കൊച്ചി: തേവക്കലില്‍ പെണ്‍കുട്ടിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കങ്ങരപ്പടി കണിയാത്ത് വീട്ടില്‍ സുരേന്ദ്രന്റെ മകള്‍ അമൃത (19) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിവരെ പെണ്‍കുട്ടി മുറിയിലിരുന്ന് പഠിക്കുകയായിരുന്നുവെന്നും പിന്നീട് കാണാതായതായും മാതാപിതാക്കള്‍ പറയുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ വീടിന് താഴ്ഭാഗത്തുള്ള മുനിസിപ്പാലിറ്റി കുളത്തിന് സമീപത്ത് പെണ്‍കുട്ടിയുടെ ചെരുപ്പ് കണ്ടെത്തുകയായിരുന്നു.
പിന്നാലെ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം ആറ് മണിയോടെ പുറത്തെടുത്തത്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എടത്തല എംഇഎസ് കോളേജിലെ ബിബിഎ വിദ്യാർത്ഥിനിയാണ് അമൃത. മാതാവ്:ശ്യാമള, സഹോദരൻ: അതുല്‍ സുരേന്ദ്രൻ.
മലയാളി നഴ്സ് യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു
ലണ്ടൻ: മലയാളി നഴ്സ് യുകെയില്‍ കുഴഞ്ഞ് വീണ് മരിച്ചു. നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് തിരികെ യുകെയിലെത്തിയ സോണി സാറ ഐപ്പ് (39) ആണ് മരിച്ചത്. വോർസെറ്റ് ഷെയറിലെ റെഡ്ഡിച്ച് അലക്സാണ്ട്ര എൻഎച്ച്എസ് ആശുപത്രിയിലെ നഴ്സ് ആയിരുന്നു. കോട്ടയം ചിങ്ങവനം സ്വദേശിനിയാണ്.
കാലിന്റെ സർജറി സംബന്ധമായ ആവശ്യത്തിന് 10 ദിവസം മുൻപാണ് നാട്ടിലേക്ക് എത്തിയത്. സർജറിയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സാറ തിരികെ യുകെയില്‍ എത്തിയത്. പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. അടിയന്തര വെെദ്യസഹായം നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭർത്താവ്: അനില്‍ ചെറിയാൻ, മക്കള്‍: ലിയ, ലൂയിസ്.