കോലാപുർ: ‘പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളി മറ്റാരുമില്ല.’ കെ.ജി.എഫ്: ചാപ്റ്റർ 1 എന്ന ചിത്രത്തില്‍ യാഷ് അവതരിപ്പിച്ച റോക്കി ഭായ് എന്ന കഥാപാത്രം പറയുന്നതാണിത്.
ഈ വാചകം അന്വർഥമാക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ കോലാപുരില്‍ നടന്നത്. അക്രമികളെ തുരത്തിയോടിച്ച് സ്വന്തം മകനെ സംരക്ഷിച്ച അമ്മയാണ് ഈ സംഭവത്തിലെ ഹീറോ.
കോലാപുരിലെ ജയ്സിങ്പുരില് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. റോഡരികില്‍ സ്കൂട്ടറിലിരുന്ന് സമീപമുള്ള അമ്മയോട് സംസാരിക്കുകയായിരുന്ന യുവാവിനെയാണ് ഒരു സംഘം ഇരച്ചെത്തി ആക്രമിച്ചത്. സ്കൂട്ടറിലെത്തിയ മൂന്നുപേരാണ് യുവാവിനെ വാളുമായി ആക്രമിച്ചത്.
അക്രമം ആരംഭിച്ച ഉടൻ യുവാവിന്റെ അമ്മ മകനെ രക്ഷിക്കാനായി ഇടപെട്ടു. കല്ലുകള്‍ പെറുക്കി എറിഞ്ഞാണ് അമ്മ അക്രമികളെ ഓടിച്ചത്.
അമ്മയുടെ പ്രത്യാക്രമണം കണ്ട മകനും ഇതിനൊപ്പം ചേർന്നു. ഇരുവരും ചേർന്ന് പിന്നാലെ ഓടിയാണ് അക്രമികളെ തുരത്തിയോടിച്ചത്.
ആക്രമണത്തിന്റേയും അമ്മയുടെ പ്രത്യാക്രമണത്തിന്റേയും സി.സി.ടി.വി. ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ഇത് പ്രചരിക്കുകയാണ്.