കോഴിക്കോട്: കക്കാടംപൊയില്‍ റോഡില്‍ വീണ്ടും അപകടമരണം. കക്കാടംപൊയിലില്‍ നിന്നു മലയിറങ്ങി വന്ന കാര്‍ ആനക്കല്ലുംപാറ ജംക്ഷനു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം.
കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത് പറമ്ബ് ഷുക്കൂറിന്റെയും സലീനയുടെയും മകള്‍ ഫാത്തിമ മഖ്ബൂല (21) ആണു മരിച്ചത്. സഹോദരി: ശിഫ.
സ്ഥിരം അപകടമേഖലയാണ് ഇത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്ന ഓമശ്ശേരി തറോല്‍ മുഹസിന് (23) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കലുങ്കില്‍ ഇടിച്ചു തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. പരുക്കേറ്റവരെ അരീക്കോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതിയെ രക്ഷിക്കാനായില്ല.