നത് കുറഞ്ഞ സമയത്തിനുള്ളില്‍ ഉയർന്ന തീവ്രമായ വർക്കൗട്ടുകള്‍ ചെയ്യുന്നത് സമാനമായ രീതിയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ്.
അതായത് 20 മിനിറ്റ് ഹൈ-ഇൻ്റൻസിറ്റി ഇൻ്റർവെല്‍ ട്രെയിനിങ് ചെയ്യുന്നത് 40 മിനിറ്റ് സാധാരണ വ്യായാമം ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ കലോറി നീക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനം പറയുന്നു.