ദുബൈ: കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ദുബൈയിലെ ജുമൈറ ബീച്ചിലാണ് അപകടം നടന്നത്.
ഇടുക്കി വാഗമണ്‍ ഏലപ്പാറ സ്വദേശി ഹാബേല്‍ അനില്‍ ദേശായ് (30) ആണ് മരിച്ചത്. ദുബൈയില്‍ ഒരു സ്വകാര്യ കമ്ബനിയില്‍ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.
അവധി ദിനമായതിനാല്‍ ഞായറാഴ്ച രണ്ട് കൂട്ടുകാർക്കൊപ്പം കുളിക്കാനായാണ് ബീച്ചിലേക്ക് പോയത്. നീന്തല്‍ അറിയാത്തതിനാല്‍ ഹാബേല്‍ കരക്കിരിക്കുകയായിരുന്നു. അല്‍പ സമയത്തിന് ശേഷം ഹാബേലിനെ കാണാതായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ചെങ്കില്‍ കണ്ടെത്താനായില്ല.
കടലില്‍ മുങ്ങിപ്പോയതായി സംശയം തോന്നിയതിനെ തുടർന്ന് കൂട്ടുകാർ ദുബൈ സിവില്‍ ഡിഫൻസില്‍ അറിയിക്കുകയായിരുന്നു. സിവില്‍ ഡിഫൻസ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് ഹാബേലിനെ കണ്ടെത്തിയത്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദുബൈ റാഷിദിയ പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
ദുബൈയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് സാമൂഹിക പ്രവർത്തകനായ നാസർ വാടാനപ്പള്ളി പറഞ്ഞു.
ഇടുക്കി ബേതല്‍ ഹൗസില്‍ ആബേലാണ് പിതാവ്. മാതാവ് അനിമോള്‍. സഹോദരി അഭിരാമി.